ര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ആളുകള്‍ക്ക് കൃത്യമായി സേവനം ലഭിച്ചാല്‍ അഴിമതിയുടെ തോതു കുറയും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറും. അതിനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ വിജിലന്‍സ് യൂണിറ്റ്.

നഗരത്തിലെ രണ്ട് കോേളജുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വഴി അഴിമതിക്കെുനേരേയുള്ള പോരാട്ടത്തിന് വിജിലന്‍സ് തുടക്കംകുറിച്ചുകഴിഞ്ഞു. അനാവശ്യമായ സാങ്കേതികപ്രശ്‌നങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് കിട്ടേണ്ട സേവനം നിഷേധിക്കുന്നെങ്കില്‍, കൈക്കൂലി ആവശ്യപ്പെടുന്നെങ്കില്‍ നിങ്ങള്‍ക്ക് കോളേജുകളിലെ വിജിലന്‍സ്  ഹെല്‍പ്പ് ഡെസ്‌കുകളെ സമീപിക്കാം. അവര്‍ നിങ്ങളെ സഹായിക്കും. പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതും ചെയ്തുതരും.

നടക്കാവ് ഹോളിക്രോസ്, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലാണ് എന്‍.എസ്.എസ്സുമായി ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയത്. ഓരോ കോളേജിനും ഓരോ സര്‍ക്കാര്‍ ഓഫീസാണ് പ്രവര്‍ത്തനമേഖല. 

കോഴിക്കോട് കോര്‍പ്പറേഷന്‍, നാലു താലൂക്കുകളിലെയും റവന്യൂ ഓഫീസുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, കൃഷി ഓഫീസുകള്‍, പോലീസ്  സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആസ്പത്രികള്‍ എന്നിങ്ങനെ തരംതിരിച്ചത്. ഹോളിക്രോസിന് കോര്‍പ്പറേഷന്‍ ഓഫീസും  ഗുരുവായൂരപ്പന്‍ കോളേജിന് നഗരത്തിലെ പോലീസ് സ്റ്റേഷനുകളുമാണ് നല്‍കിയിരിക്കുന്നത്. ഈ രണ്ടിടങ്ങളിലെയും പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിക്കാം.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍

ഹോളിേക്രാസ്
9495352233

ഗുരുവായൂരപ്പന്‍ കോളേജ്
7510999658

ആദ്യഘട്ടത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ മുന്‍കൈയെടുത്തു  പരിഹരിക്കുന്നുണ്ട്. അല്ലാത്ത കാര്യങ്ങള്‍ വിജിലന്‍സിന് കൈമാറും. പൊതുജനങ്ങള്‍ക്ക് വിളിക്കാനായി    പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. എസ്.എം.എസായും വാട്സാപ്പ് മെസേജായും വിവരങ്ങള്‍ അറിയിക്കാം. ഫോണ്‍ അറ്റന്റ് ചെയ്യാനായി പകല്‍ സമയങ്ങളില്‍ സ്ഥിരമായി രണ്ടുപേര്‍ ഹെല്‍പ്പ് ഡെസ്‌കിലുണ്ടാവും. അന്‍പത് ദിവസത്തിലൊരിക്കലാണ് ഒരാള്‍ക്ക് ഊഴമെത്തുന്നത്. അതുകൊണ്ട്  കൂടുതല്‍  ക്ലാസുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാകും.  

മടപ്പള്ളി ഗവ. കോളേജ്, മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജ്, ചേളന്നൂര്‍ എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ അടുത്ത അധ്യയനവര്‍ഷത്തോടെ പദ്ധതി  തുടങ്ങും. ഈ മൂന്നു കോളേജുകളിലെയും സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്ന് ഇതിന് തുടക്കമിട്ട കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ജോസി ചെറിയാന്‍ പറഞ്ഞു.  കോളേജുകളില്‍ അന്‍പതുമുതല്‍ നൂറുവരെ സന്നദ്ധപ്രവര്‍ത്തകര്‍ വിജിലന്‍സ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുവായൂരപ്പന്‍ കോളേജില്‍ എന്‍.എസ്.എസിന്റെ രണ്ട് യൂണിറ്റുകള്‍ പങ്കാളികളാണ്. 

ഓരോ ഓഫീസിന്റെയും പ്രവര്‍ത്തനങ്ങള്‍,  നടപടിക്രമങ്ങള്‍, സേവനാവകാശനിയമം, വിവരാവകാശനിയമം എന്നിവയെക്കുറിച്ചെല്ലാമാണ്  വിജിലന്‍സ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. കോഴിക്കോട് വിജിലന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിഭാഗമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്റെ സഹകരണവുമുണ്ട്. ധന്യ, കെ. സുജേഷ്, നിഖില്‍, സജിത്ത്, ശ്രീകല, ഷിംജിത്ത് തുടങ്ങിയ ആറുപേരാണ് റിസര്‍ച്ച് ആന്‍ഡ്‌ െട്രയിനിങ് വിഭാഗത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും കോളേജുകളില്‍ ഇതുസംബന്ധിച്ച് അവലോകനയോഗങ്ങള്‍ നടക്കും. അവലോകനയോഗങ്ങളില്‍ ഓരോ പുതിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. ഇതിനുപുറമെ ഓരോ കോളേജിലെയും യൂണിറ്റുകളെ ബന്ധിപ്പിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. കോളേജുകള്‍ തമ്മില്‍ ആശയവിനിമയത്തിനാണിത്.

