ഒന്ന് ഉഷാറാവാന്‍ അല്‍പ്പനേരം ഗോള്‍ഫ് കളിച്ചേക്കാമെന്ന് കരുതി മൈതാനത്തെത്തുമ്പോള്‍ കളിയേക്കാള്‍ ത്രില്ലടിപ്പിക്കുന്ന മറ്റെന്തെങ്കിലും കണ്ടാല്‍ കളിക്കാന്‍ നില്‍ക്കുമോ അതോ ആ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ പോകുമോ? ഫ്‌ളോറിഡ സ്വദേശിയായ ചാര്‍ലീ ഹെംസിനും സംഭവിച്ചത് അതാണ്.

കൂട്ടുകാര്‍ക്കൊപ്പം ബുഫല്ലോ ക്രീക്ക് ഗോള്‍ഫ് മൈതാനത്തെത്തിയതായിരുന്നു ചാര്‍ലി. പെട്ടന്നാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. മൈതാനത്തിന് കുറുകെ ഒരു ഭീമന്‍ ചീങ്കണ്ണി നടന്നു നീങ്ങുന്നു. ഞാനിതിലൂടെ ഇഷ്ടം പോലെ നടക്കും. നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം എന്ന മട്ടില്‍ ആരെയും കൂസാതെയായിരുന്നു ആളുടെ പോക്ക്. മൈതാനത്തിനപ്പുറമുള്ള തടാകമായിരുന്നു ലക്ഷ്യം.

ഒട്ടും മടിക്കാതെ തന്നെ ചാര്‍ലി ആ കാഴ്ച പകര്‍ത്തി തന്റെ ഫേസ്ബുക്കിലിട്ടു. യൂട്യൂബിലേക്കും വീഡിയോ പിന്നീട് ഷെയര്‍ ചെയ്തു. മെയ് 25 ന് പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതുവരെ കണ്ടത് എഴുപത് ലക്ഷത്തിലേറെ പേരാണ്.