കിസ് ഓഫ് ലവ്വിനുശേഷം കേരളം വീണ്ടും സദാചാര വിഷയം ചര്‍ച്ച ചെയ്തത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രിക്കും ജാനകിക്കും എതിരെ നടന്ന സദാചാരഗുണ്ടായിസത്തോടെയാണ്. ഇടങ്ങളൊക്കെയും ആണിനും പെണ്ണിനും വിഭിജിക്കണമെന്നത് നമ്മുടെ സമൂഹത്തിലെ അലിഖിത പാഠങ്ങളില്‍ ഒന്നായി രൂപീകരിക്കപ്പെടുന്നതും, അദ്ധ്യാപകരും വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതിന്റെ കാവലാളായി മാറുന്നതും പ്രബുദ്ധ കേരളത്തിലാണ് എന്നത് നിരാശാജനകവും അതിനേക്കാള്‍ ഉപരിയായി സാംസ്‌കാരിക അപചയത്തിന്റെ ദൃഷ്ടാന്തവുമാണ്. 

മനുഷ്യാവകാശം അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ട നമ്മുടെ കലാലയങ്ങളില്‍ തന്നെ ആണിനും പെണ്ണിനുമിടയില്‍ വരകള്‍ വരച്ച് അതിര്‍ത്തികള്‍ തീര്‍ക്കുമ്പോള്‍ ചോദിക്കേണ്ടത് ഇനി എവിടെ നമ്മള്‍ സ്വാതന്ത്ര്യവും സമത്വവും പ്രതീക്ഷിക്കണം എന്നുള്ളതാണ്. ആണിനും പെണ്ണിനും വെവ്വേറെ ഇരിപ്പിടങ്ങളും ഭക്ഷണശാലകളും കോണിപ്പടികളും വായനാശാലകളും വീണ്ടും വീണ്ടും നമ്മുടെ കാലാലയങ്ങളില്‍ ആവര്‍ത്തിക്കപ്പടുമ്പോള്‍  മറ നീക്കുന്നത് ഉള്ളില്‍ തികട്ടുന്ന സദാചാരബോധം തന്നെയാണ്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ പൊലിഞ്ഞുപോകുന്ന(മഹത്)സംസ്‌കാരങ്ങളാണ് നമുക്ക് സിദ്ധിച്ചിട്ടുള്ളത് എങ്കില്‍ അവ തീര്‍ച്ചയായും പൊലിഞ്ഞുപോകേണ്ടതാണ്.

സതിയും ചിതയും വെളുത്ത സാരിയും രണ്ടാംകിട പൗരത്വമൊക്കെ പെണ്ണിന് കൊടുത്ത നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന പ്രാകൃതസംസ്‌കാരത്തില്‍ നിന്ന് നമുക്ക് തീര്‍ച്ചയായും മോചനം ആവശ്യമാണ്. വര്‍ഗബോധം നഷ്ടപ്പെടുകയും കക്ഷിരാഷ്ട്രീയം മത്തുപിടിപ്പിക്കുകയും, ചെയ്യുന്ന ആധുനികയുഗത്തില്‍ ആര്‍ക്ക് ഏറ്റവും അധികം ആധിപത്യം ലഭിക്കുന്നു?, ആര് ആരുടെ മേല്‍ ഭൂരിപക്ഷം കൊയ്യുന്നു? എന്നതാണ് നിലവിലെ പ്രശ്‌നങ്ങളുടേയൊക്കെയും അടിസ്ഥാന ഹേതു.

മറ്റൊന്ന് മതബോധമാണ്. മതബോധത്തില്‍ നിന്നും രൂപീകരിക്കപ്പെട്ട പാട്രീയാര്‍ക്കല്‍ കുടുംബവ്യവസ്ഥയും ലിംഗശ്രേണീകരണവും സദാചാരബോധ്യങ്ങളുടെ നിര്‍മാണ യൂണിറ്റുകളാണ്. നീ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന ശാസനയും ഇതിന്റെ പരിണിത ഫലങ്ങളാണ്.

