റു ദിവസത്തെ ജോലിയുടെ മടുപ്പിന് ശേഷം ഏഴാം നാള്‍ ഒരു വ്യക്തി ചിന്തിക്കുന്നതെന്താകും? ഒരു ചിത്രകാരനെ സംബന്ധിച്ച് മനസ്സില്‍ പലപ്പോഴായി കൂട്ടിവെച്ച ആശയങ്ങളും യാത്രക്കിടയില്‍ കണ്ട കാഴ്ച്ചകളും കാന്‍വാസിലേക്ക് പകര്‍ത്താനുള്ളതാകും ആ ഒരു ദിവസം.

ഇങ്ങനെ ഓരോ ആഴ്ച്ചക്കൊടുവിലും കാന്‍വാസിലേക്ക് പകര്‍ത്തിയ ഛായങ്ങളുടെ പ്രദര്‍ശനമാണ് സന്തോഷ് ആര്‍.വി എന്ന യുവചിത്രകാരന്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വീക്കെന്റ് ഹ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ 23 ചിത്രങ്ങളാണുള്ളത്.  അക്രിലിക്, ക്യാന്‍വാസ്, പേപ്പര്‍, ചാര്‍കോള്‍, പേന, പെന്‍സില്‍ എന്നീ മാധ്യമങ്ങളിലാണ് ചിത്രരചന നടത്തിയിരിക്കുന്നത്. 

ഒരൊറ്റ ചിത്രത്തിനും സന്തോഷ് അടിക്കുറിപ്പോ പേരോ നല്‍കിയിട്ടില്ല. ഇതിനും ചിത്രകാരന് വ്യക്തമായ കാരണമുണ്ട്. ചിത്രങ്ങള്‍ക്ക് പേരോ വിവരണമോ നല്‍കുമ്പോള്‍ ആസ്വാദകന്‍ അതിര്‍വരമ്പുകള്‍ക്ക് അകത്ത് അകപ്പെടുകയും ആ തടവറയില്‍ നിന്നാകും പിന്നെ അയാള്‍ ചിത്രങ്ങളെ ആസ്വദിക്കുന്നതെന്നും സന്തോഷ് പറയുന്നു. 

weekend hues

''ശരിയായ കലാസ്വാദനം ഒരു സൃഷ്ടിയാണ്. മനസില്‍ നിലനില്‍ക്കുന്ന ബിംബങ്ങളുടെ ഉടച്ചുവാര്‍ക്കല്‍. നിറങ്ങളുടെ താളം ഈ സൃഷ്ടികര്‍മത്തെ ത്വതിരതപ്പെടുത്തുന്നു. വീക്കെന്റ് ഹ്യൂസ് നിറങ്ങളുണ്ടാക്കുന്ന അമൂര്‍ത്ത പാതയിലൂടെയുള്ള യാത്രയാണ്. ഇവിടെ പ്രേക്ഷകര്‍ക്ക് ഓരോ ചിത്രത്തിന് മുന്നിലിരിക്കുമ്പോഴും വ്യത്യസ്തമായി ആസ്വദിക്കാന്‍ കഴിയും. ഇതിനായുള്ള അര്‍ഥ നിര്‍മാണത്തിന് മനസ് അവരുടെ മുന്നറിവിനെയും അനുഭവങ്ങളെയും പ്രയോജനപ്പെടുത്തുന്നു.''-സന്തോഷ് ചൂണ്ടിക്കാട്ടുന്നു.

weekend hues

മാര്‍ച്ച് 17ന് ആരംഭിച്ച ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്‌ ചിത്രകാരി കബിത മുഖോപാധ്യായയാണ്. 23ന് പ്രദര്‍ശനം അവസാനിക്കും. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ആര്‍.വി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ജേണലിസം അധ്യാപകനാണ്. 

weekend hues

weekend hues