2006 മുതല്‍ കോഴിക്കോട്ട് താമസിക്കുന്ന വ്യക്തിയാണ് ഞാന്‍. കരയുടെയും കടലിന്റെയും സൗന്ദര്യം ആവോളം ലഭിച്ചിട്ടുണ്ട് എന്നതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം കോഴിക്കോട് എന്ന നഗരത്തിന്റെ പ്രത്യേകത. നഗരജീവിതത്തിന്റെ തിരക്കില്‍ മുഴുകിപ്പോകാറുണ്ടെങ്കിലും പ്രകൃതിയുടെ സാന്ത്വനം ആസ്വദിക്കാനുള്ള അവസരങ്ങള്‍ എനിക്ക് നിഷേധിക്കപ്പെട്ടിട്ടില്ല. 

ഇരുമ്പുഗേറ്റിനിടയിലൂടെ മുഖം കാണിക്കുന്ന, കല്‍ഭിത്തികളില്‍നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന കുഞ്ഞുപൂക്കളും മരങ്ങളെത്തഴുകിവരുന്ന കാറ്റും പലതരം കിളികളുടെ ശബ്ദകോലാഹലങ്ങളും (ഏറ്റവും കുറഞ്ഞത് നമ്മുടെ നാടന്‍ കാക്കയുടെ കാ കാ വിളികളെങ്കിലും) ഇവിടുത്തെ പ്രകൃതി എനിക്കായി കാത്തുവെച്ചിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി അമ്പതിലധികം പരുന്തുകള്‍ വട്ടത്തില്‍പ്പറന്ന് താഴെയിറങ്ങുന്ന കാഴ്ചയും ഞാന്‍ കണ്ടിട്ടുണ്ട്. 

ചേവായൂരാണ് ഞാന്‍ താമസിക്കുന്നത്. ഒരുപാട് ആളുകള്‍ താമസിക്കുന്ന ചേവായൂര്‍ പോലെയൊരു പ്രദേശത്തുപോലും ഒറ്റനോട്ടത്തില്‍ മൂന്നുമുതല്‍ അഞ്ചുതരം പക്ഷികളെ കാണാനാകും. മാത്രമല്ല, അണ്ണാരക്കണ്ണന്മാര്‍ ഭക്ഷണത്തിനായി കൂട്ടുകാരനെ ക്ഷണിക്കുന്നതിന്റെയും അതില്‍ തൊടരുതെന്ന് ബഹളം വെയ്ക്കുന്നതിന്റെയും ശബ്ദവും രാവിലെകളിലും വൈകുന്നേരങ്ങളിലും കേള്‍ക്കാറുണ്ട്. 

ആധുനിക ജീവിതശൈലി കോഴിക്കോടിന് അപരിചിതമല്ല. ഊര്‍ജസ്വലതയുള്ളതും മത്സരബുദ്ധിയുള്ളതുമായ നഗരമാണ് ഇത്. അതേസമയം തന്നെ ശാന്തവും സുന്ദരവുമായ പച്ചപ്പിന്റെയും കാഴ്ചകളുടെയും നഗരം കൂടിയാണിത്. പതിനഞ്ചുമിനുട്ട് ദൂരത്തിനപ്പുറമാണ് ബീച്ച്. പത്തുമിനുട്ട് ദൂരം മാത്രമേയുള്ളു സരോവരം ബയോ പാര്‍ക്കിലേക്ക്. ഇടയ്ക്കിടയ്ക്ക് അവിടെ പുഷ്പമേളകള്‍ ഉണ്ടാകാറുണ്ട്. 

ശാന്തമായ ഞായറാഴ്ചകളിലോ ജോലിയുള്ള ദിവസമാണെങ്കില്‍ അത് അവസാനിപ്പിച്ചതിനുശേഷമോ അത്തരം പുഷ്പമേളകള്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. പ്രകൃതിയുടെ സ്പര്‍ശമുള്ള ആധുനികനഗരമാണ് കോഴിക്കോട്. 

