ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളുമെല്ലാം കൂടുതലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ പുതിയ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ ആറിരട്ടി അധികം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് കാരണം പ്രണയമാണെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പറയുന്നത്.

2001 മുതല്‍ 2015 വരെയുള്ള 15 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രണയവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളുടെ മാത്രം എണ്ണം 38585 ആണ്. ബന്ധപ്പെട്ട ആത്മഹത്യകളുടെ എണ്ണം 79,189 വരും. ഇതിനു പുറമെ തട്ടിക്കൊണ്ടുപോയവരുടെ എണ്ണം 2.6 ലക്ഷവുമാണെന്ന് കണക്കുകള്‍ പറയുന്നു. അതായത് ശരാശരി ഒരു ദിവസം ഏഴ് കൊലപാതകങ്ങളും 14 ആത്മഹത്യകളും 47 തട്ടിക്കൊണ്ടുപോകലുമെന്ന് ചുരുക്കം.

അതേസമയം ഈ കാലയളവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ആകെ എണ്ണം 20000 ആണ്. 

പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആന്ധ്രാപ്രദേശാണ്. പിന്നിലായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്ഥാനം പിടിക്കുന്നു. 

ആത്മഹത്യകളുടെ എണ്ണത്തില്‍ പഞ്ചിമബംഗാളാണ് മുന്‍നിരയില്‍. ഇവയില്‍  പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തവരും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രണയാഭ്യര്‍ഥന സ്വീകരിക്കാത്തതിന്റെ പേരില്‍ നടത്തിയ കൊലപാതകവും ഇതില്‍ നിരവധിയുണ്ട്.