പരിഹാരത്തിനും അതിവേഗം
ഒരുമാസം മുന്‍പാണ് നടക്കാവ് ഹോളിക്രോസ് കോളേജില്‍ വിജിലന്‍സ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയത്. ദിവസവും പത്തുപേരെങ്കിലും ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാറുണ്ടെന്ന് എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് പറയുന്നു. ക്ഷേമപെന്‍ഷനുകള്‍, മാലിന്യംതള്ളല്‍ തുടങ്ങി നിരവധി പരാതികളാണെത്തുന്നത്. വീടിന് ഫണ്ടനുവദിച്ച്  രണ്ടാമത്തെ ഗഡുവിന് ഒന്നരവര്‍ഷം കാത്തിരുന്നിട്ടും  കിട്ടാതിരുന്ന വീട്ടമ്മയുടെ പരാതി 24മണിക്കൂര്‍കൊണ്ടാണ് പരിഹരിച്ചത്.

ഹെല്‍പ്പ് ഡെസ്‌കിലെ ഫോണില്‍ വീട്ടമ്മ പറഞ്ഞ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ വിജിലന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിഭാഗത്തിലെ ധന്യയെ അറിയിച്ചു. അവര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി പരിഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

അതുപോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരിയുടെ പെന്‍ഷന്‍ മറ്റൊരാള്‍ തട്ടിയെടുത്തെന്ന് പരാതിയുണ്ടായിരുന്നു. അത് വിജിലന്‍സ് അന്വേഷണത്തിന് കൈമാറി. വാര്‍ധക്യ പെന്‍ഷനു വര്‍ഷത്തിലധികം കാത്തിരുന്നിട്ടും കിട്ടാത്തവരുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിച്ചു.

അപ്പീല്‍ നല്‍കാനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തു. ഇതോടൊപ്പം കെട്ടിടനമ്പര്‍ കിട്ടാന്‍ വൈകുന്ന പരാതികളും വൃക്കരോഗികള്‍ക്ക് ചികിത്സാസഹായം എവിടെനിന്നു ലഭിക്കുമെന്നുള്ള അന്വേഷണങ്ങളും എത്തിയിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പരാതിവന്നപ്പോള്‍ ആരെയും കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ അത് നീക്കംചെയ്ത് മാതൃക കാണിക്കുകയും ചെയ്തു.

ഗുരുവായൂരപ്പന്‍ കോളേജില്‍ പോലീസ് സ്റ്റേഷനുകളെക്കുറിച്ചുള്ള പരാതികളായതിനാല്‍ വലിയ അന്വേഷണങ്ങളില്ല. പരാതി നല്‍കല്‍,  എഫ്.ഐ.

ആറുകളെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നിവയാണ് കൂടുതല്‍പേരും ചോദിക്കുന്നതെന്ന് ഗുരുവായൂരപ്പന്‍ കോളേജിലെ എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ മീര സലീഷ് പറയുന്നു. 
ആദ്യം ആളുകള്‍ക്ക് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം.

പക്ഷേ അര്‍ഹതപ്പെട്ട ഒരുപാടുപേര്‍ക്ക് സേനവങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നു മനസ്സിലാക്കിയതുകൊണ്ടാണ് അവ പരിഹരിക്കാനും വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുന്നതെന്ന് ഹോളിക്രോസ് കോളേജിലെ എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് പറയുന്നു.

ആശയം വിദ്യാര്‍ഥിനിയുടേത്

നടക്കാവ് ഹോളിക്രോസ്‌ ോളേജില്‍ അഴിമതിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. എങ്ങനെ ഓഫീസുകളിലെ കാലതാമസം കുറയ്ക്കാന്‍ ഇടപെടാമെന്ന ചോദ്യത്തിനുമുന്നില്‍ വിഷ്ന രാജന്‍ എന്ന എന്‍.എസ്.എസ്. വൊളന്റിയറാണ് കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പദ്ധതി മുന്നോട്ടുവെച്ചത്.

നല്ലതാണെന്ന് തോന്നിയതോടെ വിജിലന്‍സ് ഡയറക്ടറുമായി ചര്‍ച്ചചെയ്ത് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുകയായിരുന്നെന്ന് ജോസി ചെറിയാന്‍ പറഞ്ഞു. കോഴിക്കോട്ട് മാത്രമാണ് ഇങ്ങനെയൊരു സംവിധാനമുള്ളത്. നല്ല രീതിയില്‍ വിജയിച്ചാല്‍ സംസ്ഥാനവ്യാപകമാക്കാന്‍ പദ്ധതിയുണ്ട്.

അങ്ങനെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്,  കുട്ടികളെ ലഹരിയുടെയും മറ്റും ഉപയോഗങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാം എന്നിവപോലെ ഒരു പുതിയ ചുവടുവെയ്പിനും കോഴിക്കോട്ട് തുടക്കമായി. 

പൊതുജനങ്ങള്‍ക്ക് അറിവില്ലായ്മമൂലം സഹായം ലഭിക്കാത്ത അവസ്ഥ ഇല്ലാതാവുമെന്നതാണ് ഇതിന്റെ പ്രധാന പ്രയോജനം. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് ഓരോ സര്‍ക്കാര്‍ ഓഫീസിലെയും സേവനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. കുട്ടികളില്‍ അഴിമതിവിരുദ്ധമനോഭാവവും ഇതുവഴി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് സൂപ്രണ്ട് ജോസി ചെറിയാന്‍ പറഞ്ഞു.