സദാചാരപ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി  രൂപീകരിക്കപ്പെടുന്നത് മേല്‍പറഞ്ഞ ആധിപത്യ/മതബോധത്തില്‍ നിന്നാണ്. ഇതിന്റെയൊക്കയും ഫലം ലിംഗബോധമാണ്. ആണോ പെണ്ണോ ട്രാന്‍സ്‌ജെന്‍ഡറോ ആയിക്കൊള്ളട്ടെ മനുഷ്യരായി കാണാതെ ലിംഗബോധത്തിലൂടെ പിറവി കൊണ്ട കണ്ണിലൂടെ മാത്രം മനുഷ്യനിടയില്‍ അതിര് വരയ്ക്കുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്. മതലിംഗ ആധിപത്യ ബോധങ്ങള്‍ വഴി രൂപികരിക്കപ്പെടുന്ന സാമൂഹ്യബോധത്തില്‍ വിരാജിക്കുന്ന നമ്മള്‍ സദാചാര പോലീസോ ഗുണ്ടയോ ആവാതെ  മനുഷ്യരാവില്ല എന്നതാണ് സത്യം.

വിമര്‍ശനങ്ങള്‍ കേള്‍ക്കുവാന്‍ കൂട്ടാക്കാത്ത അസഹിഷ്ണുതയാണ് മറ്റൊന്ന്. എതിരഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കരണത്തടി കൊണ്ട് മറുപടി പറയുന്ന പാട്രിയാര്‍ക്കല്‍ ഹെജിമണിയാണ് അരങ്ങ് തകര്‍ക്കുന്നത്. ജനാധിപത്യം പടിയിറങ്ങുകയും ആധിപത്യം മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തില്‍ ലൈംഗികസദാചാരത്തിന്റെ പ്രവാചകരായി ആരുമാറിയാലും അത്ഭുതപ്പെടാനില്ല. വ്യക്തിസ്വാതന്ത്ര്യത്തിന് വിലകല്‍പിക്കാതെ എത്രയൊക്കെ വിപ്ലവം പ്രസംഗിച്ചാലും അവയൊക്കെ പാഴ്വാക്കായി മാത്രമെ മാറൂ. ആണും പെണ്ണും അടുത്തിരുന്നാല്‍ സംഭവിക്കുന്നത് ലൈംഗികവേഴ്ച മാത്രമാണെന്ന് ചിന്തിക്കുന്നവന്റെ മനസ്സിനും മസ്തിഷ്‌കത്തിനുമാണ് പൂട്ടിടേണ്ടത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തില്‍ സദാചാരപോലിസിങ്ങിന് ഇരയാക്കപ്പട്ട  സൂര്യഗായത്രിയും ജാനകിയും ജിജേഷും ഈ വിഷയത്തില്‍ ഇരകളാക്കപ്പെടുന്ന ആദ്യത്തെ ആളുകളല്ല മറിച്ച് ബഹുജനശ്രദ്ധ നേടിയ അവസാന ആളുകളാണ്. ആണിനും പെണ്ണിനും സ്ഥലങ്ങള്‍ തന്നെ വിഭജിച്ച കോഴിക്കോട് ഫറൂഖ് കോളേജിലും, ലെഗ്ഗിന്‍സ് ധരിച്ചാല്‍ പെണ്ണ് പിഴക്കുമെന്ന് പറഞ്ഞ് ലെഗ്ഗിന്‍സ് നിരോധിച്ച കോട്ടയം ബിസിഎം കോളേജും, പ്രണയവും ഉറക്കെയുള്ള വര്‍ത്തമാനവും വരെ നിരോധിച്ച കലാലയമുത്തശ്ശി സി എം എസ് കോളേജ്, വായനാശാലയില്‍ ആണിനും പെണ്ണിനും വെവ്വേറെ ഇരിപ്പുസ്ഥലങ്ങള്‍ നിശ്ചയിക്കപ്പട്ട പാലക്കാട് വിക്ടോറിയ കോളേജുമൊക്കെ (ഇവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം) പറയുന്നതും പുലമ്പുന്നതും പ്രവര്‍ത്തിക്കുന്നതും ഈ വൃത്തികെട്ട സദാചാരം തന്നെയാണ്.

സദാചാരപ്രശ്‌നങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയായപ്പോള്‍ വാട്ട്‌സപ്പില്‍ ഫോര്‍വേഡ്  ചെയ്യ്ത് വന്ന മെസേജുകളില്‍, കുറിക്കുകൊള്ളുന്ന ഒന്നായി തോന്നിയത് ഇവിടെ പങ്ക് വെക്കുന്നു.

