മുംബൈയിലെ ടാറ്റ മെമ്മോറിയൽ കാൻസർ ആസ്പത്രിയെക്കുറിച്ചോർക്കുമ്പോൾതന്നെ മനസ്സിലുടക്കുന്ന, ഏറെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. വെയിലത്തും മഴയത്തും ആസ്പത്രിയോടു ചേർന്നുള്ള തെരുവിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ ചികിത്സ കാത്തുകഴിയുന്ന അർബുദരോഗികളും കുടുംബങ്ങളും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന രോഗികളാണ് കൈയിൽ പണില്ലാതെ തെരുവോരത്ത് തങ്ങാൻ നിർബന്ധിതരാകുന്നത്.

മറ്റ് നിരവധി പ്രവർത്തനങ്ങൾക്കൊപ്പം സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തിലൂടെ രോഗികളുടെ ഈ ദുരിതത്തിന്  പരിഹാരംകാണാൻ ശ്രമിക്കുകയായിരുന്നു ലോകത്തെ മികച്ച അർബുദ ചികിത്സാകേന്ദ്രങ്ങളിലൊന്നായ ടാറ്റ മെമ്മോറിയൽ ആസ്പത്രി. പരിമിതികൾ മറികടക്കാൻ ഓൺലൈൻ വഴി രോഗികൾക്ക് വിദഗ്‌ധോപദേശം നൽകാനുള്ള സംവിധാനം ആരംഭിച്ചത് മൂന്നുവർഷം മുൻപായിരുന്നു. ഇതുവരെ പന്ത്രണ്ടായിരത്തോളം അർബുദരോഗികളാണ് സംവിധാനം പ്രയോജനപ്പെടുത്തിയത്.

പതിനെട്ട് ലക്ഷത്തിലധികം അർബുദരോഗികളുള്ള ഇന്ത്യയിൽ ഈ ചികിത്സയിൽ വൈദഗ്ധ്യം നേടിയ ഡോക്ടർമാരുടെ എണ്ണം 1600 മാത്രമാണ്. ഇതാണ് ടാറ്റാ മെമ്മോറിയൽ ആസ്പത്രിയിലെ കാൻസർ വിദഗ്ധരുടെ നേതൃത്വത്തിലുള്ള നവ്യ എന്ന ഓൺലൈൻ സേവനത്തിന്റെ പ്രസക്തി. ഏറെദൂരം യാത്രചെയ്യേണ്ട, ഡോക്ടറെ കാണാൻ ദിവസം നീണ്ട കാത്തിരിപ്പും വേണ്ട, രോഗികൾക്ക് വിദഗ്‌ധോപദേശം വിരൽത്തുമ്പിലെത്തിക്കുകയാണ് ഡോക്ടർമാരുടെ കൂട്ടായ്മ. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തശേഷം മെഡിക്കൽ റിപ്പോർട്ടുകൾ www.navya.care എന്ന വെബ്സൈറ്റിൽ അപ്്ലോഡ് ചെയ്യണം. വളരെസുരക്ഷിതമായ ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ടാറ്റ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേതുൾപ്പെടെ ഇന്ത്യയിലെ മികച്ച കാൻസർ വിദഗ്ധർ പരിശോധിക്കും.

രോഗാവസ്ഥ വിലയിരുത്തി ഏതെല്ലാം രീതിയിലുള്ള ചികിത്സയാണ് ആവശ്യം എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടും നൽകും. ആവശ്യമെങ്കിൽ ഇ മെയിൽ വഴിയും വാട്‌സ് ആപ്പ് വഴിയും വിദഗ്ധാഭിപ്രായം ലഭിക്കും. രോഗിയുടെ സാമ്പത്തികസ്ഥിതികൂടി പരിശോധിച്ചശേഷമാണ് ചികിത്സനിർദേശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

   ഇതനുസരിച്ച് സമീപത്തുള്ള ആസ്പത്രികളിലും ചികിത്സതേടാം. ചികിത്സാരീതികൾ സങ്കീർണമായതുകൊണ്ടുതന്നെ
കാൻസർ ഭേദമാക്കാൻ ഒരു ഡോക്ടർ ചികിത്സിക്കുന്നതിനേക്കാൾ അതേരംഗത്തുള്ള പല ഡോക്ടർമാരുടെ കൂട്ടായതീരുമാനം കൂടുതൽ ഗുണകരമാകുമെന്ന വിലയിരുത്തലും നവ്യയുടെ പിറവിക്ക് കാരണമായതായി കാൻസർ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ അഞ്ചുവർഷം മുൻപ് ആരംഭിച്ച നാഷണൽ കാൻസർ ഗ്രിഡിന്റെ കൺവീനറും തൊറാസിക് സർജനുമായ ഡോ. സി.എസ്. പ്രമേഷ് പറയുന്നു.

ടാറ്റ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും നാഷണൽ കാൻസർ ഗ്രിഡും നവ്യ എന്ന സന്നദ്ധസംഘടയും ചേർന്ന് നടത്തുന്ന ഓൺലൈൻ സേവനത്തിന് ചുക്കാൻപിടിക്കുന്നതും ഡോ. സി.എസ്. പ്രമേഷാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇരുപത്തിരണ്ട് വികസ്വരരാജ്യങ്ങളുൾപ്പെടെ നാല്പത്തേഴ് രാജ്യങ്ങളിലുള്ള പന്ത്രണ്ടായിരത്തോളം രോഗികൾക്കാണ് നവ്യയിലൂടെ സെക്കൻഡ്‌ ഒപ്പീനിയൻ ലഭ്യമാക്കിയതെന്ന് ഡോക്ടർ പറയുന്നു.

ഡോക്ടർമാർ സൗജന്യമായാണ് ഉപദേശം നൽകുന്നതെങ്കിലും നവ്യയുടെ ദൈനംദിന പ്രവർത്തനത്തിനായി ആറായിരം രൂപയാണ് ഒരുരോഗിയിൽനിന്ന് ഈടാക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് സേവനം പൂർണസൗജന്യമാണ്. നാഷണൽ കാൻസർ ഗ്രിഡിലെ 90 ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് രോഗികൾക്ക് ഉപദേശം നൽകുക.

 കാൻസർ മരണവാറന്റല്ലെന്നും കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ അസുഖം മാറി സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകകൂടിയാണ്.