ഭക്ഷണവും ഭക്ഷണം കഴിക്കാനുള്ള ആളുകളുടെ ഇഷ്ടവുമാണ് ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകത. വ്യത്യസ്തരുചികളിലുള്ള ഹല്‍വയെ എനിക്ക് ഒഴിവാക്കാനേ സാധിക്കില്ല. കറുപ്പും ഓറഞ്ചും നിറത്തിലുള്ള ഹല്‍വകള്‍ക്കൊപ്പം പഴം കൊണ്ടുണ്ടാക്കുന്നതും ഇളനീരു കൊണ്ടുണ്ടാക്കിയ ഹല്‍വയും എനിക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഒരു 'ഹല്‍വാ പാര്‍ട്ടി'ക്ക് ആതിഥേയത്വം വഹിക്കുന്നത് രസമുള്ള കാര്യമാണ്. 

vengalam bypass road kozhikode

പാരഗണും കൊച്ചിന്‍ ബേക്കറിയും പോലെ നിരവധി മികച്ച ഭക്ഷണശാലകളും കോഴിക്കോട്ടുണ്ട്. രാജകീയമായ ഭക്ഷണമാണ് പാരഗണിലേത്. രുചികരമായ കേക്കുകളാണ് കൊച്ചിന്‍ ബേക്കറിയുടെ സവിശേഷതയെങ്കില്‍ ഏറ്റവും പുതിയ ബ്രഡ്ഡാണ് ന്യൂ ടോപ്പിന്റെ പ്രത്യേകത. യുവാക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ചോക്കോ ട്രീ. അവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടുന്നു എന്നു പറയുന്നതില്‍ എനിക്ക് മടിയൊന്നുമില്ല കേട്ടോ. 

ഇവിടുത്തെ സദ്യയും കെങ്കേമമാണ്. പച്ചടിയും ഓലനുമാണ് എനിക്കേറെ പ്രിയങ്കരമായ വിഭവങ്ങള്‍. പക്ഷെ മലബാര്‍ ബിരിയാണിക്ക് പിന്നില്‍ രണ്ടാമതാണ് സദ്യയ്ക്ക് സ്ഥാനം. കാരണം വളരെ ശ്രദ്ധാപൂര്‍വം ഭക്ഷണം കഴിക്കുന്ന ആളാണു ഞാന്‍. അതുകൊണ്ടുതന്നെ ഒരു മണിക്കൂറോളം വേണമെനിക്ക് സദ്യ കഴിച്ചുതീര്‍ക്കാന്‍. അതുകൊണ്ടുതന്നെ കല്യാണങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ സദ്യ കഴിച്ചുപൂര്‍ത്തിയാക്കുക എന്നത് ഒരു വലിയ സാഹസമാണ്. 

പാസ്ചുറൈസ് ചെയ്ത പാലും പാലുത്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊതുവില്‍ ഒരഭിപ്രായമുണ്ട്. പക്ഷേ ഫിലിപ്പീന്‍സില്‍ ടിന്നുകളിലടച്ച് ലഭിക്കുന്ന പാല്‍ ഉത്പന്നങ്ങളെ അപേക്ഷിച്ച്, ഇവിടെക്കിട്ടുന്ന ശുദ്ധവും രുചികരവുമായ മില്‍മയുടെ പാലുത്പന്നങ്ങള്‍ വളരെ മികച്ചതാണ്.
 
മോഹിപ്പിക്കുന്ന പൂക്കളങ്ങളുമായെത്തുന്ന ഓണം ഏറെ സന്തോഷദായകമാണ്.  സത്യത്തില്‍, എന്റെ ജീവിതത്തില്‍ ഇത്രയധികം വര്‍ണശബളമായ പൂവിതളുകള്‍ ആദ്യമായാണ് കാണുന്നത്. ഫിലിപ്പീന്‍സിലുള്ള എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും  വേണ്ടി, ഒരിക്കല്‍ സ്‌കൂളിലിട്ട ഒരു വലിയ പൂക്കളത്തിന്റെ ചിത്രം ഞാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

പ്രകൃത്യാലുള്ള പുഷ്പങ്ങള്‍ കൊണ്ടാണ് അത് തയ്യാറാക്കിയതെന്ന് അവരില്‍ പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. ഓണക്കാലത്തെ അന്തരീക്ഷവും ആനന്ദദായകമാണ്. കേരള സാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടിയ സ്ത്രീകളും കുര്‍ത്തയും മുണ്ടും ധരിക്കുന്ന പുരുഷന്മാരും ഒക്കെച്ചേര്‍ന്ന് ആഹ്ലാദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓണമായാല്‍ സകലവും സകലരും മാസ്മരികമാകും. 

