വൈഗ ഒഴുകുന്നു

പി.എസ്. കൃഷ്ണകുമാര്‍

വൈഗ തമിഴ്‌നാട്ടിലെ ഒരു നദിയാണ്. ഏറേ പ്രശസ്തമായ നദി. ഈ നദിയുടെ പേരിലുള്ള ഒരു യുവനടിയെ മലയാളം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ മലയാളവുംകടന്ന് തമിഴിലേക്കൊഴുകാന്‍ തുടക്കംകുറിച്ചിരിക്കയാണ്. പാലാ എടേത്ത് ഹണി റോസ് ജോസഫ് എന്ന വൈഗയുടെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പുതുമുഖ സംവിധായകനും നടീനടന്മാരുമൊക്കെയായി ഏറെ പ്രതീക്ഷയോടെ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയാണ് 'കലൈവാണി', കലൈവാണി എന്നുതന്നെയാണ് കഥാപാത്രത്തിന്റെയും പേര്. ഗ്രാമീണ സ്വഭാവമുള്ള കഥാപാത്രമാണ് ഇത്.

മലയാളത്തില്‍ വൈഗ ഇതുവരെ പൂര്‍ത്തിയാക്കിയത് ഒമ്പത് ചിത്രങ്ങളാണ്. ഇതില്‍ അഞ്ചെണ്ണം പുറത്തിറങ്ങാനിരിക്കയാണ്. ഇരുത്തംവന്ന വേഷങ്ങളാണ് ഇവയിലെല്ലാം. മികച്ചതെന്ന് ചിത്രീകരണ ഘട്ടത്തിലേ വിശേഷിപ്പിച്ചിരുന്ന ഫാറൂഖ് അബ്ദുള്‍റഹ്മാന്‍ സംവിധാനംചെയ്ത 'കളിയച്ഛന്‍', മുകേഷ് നായകനായ 'എന്റെ സിനിമ', ദീപന്‍ സംവിധാനം ചെയ്ത 'സിം', രൂപേഷ് പോളിന്റെ 'രക്തരക്ഷസ്സ്' എന്നിവ ഇവയില്‍ മുഖ്യമായവയാണ്. മനോജ് കെ. ജയന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത വേഷങ്ങളില്‍ പ്രമുഖമായിരുന്നു 'കളിയച്ഛനി'ലേത്. വൈഗയുടെ വേഷവും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. 'എന്റെ സിനിമ'യില്‍ മുതിര്‍ന്ന വേഷം ചെയ്യാനും കഥാപാത്രത്തിന്റെ മേന്മ മാത്രം മുന്നില്‍ക്കണ്ട് ഇമേജ് ഭ്രമത്തിന്റെ പുറന്തോട് പൊട്ടിച്ചെറിയാനും ഈ യുവനടിക്കായി. 'കലൈവാണി'യുടെ ചിത്രീകരണത്തിനിടെ വൈഗ മനസ്സ് തുറന്നു.

കളിയച്ഛന്‍, എന്റെ സിനിമ-ഓഫ്‌സീറ്റ് സ്വഭാവത്തിലുള്ള പടങ്ങളിലൂടെയാണല്ലോ സിനിമായാത്രയുടെ ഈ ഘട്ടം?


നല്ല സിനിമയുടെ ഭാഗമാകുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് ഇമേജ് എനിക്കൊരു ഭാരമല്ല. 'എന്റെ സിനിമ'യില്‍ മുകേഷേട്ടന്റെ നായികയാണ്. പ്രായംചെന്ന വേഷത്തിലുള്ള സീനുകളുണ്ട്. 'കേരള കഫേ' പോലെ, നാലുചിത്രങ്ങള്‍ ചേര്‍ന്ന ഒരു സിനിമയാണിത്. മുകേഷ് നടനായിത്തന്നെ അഭിനയിക്കുന്ന നാലുചിത്രങ്ങളിലൊന്നില്‍ സിനിമാനടിയായിത്തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. നായികാവേഷം മാത്രമേ ചെയ്യൂ എന്ന വാശിയുമില്ല. 'രക്തരക്ഷസ്സി'ല്‍ എനിക്ക് കുറച്ച് ഭാഗമേയുള്ളൂ. പക്ഷേ, ശ്രദ്ധിക്കുന്ന വേഷമാണ്. ഇടയ്ക്കുവെച്ച് മരിച്ചുപോകുന്ന കഥാപാത്രമാണ് എന്റേത്.

സിനിമയിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?


വളരെ ആകസ്മികമായാണ് ഞാന്‍ സിനിമയിലെത്തുന്നത്. കോയമ്പത്തൂരില്‍ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലാലേട്ടന്റെ 'ഭ്രമര'ത്തിലെ ചില സീനുകള്‍ അവിടെ ചിത്രീകരിക്കുന്നതായി അറിഞ്ഞത്. കുട്ടിക്കാലം മുതല്‍തന്നെ ലാലേട്ടന്റെ ഫാനാണ് ഞാന്‍. ലക്ഷ്മീഗോപാലസ്വാമിയുടെ കഥാപാത്രത്തിന്റെ ഫ്ലാറ്റില്‍ ലാലേട്ടന്‍ എത്തുന്നതും മറ്റുമായ രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. അവിടെവെച്ച് പുള്ളിയെ പരിചയപ്പെട്ടു. പിന്നെ ദിവസങ്ങള്‍ക്കകംതന്നെ 'കാസനോവ'യിലേക്ക് പുള്ളി നേരിട്ട്‌വിളിച്ചു. എന്നാല്‍, പ്രോജക്ട് നീണ്ടുപോയ ഗ്യാപ്പില്‍ ലാലേട്ടന്‍ പിന്നീടുചെയ്ത പടം 'അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്'ആണ്. ഇതിലേക്കും എനിക്ക് ക്ഷണംകിട്ടി. അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. അങ്ങനെ ഈ ചിത്രത്തിലൂടെ ഞാന്‍ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ചു.