           'നമുക്ക് അതിരാവിലെ എണീറ്റ്
           തെരുവിലും കോളേജിലും
           ആളൊഴിഞ്ഞ പാര്‍ക്കിലും 
           പോകാം.....
            അവിടെ ആണും പെണ്ണും 
            ഒരുമിച്ചിരിക്കുന്നോ എന്നും
            അവര്‍ പ്രണയിക്കുന്നോ എന്നും
            നോക്കാം....
        ആണിനെ തല്ലിയോടിക്കാം
        പെണ്ണിനെ അഭിസാരികയാക്കാം
        അവിടെ വെച്ച് നമുക്ക് നമ്മുടെ കൊടികള്‍
        മണ്ണിലേക്ക് ആഴത്തില്‍ കുത്തിയിറക്കാം
        സദാചാരത്തിന്റെ പലവര്‍ണക്കൊടി
        വാനോളംപാറിപറക്കട്ടെ
            ചുവട്ടില്‍ നമുക്ക് കാവലിരിക്കാം.
            മനുഷ്യന്‍ വരുന്നോ എന്ന്
            ഇമ വെട്ടാതെ നോക്കിയിരിക്കാം

                                 (കടപ്പാട് വാട്ട്‌സാപ്പ്)
     
അധികാരമുള്ളവന് ആരുടെയും മെക്കിട്ട് കയറാമെന്ന  മൂന്നാംകിട രാഷ്ട്രീയബോധം തിരുത്തിയാല്‍ മാത്രമാണ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോലും ജീവന്‍ വയ്ക്കൂ. കലാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പ്രസവിക്കുന്ന അച്ചടിശാലകളല്ല. പഠനം ആരംഭിച്ച ഒന്നാം ക്ലാസ്സില്‍ ഓടിക്കളിച്ചതും കഞ്ഞിയും പയറും പങ്കിട്ട് കഴിച്ചതും, കെട്ടിപ്പിടിച്ചതും പാട്ടുപാടിയതുമൊക്കെ ഈ ലിംഗ ബോധം നമുക്കില്ലാത്തതുകൊണ്ടായിരുന്നു. വിദ്യ അഭ്യസിപ്പിച്ചപ്പോള്‍ എവിടെയാണടോ നമുക്ക് നമ്മളെ തന്നെ നഷ്ടമായത്. 

ഇനിയും നമ്മുടെ ക്യാമ്പസുകളില്‍ സദാചാരം വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പാഠ്യപദ്ധതിയില്‍ നിന്നും പ്രണയത്തെയും വിശ്വസ്‌നേഹത്തെയുംകുറിച്ച് വാചാലരായ ഷേക്‌സ്പിയറേയും ഷെല്ലിയേയും ബഷീറിനെയും മാധവിക്കുട്ടിയേയും നമ്മെ നമ്മളാക്കിയ ചരിത്രത്തെയും നവോത്ഥാനത്തെയും പുസ്തകത്താളില്‍ നിന്നും കീറിയെടുത്ത് കത്തിച്ച് കളയുക. 

സാംസ്‌കാരിക നായകരെയും നവേത്ഥാന ചരിത്രത്തിന്റെയും പുസ്തകത്താളുകള്‍ നിങ്ങളുടെ സിലബസില്‍ നിന്നും എടുത്ത് കത്തിച്ചു കളയൂ. അതുമല്ല അവയൊക്കെ പഠിപ്പിച്ചിട്ടും വീണ്ടും സദാചാര കൊടികള്‍ വഹിച്ചുള്ള പെരുംഘോയാത്രയ്ക്കുള്ള പുറപ്പാടാണെങ്കില്‍ കൊന്നുകഴുവേറ്റുന്നത് നാം പുലമ്പുന്ന ജനാധിപത്യത്തെ തന്നെയാണ്.

ഇവിടെ ആണും പെണ്ണും വേണ്ട മനുഷ്യര്‍ മതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യബോധവുമുള്ള മനുഷ്യര്‍ മനുഷ്യരെ പ്രണയിക്കട്ടെ. മനുഷ്യര്‍ മനുഷ്യരെ ചുംബിക്കട്ടെ. മനുഷ്യര്‍ മനുഷ്യരോട് ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കട്ടെ.അറിവും പുരോഗമനവും വിളയേണ്ട കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ വിളയിടങ്ങളായി മാറട്ടെ.