കറ്റാനം(ആലപ്പുഴ): കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ രണ്ടാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ആര്‍ഷ് ആത്മഹത്യക്കുശ്രമിച്ച സംഭവത്തിലേക്ക് വഴിതുറന്നത് കാന്റീനിലെ മോശം ഭക്ഷണമെന്ന് മൊഴി.

സംഭവത്തെപ്പറ്റി ആര്‍ഷ് പോലീസില്‍ നല്‍കിയ മൊഴി ഇങ്ങനെ: കോളേജ് കാന്റീനില്‍ മോശമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞദിവസം പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ അനുവാദം വാങ്ങി ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ചു. തിരികെ വന്നപ്പോള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചവര്‍ ഹോസ്റ്റല്‍വിട്ടുപോകണമെന്ന് അധികൃതര്‍ പറഞ്ഞു.

അമ്മയോടും കോളേജ് അധികൃതര്‍ വിളിച്ച് ഈ വിവരം പറഞ്ഞു. അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറയുകയും കരയുകയും ചെയ്തു. മുമ്പ് വിദ്യാര്‍ഥിസംഘട്ടനമുണ്ടായപ്പോള്‍ നിരപരാധിയായ തന്റെ പേരില്‍ കേസെടുപ്പിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സാധാരണ മൊബൈല്‍ഫോണ്‍ മാത്രമുള്ള താന്‍ മൂന്നിലേറെ ഫോണ്‍ ഉപയോഗിക്കുന്നതായി വീട്ടില്‍ വിളിച്ചറിയിച്ചു. ഇക്കാരണങ്ങളില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കരുതെന്ന് പി.ടി.എ. യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത് ലംഘിച്ച വിവരം പ്രിന്‍സിപ്പല്‍ കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിക്കുക മാത്രമാണുണ്ടായതെന്ന് കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ വഴക്കുപറഞ്ഞതായും കുട്ടിയില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ഇരുപത് കുട്ടികളുടെ വീടുകളിലും വിളിച്ച് ഈ വിവരം പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. കോളേജ് മാനേജ്‌മെന്റിന് സംഭവവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.