പാട്ടിന്റെ 'പാതിരാമണല്‍' കടന്ന്‌

എന്‍.കെ. ശശി

ചേട്ടന് അധ്യാപകന്‍ ചൊല്ലിക്കൊടുത്ത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ എപ്പോഴോ മനസ്സിലുറപ്പിച്ച അനുജത്തി. അക്ഷരമുറയ്ക്കുംമുമ്പേ അവള്‍ പാടിയ ഈരടികളിലെ സ്വരശുദ്ധി തിരിച്ചറിഞ്ഞവര്‍ക്ക് കൗതുകം. അഞ്ചാംവയസ്സില്‍ നൂറിലേറെ പേര്‍ പങ്കെടുത്ത പാട്ടുമത്സരത്തിലെ വിജയി.

പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങള്‍, പാട്ടിനെ പാട്ടിലാക്കിയ മൃദുലവാര്യര്‍ എന്ന ഗായികയിലേക്കുള്ള വഴികളായിരുന്നു. അനുമോദനങ്ങളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും സംഗീതത്തിന്റെ അപാരതീരമണയാന്‍ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന ചിന്തയാണ് മൃദുലയുടെ മുഖമുദ്ര.

പാട്ടിലേക്കെത്തിയത്


ചേട്ടനെ ഗുരു പാട്ട് പഠിപ്പിക്കുന്നത് ചെറുപ്പം മുതല്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പിന്നീട് റേഡിയോവിലും മറ്റും കേള്‍ക്കുന്ന പാട്ടുകള്‍ ഉറക്കെ പാടുമായിരുന്നു. ഇത് കേട്ട അച്ഛനമ്മമാര്‍ ഏറെ പ്രോത്സാഹിപ്പിച്ചു. സംഗീതാലാപനപരിപാടികള്‍ക്കൊക്കെ പങ്കെടുപ്പിച്ചു. ഒന്നാംക്ലാസിലായപ്പോള്‍ത്തന്നെ സംഗീതപഠനവും കൂടെ കൂട്ടി. സ്‌കൂള്‍ കലോത്സവവേദികളില്‍ സമ്മാനിതയായതോടെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു. എട്ടാംക്ലാസ് മുതല്‍പഠിച്ച മീഞ്ചന്ത ഹൈസ്‌കൂളിലെ അധ്യാപകര്‍ തന്ന പിന്തുണയെ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു മൃദുല. ഈ കാലത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ലളിതഗാനം, കഥകളിസംഗീതം എന്നീ ഇനങ്ങളിലെ സ്ഥിരം വിജയിയായിരുന്നു മൃദുല.

ഗുരുക്കന്മാര്‍, പ്രചോദനം


വീട്ടുകാര്‍ പുലര്‍ത്തിയ ശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ് തന്റെ ജീവിതം ഇത്ര നിറമുള്ളതായതെന്ന് മൃദുല പറയുന്നു.അച്ഛന്‍ രാമന്‍കുട്ടി വാര്യരുടെയും അമ്മ വിജയലക്ഷ്മി വാരസ്യാരുടെയും പിന്തുണയെ മൃദുല എടുത്തുപറയുന്നു. പാലാ സി.കെ. രാമചന്ദ്രന്‍, കാവുംവട്ടം വാസുദേവന്‍, മധു കോട്ടയ്ക്കല്‍ തുടങ്ങിയവരുടെ ശിഷ്യത്വവും അനുഗ്രഹവും പാട്ടുവഴികളില്‍ തന്റെ കരുത്തായത് മൃദുല തിരിച്ചറിയുന്നു.

സംഗീത റിയാലിറ്റി ഷോ


അവസരങ്ങളുടെ അനന്തസാധ്യതകള്‍ തുറക്കുന്ന ചാനല്‍ റിയാലിറ്റി ഷോകളിലൂടെയാണ് മൃദുല ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൈരളി, അമൃത, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലെല്ലാം മൃദുല തന്റെ ആലാപനമാധുര്യംകൊണ്ട് ശ്രദ്ധേയയായി.

പിന്നണിഗാനങ്ങള്‍


അമൃതയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ സംവിധായകന്‍ കമല്‍ തന്റെ 'ഗോള്‍' എന്ന സിനിമയിലേക്ക് മൃദുലയെ പാടാന്‍ ക്ഷണിക്കുകയായിരുന്നു. ആ സിനിമയില്‍ പാടാനും ഒപ്പം അഭിനയിക്കാനുംകൂടെ മൃദുലയ്ക്ക് അവസരം ലഭിച്ചു. പിന്നീട് ബിഗ്ബി, ഏഴാം സൂര്യന്‍, അപ്പ് ആന്‍ഡ് ഡൗണ്‍, 916, യുടേണ്‍, പാതിരാമണല്‍, ഗോഡ്‌ഫോര്‍ സെയില്‍, ഇവന്‍ മേഘരൂപന്‍, കളിമണ്ണ് തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ മൃദുല ഇതിനകം പിന്നണി പാടിക്കഴിഞ്ഞു.

'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലെ 'ഓ.. മറിമായം' എന്നു തുടങ്ങുന്ന ഗാനവും '916'ലെ 'ചെന്താമരത്തേനോ' എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്വേതാ മേനോന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന 'കളിമണ്ണ്' എന്ന ചിത്രത്തിലെ ഗാനം ഈ ഗായികയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുമുണ്ട്.

പുരസ്‌കാരങ്ങള്‍... സ്വപ്നങ്ങള്‍


വിവിധ ചാനലുകളിലെ റിയാലിറ്റി ഷോ പുരസ്‌കാരങ്ങള്‍ക്കു പുറമേ കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്‌പെയര്‍ ഫിലിം അവാര്‍ഡും ഈ ഗായികയെ തേടിയെത്തുകയുണ്ടായി.

എ.ആര്‍. റഹ്മാനെയും ഇളയരാജയെയും ഏറെ ആരാധിക്കുന്ന ഗായിക അവരുടെ സംവിധാനത്തില്‍ ഒരു പാട്ട് പാടാനുള്ള ആഗ്രഹവും മറച്ചുവെക്കുന്നില്ല.

പുതിയ വഴികളിലേക്ക്


കുഞ്ഞുനാള്‍ മുതല്‍ പാട്ടായിരുന്നു മൃദുലയ്ക്ക് കൂട്ട്. എന്നാല്‍, ഇനി മുതല്‍ ഒരു കൂട്ടുകൂടിയുണ്ടാവും അവളുടെ ജീവിതത്തില്‍. അരുണ്‍ ബി. വാര്യര്‍ എന്ന ആയുര്‍വേദ ഡോക്ടറുടെ 'ജീവിതരാഗ'മാവാനൊരുങ്ങുകയാണ് മൃദുല. കോഴിക്കോട് കാരപ്പറമ്പിലെ സി. ബാലചന്ദ്ര വാര്യരുടെയും വസന്ത വാരസാ്യരുടെയും മകനായ അരുണ്‍ ജനവരി 7-ന് മൃദുലയ്ക്ക് മിന്നുകെട്ടും.

ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ നേടിയ ഉയര്‍ന്ന വിജയത്തിന്റെ മധുരമാഘോഷിക്കുമ്പോഴും പാട്ട് വിട്ടൊരു ചിന്ത മൃദുലയ്ക്കില്ല. പാട്ടുവഴിയില്‍ ഇനിയുമേറെ നടക്കാനുണ്ടെന്ന ഉറച്ച ബോധ്യത്തോടെ മൃദുല തന്റെ സംഗീതയാത്ര തുടരുകയാണ്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.