പരപ്പനങ്ങാടി: അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമാസക്തനായ കുരങ്ങ് പൂക്കടയുടമയെ കടിച്ചു. പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള തന്റെ സ്ഥാപനത്തിനടുത്തുെവച്ചാണ് കടയുടമ എ.വി. താരാനാഥന് കുരങ്ങിന്റെ കടിയേറ്റത്. താരാനാഥനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
മാസങ്ങളായി പരപ്പനങ്ങാടി ടൗണില്‍ സ്വൈരവിഹാരം നടത്തുന്ന വലിയ കുരങ്ങ് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാണ്. പല കടകളില്‍നിന്നും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നുണ്ട്. പലര്‍ക്കും കുരങ്ങിന്റെ കടിയും മാന്തുമേറ്റിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി കുരങ്ങിനെ പിടിക്കാന്‍ ശ്രമംതുടങ്ങിയെങ്കിലും വിജയിച്ചില്ല.