ആലപ്പാട്: കൈയുംകാലും കെട്ടി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്ന രതീഷിന്റെ മോഹം സാക്ഷാത്കരിക്കാന്‍ ഒരു ഗ്രാമത്തിന്റെ പ്രാര്‍ഥനയും പിന്തുണയും. ഒന്നര ദശാബ്ദമായി കൈയുംകാലുംകെട്ടി സാഹസിക നീന്തല്‍രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി വരികയാണ് ചെറിയഴീക്കല്‍ സ്വദേശി രതീഷ് എന്ന യുവാവ്.
 
ഡോള്‍ഫിനുകളെ ഏറെ ഇഷ്ടപ്പെടുന്ന രതീഷ് കുട്ടിക്കാലംമുതല്‍ സാഹസിക നീന്തലിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഡോള്‍ഫിന്‍ രതീഷെന്ന് കൂട്ടുകാര്‍ പേരും നല്‍കി. 2000-ല്‍ കൈയും കാലുംകെട്ടി നീന്തല്‍ പരിശീലനം തുടങ്ങി.
 
2002-ല്‍ നീണ്ടകര അഴിമുഖത്ത് ആയിരങ്ങളെ സാക്ഷിനിര്‍ത്തി സാഹസിക നീന്തല്‍പ്രകടനം നടത്തി. കൈയുംകാലും കെട്ടി നീണ്ടകര പാലത്തില്‍നിന്ന് കായലിലേക്കുചാടി 500 മീറ്ററോളം നീന്തി. തുടര്‍ന്ന് കേരളത്തിലുടനീളം കടലിലും കായലിലും പുഴകളിലും സാഹസികപ്രകടനങ്ങള്‍ തുടര്‍ന്നു.

സാഹസിക നീന്തല്‍ താരമെന്നനിലയില്‍ മൂന്നുതവണ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനംനേടി. 16 മുതല്‍ 18 ഡിഗ്രിവരെ തണുപ്പുള്ള ഇംഗ്ലീഷ് ചാനലിലെ ജലത്തില്‍ കൈ-കാല്‍ ബന്ധിച്ച് നീന്തുകയെന്ന കഠിനദൗത്യം ഏറ്റെടുക്കാനുള്ള സാമ്പത്തികഭാരം രതീഷിനെ അലട്ടുകയായിരുന്നു.
 
എന്നാല്‍ ആലപ്പാട് സാന്ത്വനതീരത്തെ സ്‌നേഹനിധികളായ സുഹൃത്തുക്കളും ജനങ്ങളും ഒരേ മനസ്സുമായ് രതീഷിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. പരിശീലനത്തിനും രജിസ്‌ട്രേഷനുമായി 25 ലക്ഷത്തോളം രൂപ ചെലവുവരും.
 
പ്രാരംഭസഹായമായി ചെറിയഴീക്കല്‍ അരയവംശ പരിപാലന യോഗം പ്രസിഡന്റ് ആര്‍.രാജപ്രിയന്റെയും വിജ്ഞാനസന്ദായിനി ഗ്രന്ഥശാലാ പ്രസിഡന്റ് സത്യരാജന്റെയും സാന്നിധ്യത്തില്‍ ഒരുലക്ഷംരൂപ രതീഷ് സഹായസമിതിക്ക് സാന്ത്വനതീരം കൈമാറി.

കൈയുംകാലും ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ലോകചരിത്രം കുറിയ്ക്കാന്‍ കേരളത്തിന്റെ കടലോരഗ്രാമത്തിന്റെ പുത്രനുവേണ്ടി പ്രാര്‍ഥിക്കുകയാണ് കടലിന്റെ മക്കള്‍.

കൈകാല്‍ കെട്ടി ഇംഗ്ലീഷ് ചാനല്‍ നീന്തി ചരിത്രം സൃഷ്ടിക്കാനുള്ള ഡോള്‍ഫിന്‍ രതീഷിന്റെ ശ്രമങ്ങള്‍ക്കുള്ള പ്രാരംഭ സഹായധനം ചെറിയഴീക്കല്‍ വിജ്ഞാന സന്ദായിനി ഗ്രനഥശാലയില്‍ സാന്ത്വന തീരത്തിനുവേണ്ടി അരയവംശപരിപാലന യോഗം പ്രസിഡന്റ് ആര്‍.രാജപ്രിയനും ഗ്രന്ഥശാല പ്രസിഡന്റ് കെ.സത്യരാജനും രതീഷിന് കൈമാറുന്നു