ശ്രീ: മൂന്നാര്‍ കൈയേറ്റം രാജ്യമാകെ ചൂടുപിടിക്കുമ്പോഴും ശ്രീ കൂളാണ്. കഴിഞ്ഞയാഴ്ച അപകടത്തില്‍ കാലൊടിഞ്ഞ് ബാംഗ്ലൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന ഒരു നായക്കുട്ടിയെ ദത്തെടുക്കാന്‍ അവിടേക്ക് പോയിരിക്കുകയായിരുന്നു ശ്രീ. കൂട്ടുകാര്‍ മൊബൈലില്‍ അയച്ചു കൊടുത്ത ഒരു കറുത്ത ലാബ്രഡോര്‍ നായക്കുട്ടിയാണ് ശ്രീയുടെ മനസ്സിളക്കിയത്.

കാലൊടിഞ്ഞപ്പോള്‍ ഉടമസ്ഥര്‍ അവനെ ഉപേക്ഷിച്ചു പോയി. ബാംഗ്ലൂരില്‍ നിന്ന് നായക്കുട്ടിയുമായി ദേവികുളത്തെത്തിയ ശ്രീ അവനുമായി ചങ്ങാത്തത്തിലായിവരുന്നു. 'റേ' എന്നാണ് നായക്കുട്ടിയുടെ പേര് 'കിരണം' എന്നര്‍ഥം.

ശ്രീറാം: അതിവേഗത്തില്‍ ബൈക്കോടിച്ച് സാഹസികയാത്ര നടത്തുന്നതാണ് ശ്രീറാമിന്റെ ക്രെയ്സ്. സുഹൃത്തുക്കളോടൊത്തുള്ള യാത്രകള്‍ എന്നും ശ്രീറാമിന്റെ സ്വപ്നമായിരുന്നു. ഐ.എ.എസ്. ട്രെയിനിങ്ങിന്റെ ഭാഗമായുള്ള രണ്ട് മാസത്തെ ഭാരതദര്‍ശന്‍ യാത്ര ശ്രീറാമിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഇന്ത്യയെ കണ്ടെത്തിയത് ആ യാത്രയിലാണ്.

Sree

ഡല്‍ഹിയില്‍നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ അന്തമാന്‍ വരെയുള്ള ആ യാത്രയില്‍ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖങ്ങള്‍ ശ്രീറാമിന്റെ ഉള്ളില്‍ത്തട്ടി. ഈയിടെ സുഹൃത്തുക്കളുമൊത്ത് ലഡാക്ക് വരെ ഒരു സാഹസികയാത്ര നടത്തി. ബുള്ളറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ആ യാത്ര.

 

ഉടന്‍ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീറാം. ഹിമാചല്‍പ്രദേശിലെ സ്പിതി താഴ്വരയിലൂടെ പത്തുദിവസത്തെ യാത്ര. സ്വന്തമായി ഒരു ബൈക്കിനുവേണ്ടി വീട്ടില്‍ നിരാഹാരം കിടന്നതിന്റെ ഓര്‍മകള്‍ ഇപ്പോഴും ശ്രീറാമിനെ ചിരിപ്പിക്കും. കൊടിവെച്ച കാറുണ്ടെങ്കിലും സമയംകിട്ടിയാല്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ ഒന്ന് ചുറ്റയടിക്കും.

ഡോക്ടര്‍ ശ്രീറാം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പൂര്‍ത്തിയായപ്പോള്‍ ഡോക്ടര്‍ ശ്രീറാമിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട രോഗികള്‍ക്കായി സര്‍ക്കാര്‍സര്‍വീസില്‍ ജോലി ചെയ്യുക. അതിനായാണ് ജനറല്‍ മെഡിസിനില്‍ പി.ജി. എടുക്കാന്‍ ഒഡിഷയിലേക്ക് പോയതും. പക്ഷേ, വിധി മറ്റൊന്നായിരുന്നു. 

സിവില്‍ സര്‍വീസിന് അഖിലേന്ത്യാതലത്തില്‍ ലഭിച്ച രണ്ടാംറാങ്ക് ഡോക്ടര്‍ ശ്രീറാമിന്റെ കരിയര്‍ മാറ്റി. ഡോക്ടര്‍ എന്ന നിലയിലാണ് സംതൃപ്തി കൂടുതല്‍. ചികിത്സയുടെ ഫലം രോഗിയുടെ മുഖത്ത് കാണാം. പക്ഷേ, ഐ.എ.എസ്. ജോലിയില്‍ റിസല്‍ട്ട് കിട്ടാന്‍ വലിയ പ്രയാസമാണ്. എന്നാല്‍, ഡോക്ടര്‍ എന്ന നിലയില്‍ രോഗികളെ ചികിത്സിക്കാനല്ലേ കഴിയൂ. സിവില്‍ സര്‍വീസിലൂടെ ആരോഗ്യസംവിധാനത്തെത്തന്നെ ഉടച്ച് വാര്‍ക്കാനുള്ള അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍ ശ്രീറാം തന്റെ വെള്ളക്കുപ്പായം ഊരിയത്.

ശ്രീറാം വെങ്കിട്ടരാമന്‍ 2013 ബാച്ചില്‍ സിവില്‍ സര്‍വീസില്‍ പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായിരുന്നു. ശബരിമലയില്‍ പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നീക്കം നടപ്പാക്കാന്‍ സഹായിച്ചു. കുറച്ച് നാള്‍ ഡല്‍ഹിയില്‍ ഭക്ഷ്യ പൊതുവിതരണ അസി.സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കേരളത്തെയാകെ ഇളക്കിമറിച്ച മൂന്നാര്‍ ൈകയേറ്റമൊഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ദേവികുളം സബ്ബ് കളക്ടര്‍.

റിട്ട.അധ്യാപകനും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ ഡോ. പി.ആര്‍. വെങ്കിട്ടരാമനാണ് അച്ഛന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലിചെയ്യുന്ന രാജം രാമമൂര്‍ത്തിയാണ് അമ്മ. സഹോദരിയായ ഡോക്ടര്‍ ലക്ഷ്മി ബാംഗ്ലൂരില്‍ മെഡിസിനില്‍ പി.ജി. ചെയ്യുന്നു.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെ തുടര്‍ന്ന് കൈകാല്‍ വെട്ടുമെന്നുള്ള ഭീഷണിയിലും വെല്ലുവിളിയിലും അമ്മയ്ക്ക് പേടിയുണ്ടെങ്കിലും ശ്രീറാമിനെ അതൊന്നും ബാധിച്ചിട്ടേയില്ല. 'After the last war is fought, a butterfly will still be as beautifull...' എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. മൂന്നാറിനെ കുറിച്ചും ശ്രീറാമിന് പറയാനുള്ളത് ഇത് തന്നെയാണ്. എല്ലാ ക്രൂരമായ കൈയേറ്റങ്ങള്‍ക്കുമൊടുവില്‍ മൂന്നാറില്‍ ഒരു തുണ്ട് പച്ചപ്പെങ്കിലും അവശേഷിക്കും, അത് അത്രയും മനോഹരമായിരിക്കുകയും ചെയ്യും.