കാസര്‍കോട്: ലോക നാടകദിനത്തിന്റെ ഭാഗമായി കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നാടകം അവതരിപ്പിക്കുന്നു. കര്‍ണാടക നാടക അക്കാദമിയുടെ നേതൃത്വത്തില്‍ 27-ന് വൈകിട്ട് അഞ്ചരയ്ക്കാണ് നാടകം അരങ്ങേറുക. ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡല രചിച്ച കന്നട നാടകമാണ് അരങ്ങിലെത്തുക.
ഏറെക്കാലത്തിനുശേഷമാണ് 'സന്ധ്യാരാഗ'ത്തില്‍ നാടകം അവതരിപ്പിക്കുന്നത്. രവിരാജ് എച്ച്.പി. ഉഡുപ്പി സംവിധാനം നിര്‍വഹിച്ച നാടകം അരങ്ങിലെത്തിക്കുന്നത് ഉഡുപ്പി രംഗഭൂമിയാണ്.
വൈകിട്ട് 5.30ന് പ്രശസ്ത നാടകസംവിധായകന്‍ പ്രദീപ്ചന്ദ്ര കുത്ത്പാടി ഉദ്ഘാടനം ചെയ്യും. ഡോ. രത്‌നാകര മല്ലമൂല ലോക നാടകദിന സന്ദേശം നല്‍കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയാകും. പത്രസമ്മേളനത്തില്‍ കര്‍ണാടക നാടകഅക്കാദമി അംഗം ഉമേഷ് എം.ശാലിയന്‍, ജഗന്നാഥ ഷെട്ടി, ഭാരതി, ദിവാകര അശോക്‌നഗര്‍, സുരേഖ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.