resultചരിത്രം എഴുത്തിനുപറ്റിയ കാന്‍വാസാണെന്ന തോന്നലില്‍ നിന്ന് എഴുത്തിലേക്കുകടന്ന വിദ്യാര്‍ഥി. ഒരു മുന്നൊരുക്കങ്ങളുമില്ലാതെ എഴുതിത്തുടങ്ങിയ ആ വിദ്യാര്‍ഥി ഇപ്പോള്‍ തന്റെ രണ്ടാമത്തെ ഇംഗ്ലീഷ് നോവലും പ്രസിദ്ധീകരിച്ചു. 

ശ്രീകാര്യം സി.ഇ.ടി.യിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ദേവദാസ് ആര്‍. ആണ് തന്റെ രണ്ടാമത്തെ ഇംഗ്ലീഷ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ആദ്യ നോവല്‍ 'ദ ഡെസ്പൈസ്ഡ് സോള്‍സ്' പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പ്രസിദ്ധീകരിച്ചത്. 

ഇപ്പോള്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ജര്‍മനിയിലെയും റഷ്യയിലെയും സമ്പന്ന വര്‍ഗക്കാരുടെ ജീവിതം പറയുന്ന പുസ്തകവുമായിട്ടാണ് ദേവദാസ് വീണ്ടും എത്തിയിരിക്കുന്നത്. 'എക്കോസ്' എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.കുഞ്ഞിക്കൃഷ്ണനാണ്. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി പ്രൊഫ. ജി.എന്‍.പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

വായന തന്ന ആത്മവിശ്വാസമാണ് എഴുതണമെന്ന തോന്നലുണ്ടാക്കിയതെന്ന് ദേവദാസ് പറയുന്നു. മുന്‍കൂട്ടി തീരുമാനിച്ചല്ല എഴുത്തിലേക്ക് തിരിഞ്ഞതും വിഷയം തിരഞ്ഞെടുത്തതും. കൈകാര്യംചെയ്യാന്‍ ഇംഗ്ലീഷാണ് നല്ലതെന്നു തോന്നിയതിനാലാണ് ഇംഗ്ലീഷില്‍ എഴുതിയത്.

വായിക്കുന്ന പുസ്തകങ്ങളിലേറെയും ക്ലാസിക്കുകള്‍ ആണെന്നും ദേവദാസ് പറയുന്നു. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ബുക്ക് മാര്‍ക്ക് വില്പന ഏറ്റെടുത്തിട്ടുണ്ട്. സംരംഭകനായ വി.രാമകൃഷ്ണന്റെയും ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ പി.വി.അനുരാധയുടെയും ഏകമകനാണ് ദേവദാസ്.