agaliഅഗളി: ചിരിക്കുടുക്ക ഇനിയില്ലെന്ന് കാരറ ആനഗദ്ദ നിവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല.  എല്ലാവരുടെയും വാത്സല്യപാത്രമായിരുന്ന അനീഷിനെ ചിരിച്ചുകൊണ്ടുമാത്രമേ നാട്ടുകാർ കണ്ടിട്ടുള്ളൂ.

ആർക്കുവേണ്ടിയും ഏതുരാത്രിയും ഓടിയെത്തുന്നയാൾ. യാത്രാസൗകര്യം കുറഞ്ഞ പ്രദേശത്ത് അനീഷ് ഇവിടത്തുകാരെ ബൈക്കിൽ കയറ്റി കൊണ്ടുപോകും. അതുകൊണ്ടുതന്നെ അനീഷിന്റെ മരണം ഈ നാടിന് വലിയ വേദനയായി. 

സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അവനെ ആശ്വസിപ്പിക്കാനും ഒപ്പം നിൽക്കാനും കഴിഞ്ഞില്ല...

പ്രദേശവാസികളുടെയും സുഹൃത്തുക്കളുടെയും വാക്കുകളിൽ കുറ്റബോധമുണ്ട്. മികച്ച കലാകാരനുമായിരുന്നു അനീഷ്. ചെണ്ടവാദ്യം അഭ്യസിച്ചിരുന്നു. കഥകളിയടക്കമുള്ളവയും കളിച്ചിരുന്നു. 

ഫേസ്ബുക്ക് കൂട്ടായ്മകളും വാട്സ്ആപ്പ് ഗ്രൂപ്പുകളുമൊക്കെ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷിനും പെൺകുട്ടിക്കും പിന്തുണ നൽകിയിരുന്നു. എന്നാലും മാനസികമായി തകർന്നുപോയ സുഹൃത്തിന്റെ ജീവന് കാവലാളാകാൻ കഴിഞ്ഞില്ല.