ചന്ദ്രന് ഇരുളടഞ്ഞ മറുപാതിയുള്ളതുപോലെ കോഴിക്കോടിനുമുണ്ട് വേറൊരു മുഖം. മദ്യത്തിനുവേണ്ടി നീണ്ടവരികളില്‍ അക്ഷമരായി നില്‍ക്കുന്ന പുരുഷന്മാര്‍, ബാലന്‍സ് തെറ്റാതിരിക്കാന്‍ റോഡിലൂടെ ബദ്ധപ്പെട്ട് നീങ്ങുന്ന മദ്യപര്‍, കടകള്‍ക്കുമുന്നിലും റോഡിലെ കുഴികളിലും വീണശേഷം അവിടെത്തന്നെകിടന്നുറങ്ങുന്ന മദ്യപര്‍. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നദൃശ്യങ്ങളാണ് ഇവയൊക്കെ. 

ഗതാഗതനിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും പാലിക്കാതെ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ എന്നെ പലപ്പോഴും ഭീതിപ്പെടുത്താറുണ്ട്. അതിവേഗത്തില്‍ ചീറിപ്പാഞ്ഞ് മറ്റു വാഹനങ്ങളെയെല്ലാം മറികടന്നെത്തുന്ന ബസ്സുകള്‍ സ്റ്റോപ്പില്‍ നിന്ന് എട്ടും പത്തും മീറ്റര്‍ ദൂരെയാകും നിര്‍ത്തുക. 

ഈ കാഴ്ച കാണുമ്പോഴെല്ലാം എന്റെ ഹൃദയമിടിപ്പ് കൂടും. പക്ഷേ വേഗംകൊണ്ട് ഭ്രാന്തുപിടിച്ച ഈ ബസുകള്‍ക്കിടയിലൂടെ  ഒരു ദിവസം ധൈര്യപൂര്‍വം സ്‌കൂട്ടി ഓടിക്കുമെന്നാണ് എന്റെ പ്രതീക്ഷ. 

ആദ്യമൊക്കെ എന്റെ നേര്‍ക്കുള്ള ആളുകളുടെ തുറിച്ചുനോട്ടം എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. പലരും എന്നെ കാണുമ്പോള്‍ അവരുടെ ഒപ്പമുള്ള ആളുടെ കയ്യില്‍ നുള്ളുകയും കാതില്‍ കുശുകുശുക്കുകയും പതിവായിരുന്നു. 

കണ്ട് പരിചിതമായതുകൊണ്ടാകണം ഈയടുത്തായി തുറിച്ചുനോട്ടങ്ങള്‍ കുറവാണ്.  ജീവിക്കാന്‍ വളരെ അനുയോജ്യമായ ഇടമായാണ് ഇവിടം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.  

ഇപ്പോള്‍ ഇവിടമാണ് എന്റെ വീട്.  സമാന ചിന്താഗതിക്കാരായ കുറച്ച് സുഹൃത്തുക്കളും ഉണ്ട് എനിക്കിവിടെ. സ്വഭാവഗുണമുള്ള സഹപ്രവര്‍ത്തകരും സന്തോഷകരമായ അന്തരീക്ഷവുമാണ് ജോലിസ്ഥലത്തുള്ളത്. ഈ നഗരം എന്നെ അംഗീകരിച്ചിട്ടും പാര്‍ക്കാന്‍ ഇടം തന്നിട്ടും ഒരു പതിറ്റാണ്ടിലേറെയാകുന്നു. പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു എന്റെ അനുഭവങ്ങള്‍. 

നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ എന്നിലുള്ളവ പങ്കുവച്ചത്. അവയിലെന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ എന്നെക്കൊണ്ടു സാധിക്കുംവിധത്തില്‍ അതു പരിഹരിക്കാനും ഞാനൊരുക്കമാണ്.