'ളിക്കാനൊന്നും സമയം കിട്ടാറില്ല,  കളിച്ചിട്ടില്ല എന്ന് തന്നെ പറയാം എനിക്കാകെ അറിയുന്നത് സച്ചിനേയും ധോണിയേയും മാത്രമാണ്. ' മെഡിക്കല്‍ എന്‍ട്രന്‍സില്‍ 14-ാം റാങ്ക് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ശരത് വിഷ്ണുവെന്ന കൗമാരക്കാരന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒന്ന് അതിശയപ്പെടും. ഇന്നത്തെ കാലത്ത് ക്രിക്കറ്റ് താരങ്ങളെ പോലും അറിയാത്ത ഒരു കൗമാരക്കാരനോ?  എന്നാല്‍ ശരത്തിന്റെ സാഹചര്യങ്ങള്‍ അറിയുമ്പോള്‍ അതിശയം ആദരവിലേക്ക് വഴിമാറും. 

സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടതകളും കുന്നോളമുണ്ട് ഷൊര്‍ണൂര്‍ വാടനാംകുറിശ്ശി കല്ലിടുമ്പില്‍ സുധാകരന്‍- ശാരദ ദമ്പതിമാരുടെ മൂത്തമകനായ ശരത്തിന്. അയല്‍ക്കാരന്റെ മതിലിനോട് ചേര്‍ത്ത് പണിതുയര്‍ത്തിയ ഒറ്റമുറി ചായ്പിനുള്ളിലാണ് ശരത്തും സഹോദരിയും അച്ഛനും അമ്മയും ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ താമസം. വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ പാല്‍ വിറ്റ് കിട്ടുന്ന വരുമാനത്തില്‍ നിന്നുവേണം ശരത്തിനും അനിയത്തിക്കും പഠിക്കാനുള്‍പ്പടെയുള്ള ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍.

Sarath And cow
കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായ പശുക്കള്‍ക്കരികില്‍ ശരത്. ചിത്രം: പ്രവീഷ് ഷൊർണൂർ

അച്ഛന് സുഖമില്ലാതിരിക്കുന്നതിനാല്‍ പശുവിന് പുല്ലരിയാനും സമീപവീടുകളില്‍ നിന്ന് കഞ്ഞിവെള്ളമെടുക്കാനും രാവിലേയും വൈകീട്ടും പാല്‍കൊടുക്കാനും ശരത് തന്നെ പോണം. അതിനിടയില്‍ കിട്ടുന്ന ഇത്തിരി നേരംകൊണ്ടാണ് പഠനം. ഹോം വര്‍ക്കും പഠിക്കാനുള്ളതും സ്‌കൂളിലെ ഇന്‍ര്‍വെല്‍ സമയത്തും ഒഴിവുവേളകളിലും ചെയ്ത് തീര്‍ക്കും. 'പത്താംക്ലാസിലും പ്ലസ്ടുവിനും പഠിക്കുമ്പോള്‍ ഞാന്‍ വീട്ടിലിരുന്ന് പഠിക്കാറേയില്ല. എന്‍ട്രന്‍സ് കോച്ചിംഗിന് പോയിത്തുടങ്ങിയതോടെയാണ് വീട്ടിലിരുന്ന് വായിക്കാന്‍ തുടങ്ങിയത്.' ശരത് പറയുന്നു.

എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും പ്ലസ്ടുവിന് അഞ്ച് വിഷയങ്ങളില്‍ എ പ്ലസും നേടി മികച്ച വിജയമാണ് ശരത് കരസ്ഥമാക്കിയത്. മകന്‍ ഡോക്ടറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശരത് തയ്യാറെടുത്തത്.

'എനിക്ക് പോലീസാകാനായിരുന്നു ഇഷ്ടം. എന്നെ ഒരു ഡോക്ടറാക്കണമെന്ന് അമ്മയാണ് ആഗ്രഹിച്ചത്. പിന്നെ അമ്മയുടെ ആഗ്രഹം എന്റെ കൂടി ആഗ്രഹമായി.' ശരത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അമ്മ ശാരദയുടെ കണ്ണകള്‍ നിറയുന്നു. 'എല്ലാം ദൈവാനുഗ്രഹമാണ്. സന്തോഷവും സങ്കടവും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിലാണിപ്പോ.'  ഇടറിയ വാക്കുകളില്‍ ശാരദയും സന്തോഷം പങ്കുവച്ചു.

Sarath's Home
ശരത്തിന്റെ വീട്. ചിത്രം: പ്രവീഷ് ഷൊർണൂർ

ഒന്നുമുതല്‍ ഏഴുവരെ പരുത്തപ്ര മുനിസിപ്പല്‍ എ.യു.പി സ്‌കൂളിലും ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിലുമാണ് ശരത് പഠിച്ചത്. കണക്കായിരുന്നു ശരത്തിന്റെ ഇഷ്ട വിഷയം. സ്‌കൂളിലെ ഗണിതശാസ്ത്ര ക്‌ളബ്ബിലെ അംഗമായിരുന്ന ശരത് സ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഗണിതശാസ്ത്രമേളകളില്‍ പങ്കെടുത്തിട്ടുണ്ട്.

എന്‍ട്രന്‍സിന് തയ്യാറെടുക്കാന്‍ തുടങ്ങിയതോടെ ബയോളജിയും പ്രിയപ്പെട്ട വിഷയമായി.മെഡിക്കല്‍ പ്രവേശനപരീക്ഷക്ക് ആദ്യ തവണ 4006-ാം റാങ്കായിരുന്നു ശരത്തിന്. അതോടെ ഒരു വര്‍ഷം പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി മാറ്റിവെക്കാന്‍ ശരത് തീരുമാനിച്ചു. മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയം മികച്ച വിജയം നേടാനാകുമെന്ന് കരുതിയിരുന്നില്ല. 

Sarath
 റാങ്ക് നേടിയ ശരത്തിന് ഷൊർണൂർ എ.എസ്.പി.ജി.ജയദേവ് ഉപഹാരം നൽകുന്നു : പ്രവീഷ് ഷൊർണൂർ

നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ശരത്തിനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ക്ലാസില്‍ സെമനാറുകള്‍ എടുക്കുമ്പോഴെല്ലാം സ്വന്തം ശൈലിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു ശരത്തെന്ന് പ്ലസ്ടു ക്ലാസ് ടീച്ചറും കെമിസ്ട്രി അധ്യാപകനുമായ പി.ഉമേഷ് ഓര്‍ക്കുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാനും ശരത്തും കൂട്ടുകാരും മുമ്പില്‍ തന്നെയായിരുന്നു.

ശരത് പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നതോടെ നാടിന് പ്രതിബദ്ധതയുള്ള ഒരു ഡോക്ടറെ ലഭിക്കുമെന്നാണ് ഗണിത അധ്യാപകനായ ഗിരീഷ് മാഷിന്റെ അഭിപ്രായം. ശരത്തിന്റെ തുടര്‍പഠനത്തിന് തങ്ങളാല്‍ കഴിയുന്ന പണം സ്വരൂപിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിലെ അധ്യാപകര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ശരത്തിന്റെ തീരുമാനം. 

ശരത്തിന്റെ ഫോണ്‍ നമ്പര്‍: 9947384121