കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് കുന്നുമ്മല്‍ എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് വേറിട്ടൊരു വിവാഹത്തിനാണ്. മതം നിശ്ചയിക്കുന്ന ചടങ്ങുകളും ചിട്ടകളും ഇല്ലാതെ സ്‌നേഹിക്കുന്നവരേയും നാം ജീവിക്കുന്ന പ്രകൃതിയേയും സാക്ഷി നിര്‍ത്തി ഒരു വിവാഹം.

രണ്ട് വിവാഹങ്ങള്‍ക്കാണ് കുന്നുമ്മല്‍ ഗ്രാമം ഇന്ന് ആശംസകളേക്കിയത് ഹിതയും പരിസ്ഥിതി പ്രവര്‍ത്തകനായ ഐറിഷ് വത്സമ്മയും തമ്മിലുള്ളതും ഒപ്പം ഹിതയുടെ സഹോദരി മിലേനയും ചെന്നൈ സ്വദേശി പ്രഭുവും തമ്മിലുള്ളതും. ഹിതയുടേയും മിലേനയുടേയും ജന്മനാടാണ് കുന്നുമ്മല്‍. 

താലിമാലയടക്കം മതപരമായ ഒരു ചടങ്ങുകളും കല്ല്യാണത്തിനുണ്ടായിരുന്നില്ല. പകരം വധൂവരന്‍മാര്‍ രണ്ട് വൃക്ഷതൈകള്‍ നട്ട് കൊണ്ട് ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതായി പ്രഖ്യാപിച്ചു. കുന്നുമ്മലിലെ പാടത്ത് പണിയെടുത് ജീവിച്ച മുതിര്‍ന്ന കര്‍ഷകര്‍ക്ക് പുതുവസ്ത്രം നല്‍കി അനുഗ്രഹം തേടി. 

വിവാഹത്തിനെത്തിയവര്‍ക്ക് ജൈവരീതിയില്‍ തയ്യാറാക്കിയ ഭക്ഷണമാണ് നല്‍കിയത്. പ്ലാസ്റ്റിക് കൊണ്ടുള്ള തോരണങ്ങളോ അലങ്കാരങ്ങളോ ഇല്ല. ഓല മെടഞ്ഞുണ്ടാക്കിയ പന്തലില്‍ ഒരു നാടന്‍ കല്ല്യാണം. വിവാഹത്തിന് സദ്യയോ ബിരിയാണിയോ ഉണ്ടായിരുന്നില്ല. ദോശയും ചമ്മന്തിയും, നാടന്‍ അരി കൊണ്ടുണ്ടാക്കിയ ഫ്രൈഡ് റൈസും അതും വിളമ്പി കൊടുക്കുന്ന പരിപാടി ഇല്ല. ആവശ്യമുള്ളവര്‍ക്ക് വന്ന് ഭക്ഷണം കഴിക്കാം. 

ഇരുകുടുംബങ്ങളും വധൂവരന്‍മാരുടെ സുഹൃത്തുകളും നാട്ടുകാരും കൂടാത ഫേസ്ബുക്കിലൂടെ ഈ വിവാഹത്തെക്കുറിച്ചറിഞ്ഞ നിരവധി പേരും കല്ല്യാണം ആഘോഷമാക്കാനായി കുന്നുമ്മല്‍ ഗ്രാമത്തിലെത്തിയിരുന്നു. വിവാഹവേദിയിലെ രസകരമായ നിമിഷങ്ങള്‍ എല്ലാം ഐറിഷ് വത്സമ്മയുടെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.