കണ്ടാല്‍ ഇവനൊരു വെറും ജാക്കറ്റ്, തുറന്ന് നോക്കിയാലല്ലേ കാര്യം മനസ്സിലാവൂ... ഇത് വെറും ജാക്കറ്റല്ല, ബാക്ക് പെയ്ന്‍ മസാജര്‍ ജാക്കറ്റാണ്.  ഇത് കണ്ടുപിടിച്ചത് കോഴിക്കോട് കുണ്ടൂപ്പറമ്പ് എടക്കാട് പാറപ്പുറത്ത് വീട്ടില്‍ പി.എന്‍. സംഗീതാണ്. ബൈക്ക് ഓടിക്കുമ്പോള്‍ ഉണ്ടാവുന്ന നടുവേദന മാറ്റാന്‍ ബാക്ക് പെയ്ന്‍ മസാജര്‍ ജാക്കറ്റിന് കഴിയുമെന്നാണ്  സംഗീത് അവകാശപ്പെടുന്നത്. വൈബ്രേഷന്‍ മോട്ടോര്‍, പി.വി.സി. ഷീറ്റ്, മോട്ടോര്‍ എന്നിവയാണ് ബാക്ക് പെയ്ന്‍ മസാജര്‍ ജാക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി 900 രൂപയാണ് സംഗീതിന് ചെലവായത്. 

കൂളാവാന്‍ ഹെല്‍മെറ്റും
വാഹനം ഓടിക്കുമ്പോള്‍ തലയില്‍ ഹെല്‍മെറ്റ് വെച്ചാല്‍ തല ചൂടാവും എന്ന് കരുതി ആരും ഹെല്‍മെറ്റ് വെക്കാതിരിക്കേണ്ട. തലയെ തണുപ്പിക്കാന്‍ കൂളിങ് ഹെല്‍മെറ്റ് കണ്ടുപിടിച്ചിട്ടുണ്ട് ഈ ഇരുപത്തിയാറുകാരന്‍.  മാളിക്കടവ് ഐ.ടി.ഐയില്‍ പഠിക്കുമ്പോഴാണ് സംഗീത് കൂളിങ് ഹെല്‍മെറ്റിനെക്കുറിച്ച് ആലോചിക്കുന്നതും നിര്‍മിക്കുന്നതും. 

ഹെല്‍മെറ്റിന്റെ മുകള്‍ ഭാഗം തുരന്ന് അതിനുള്ളില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഇത് ചൂടിനെ പുറംതള്ളും. കംപ്യൂട്ടറിലെ സി.പി.യുവിനുള്ളിലെ ഫാനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മൊബൈല്‍ ബാറ്ററിയും മൊബൈല്‍ ബാറ്ററി ചാര്‍ജ് ചെയ്യാനായി ഹെല്‍മറ്റിന് മുകളില്‍  ചെറിയ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. 

bike

സൂര്യപ്രകാശത്തില്‍ നിന്ന് വലിച്ചെടുക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ബാറ്ററി ചാര്‍ജ് ചെയ്യുന്നത്. ഈ ബാറ്ററിയുടെ സഹായത്താലാണ് എക്‌സ്‌ഹോസ്റ്റ് ഫാന്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഹെല്‍മെറ്റ് ഉപയോഗിച്ച് ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ സാധാരണ ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്ന് സംഗീത് അവകാശപ്പെടുന്നു. 

300 രൂപയാണ് ഹെല്‍മെറ്റില്‍ ഇത്രയും സാധനം ഘടിപ്പിക്കുന്നതിന് സംഗീതിന് ചെലവായത്. കുറച്ച് കാലം സംഗീത് കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു. ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ടുകാരെ തേടുകയാണ് സംഗീത് ഇപ്പോള്‍. കാറ്റടിച്ച് ഓടുന്ന കംപ്രസ്ഡ് എയര്‍ വാഹനം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഗീത്. സുധീര്‍-ലത ദമ്പതിമാരുടെ മകനാണ് സംഗീത്.