തിരുവനന്തപുരം: സ്വകാര്യ പ്രസിന് ലോട്ടറി അച്ചടിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ നിയന്ത്രിത പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാന ലോട്ടറി സിഡ്‌കോയുടെ മറവില്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ സി-ആപ്റ്റ് ജീവനക്കാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വിവാദ ഉത്തരവിന് പിന്നില്‍ കോടികളുടെ അഴിമതിയാണുള്ളത്. ഇടതുപക്ഷ സര്‍ക്കാരാണ് സി-ആപ്റ്റിനെ ആധുനികവത്കരിച്ച് ലോട്ടറി അച്ചടിക്കാനുള്ള ചുമതല സ്ഥാപനത്തെ ഏല്പിച്ചത്.
ആ ചുമതലയില്‍ നിന്ന് സി-ആപ്റ്റിനെ മാറ്റുന്നത് സ്ഥാപനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.ജയന്‍ ബാബു, ബി.സത്യന്‍ എം.എല്‍.എ, എസ്.എസ്.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.