എന്തായിരുന്നു വേഷം?


സുധാചന്ദ്രന്റെ കഥാപാത്രത്തിനൊപ്പം അവരുടെ ഫ്ലാറ്റിലുള്ള യുവതിയുടെ വേഷമാണ് അവതരിപ്പിച്ചത്. ലാലേട്ടനൊപ്പം കോമ്പിനേഷന്‍ സീന്‍ വന്നപ്പോള്‍ ഞാനാകെ ടെന്‍ഷനായി. അക്ഷരാര്‍ഥത്തില്‍ മുട്ടുകൂട്ടിയിടിക്കുന്ന അവസ്ഥ. ലാല്‍സാര്‍ ധൈര്യംതന്നു. തികഞ്ഞ സഹകരണവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

അതിനുശേഷം ഒരു ചെറിയ ഗ്യാപ്പുണ്ടായോ?


പിന്നെ ഒരു വര്‍ഷം ഞാന്‍ മോഡലിങ് രംഗത്തായിരുന്നു. അതിനുശേഷമാണ് മമ്മൂക്ക, സുരേഷേട്ടന്‍ എന്നിവര്‍ക്കൊപ്പം 'കിങ് ആന്‍ഡ് കമ്മീഷണര്‍', ബിജുവേട്ടന്‍, ചാക്കോച്ചന്‍ എന്നിവര്‍ക്കൊപ്പം 'ഓര്‍ഡിനറി' എന്നീ ചിത്രങ്ങള്‍ ചെയ്തത്. 'ഓര്‍ഡിനറി' യില്‍ ബിജുവേട്ടന്റെ കാമുകി വേഷമായിരുന്നു. ഏറെ അഭിനന്ദനംലഭിച്ച വേഷമായിരുന്നു ഇത്. 'ഓര്‍ഡിനറി' യുടെ വമ്പന്‍ ജയം എനിക്കും ഭാഗ്യം നേടിത്തന്നു.

വൈഗ എന്ന പേര് ലഭിച്ചത് എങ്ങനെയാണ്?


'അലക്‌സാണ്ടര്‍ ദ ഗ്രേറ്റില്‍' ഹണിറോസ് ജോസഫ് എന്ന പേരില്‍ത്തന്നെയാണ് അഭിനയിച്ചത്. എന്നാല്‍, അതേപേരില്‍ മറ്റൊരു നടിയുണ്ടായിരുന്നതിനാല്‍ പേര് മാറ്റാന്‍ തീരുമാനിച്ചു. 'ഓര്‍ഡിനറി'യില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അവരാണ് പേര് മാറ്റണമെന്ന് ആദ്യം നിര്‍ദേശിച്ചത്. ഇഷ്ടമുള്ള പേര് സ്വീകരിച്ചോളാന്‍ പറഞ്ഞു. കുട്ടിക്കാലത്തേ എന്നെ ആകര്‍ഷിച്ച പേരായിരുന്നു വൈഗ എന്നത്. അതിനാല്‍ ആ പേരുതന്നെ സ്വീകരിച്ചു. ഷാജിയേട്ടന്റെ 'ടൈമി'ല്‍ വിമലാരാമന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേരുകൂടിയാണ് വൈഗ. അക്കാര്യവും മനസ്സില്‍ കിടപ്പുണ്ടായിരുന്നു. പിന്നെ ഇത്തരം പേര്‍ എല്ലാവരും ഓര്‍ത്തിരിക്കും എന്ന് ഉറപ്പാണ്.

പുതിയ പ്രോജക്ടുകള്‍?


മലയാളത്തില്‍ രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മനോജേട്ടന്‍ നായകനായ ചിത്രമാണ് ഇതിലൊന്ന്. ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങും. കൈലാഷ്-ടിനിടോം എന്നിവര്‍ നായകരായ മറ്റൊരു പ്രോജക്ടിലേക്കും കരാറായിട്ടുണ്ട്.

അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും വേഷങ്ങളുണ്ടോ?


ഫീമെയില്‍ ഓറിയന്റഡായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. രാജാവും രാജ്ഞിയും ഒക്കെയുള്ള ടൈപ്പ് ചിത്രങ്ങളില്‍ അഭിനയിക്കാനും താത്പര്യമുണ്ട്. 'അരുന്ധതി' എന്ന ചിത്രത്തില്‍ അനുഷ്‌കചെയ്ത വേഷം, '22 ഫീമെയില്‍ കോട്ടയ'ത്തില്‍ റിമ ചെയ്ത വേഷം. ഇത്തരം വേഷങ്ങള്‍ ചെയ്യാനും താത്പര്യമുണ്ട്.

പിന്നെ ലാലേട്ടന്റെകൂടെ ഒരുചിത്രംകൂടി ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ട്. 'ഉസ്താദ്' എന്ന ചിത്രത്തില്‍ ദിവ്യാഉണ്ണി-ലാലേട്ടന്‍ രസതന്ത്രം ഏറെ ഹിറ്റായിരുന്നില്ലേ. അദ്ദേഹത്തിനൊപ്പം അത്തരം വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. മലയാളത്തില്‍ പേരെടുത്തിട്ടുമാത്രം മറ്റു ഭാഷയില്‍ സജീവമാകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.