കോഴിക്കോട്: വിധി രണ്ടു ചക്രങ്ങളില്‍ ചങ്ങലയ്ക്കിട്ട സ്വപ്നങ്ങള്‍ക്ക് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ചിറകു മുളച്ചു. നാലു ചുവരുകള്‍ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍നിന്ന് ആകാശത്തോളം ഉയര്‍ന്ന് അവര്‍ പറന്നു. 

മുമ്പ് നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും സ്മാര്‍ട്ട് വിങ്‌സ്‌ കോഴിക്കോടിന്റെയും സഹായത്തില്‍ കുന്നുമ്മല്‍ ബി.ആര്‍.സി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച 'ഡ്രീംസ് ഓണ്‍ വീല്‍സ് - ഡല്‍ഹി ദര്‍ശന്‍' എന്ന പദ്ധതി  അക്ഷരാര്‍ത്ഥത്തില്‍ ഒരുപിടി ജീവിതങ്ങളുടെ മനസ്സ് നിറച്ചു.

തളര്‍ന്നു കിടക്കുന്ന കുട്ടികളെയും അവരെ പരിപാലിച്ച് മാത്രം ശീലമുള്ള രക്ഷിതാക്കള്‍ക്കുമായി ഒരു യാത്ര ഒരുക്കുക എന്നത് ബി.ആര്‍.സിയെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. കാലാവസ്ഥ, കുട്ടികളുടെ ശാരീരിക സ്ഥിതി, ആവശ്യമായ തുക ഇവയെല്ലാം ബി.ആര്‍.സി യെ അലട്ടിയ പ്രശ്‌നങ്ങളായിരുന്നു. 

brc

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത്ത്  ചെയര്‍മാനും ബി.പി.ഒ വിനോദന്‍ മാസ്റ്റര്‍ കണ്‍വീനറുമായ സ്വാഗതസംഘം രൂപീകരണമായിരുന്നു ആദ്യം നടന്നത്. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, നാദാപുരം എം.എല്‍.എ ഇ കെ വിജയന്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയുടെ പ്രഖ്യാപനം ഏറെ ആശ്വാസം പകര്‍ന്നു. 25 കുട്ടികളുടെ യാത്രാ ചെലവ് അദ്ദേഹം വഹിക്കാമെന്ന് പ്രഖ്യാപിച്ചു.

brc

തുടര്‍ന്ന് 25 അമ്മമാരുടെ യാത്ര ചെലവുമായി സുമനസുകള്‍ മുന്നോട്ട് വന്നു. 25 കുട്ടികളുടെയും വോളണ്ടിയര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും ചെലവ് അവരവര്‍ വഹിക്കാമെന്ന് തീരുമാനമായതോടെ ഡല്‍ഹി യാത്ര സ്വപ്‌നത്തിനപ്പുറത്തെ യാഥാര്‍ത്ഥ്യമായി. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഡല്‍ഹിയിലെത്തിയാലുള്ള മുഴുവന്‍ ചെലവുകളും വഹിച്ചു.

കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ 45 കിടപ്പിലായ കുട്ടികളില്‍ നിന്ന് ശാരീരിക പരിശോധനയില്‍ 25 കുട്ടികളെയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. റിപ്പബ്ലിക്ക് ദനാഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിച്ചായിരുന്നു യാത്ര. കോഴിക്കോടു നിന്നുള്ള വിമാന യാത്ര ചെലവേറിയതിനാല്‍ ബാഗ്ലൂരില്‍നിന്ന് യാത്ര തീരുമാനിച്ചു. 24-ാം തിയ്യതി വട്ടോളിയില്‍ നിന്നാരംഭിച്ച്  രണ്ട് ബസ്സുകളിലായി ബാഗ്ലൂരില്‍ എത്തി. 

brc

വീല്‍ ചെയറിലിരുന്ന് വിമാനത്തിന്റെ ചിറകിലേറി ഒരു ആകാശയാത്രയായിരുന്നു പിന്നീട്. ആവേശവും ആകാംശയും നിറഞ്ഞു നില്‍ക്കുകയായിരുന്നു യാത്രയില്‍ പങ്കെടുത്തവരുടെയെല്ലാം മുഖത്ത്.

25 ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിയ സംഘത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. വിവിധ മലയാളി അസോസിയേഷനുകള്‍ നല്‍കിയ സ്വീകരണത്തില്‍ ഡല്‍ഹി എം.എല്‍.എ സോമനാഥ് ഭാരതി, ശ്രീ ബാബു പണിക്കര്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പം ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 

26ന് രാവിലെ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ സാക്ഷ്യം വഹിക്കാന്‍ ഡ്രീംസ് ഓണ്‍സ് വീല്‍സ് ടീം മുന്‍നിരയില്‍ തന്നെ സ്ഥാനം നേടി. തുടര്‍ന്ന്  കുത്തബ് മീനാര്‍, രാജ്ഘട്ട്, ഇന്ദിരാഗാന്ധി മ്യൂസിയം എന്നിവയും ആഗ്രയിലെത്തി താജ്മഹല്‍ കണ്ടാണ് സംഘം മടങ്ങിയത്. 

brc

ഇങ്ങനെ ഒരു പക്ഷെ സ്വപനം പോലും കാണാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്ക് അതിനപ്പുറം എന്തൊക്കെയോ നല്‍കിയ സന്തോഷത്തിലാണ് കുന്നുമ്മല്‍ ബി.ആര്‍.സിയിലെ റസോഴ്‌സ് അധ്യാപകനായ ആദിത്തും ബി.പി.ഒ വിനോദ് കുമാറും സംഘവും. ഒരു കൂട്ടായ്മയില്‍ ഒരേ ലക്ഷ്യത്തില്‍ സഹായങ്ങളുമായി എത്തിയവര്‍ക്ക് നന്ദി പറയുകയാണ് കുന്നുമ്മല്‍ ബി.ആര്‍സി അധികൃതര്‍.