ന്യൂഡല്‍ഹി: വാഹനനിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സി.എന്‍.ജി. സ്റ്റിക്കറുകള്‍ വിതരണംചെയ്യുന്നതിലെ ക്രമക്കേടുകളും അഴിമതിയും ഡല്‍ഹി സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ലോധി റോഡ് സി.ജി.ഒ. കോംപ്ലക്‌സിനടുത്തുള്ള സി.എന്‍.ജി. സ്റ്റേഷനില്‍ സ്റ്റിക്കറുകള്‍ 1000 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന ആരോപണത്തിന്റെ കൂടി അടിസ്ഥാനത്തിലാണിത്.
 
സി.എന്‍.ജി. സ്റ്റേഷനുകളില്‍ സര്‍ക്കാര്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ച് ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്ന് ഗതാഗതമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കര്‍ശനമാക്കി. ഡല്‍ഹിയില്‍ സി.എന്‍.ജി. വിതരണംചെയ്യുന്ന ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും ഗോപാല്‍ റായ് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച പത്രസമ്മേളനം നടത്തവെ ആം ആദ്മി സേനയുടെ നേതാവായ യുവാവ് ഷൂ എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. സി.എന്‍.ജി. സ്റ്റിക്കര്‍ അഴിമതി ഉയര്‍ത്തിക്കാട്ടിയാണ് ഇയാള്‍ ഷൂ എറിഞ്ഞത്. സി.ജി.ഒ. കോംപ്ലക്‌സിനുസമീപത്തെ സ്റ്റേഷനില്‍ സ്റ്റിക്കര്‍ അഴിമതി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ ഒളിക്യാമറയില്‍ പകര്‍ത്തി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഇയാളുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമാക്കിയത്.

ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം ഈമാസം 15 മുതല്‍ 30 വരെ നടപ്പാക്കുകയാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. താരതമ്യേന കുറച്ചുമാത്രം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതിനാല്‍ സി.എന്‍.ജി. വാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സി.എന്‍.ജി. ആണെന്ന് തെളിയിക്കാനുള്ള സ്റ്റിക്കര്‍ വാഹനത്തിന്റെമുന്നില്‍ പതിച്ചിരിക്കണം. ഈ സ്റ്റിക്കറുകള്‍ സി.എന്‍.ജി. സ്റ്റേഷനുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ സി.എന്‍.ജി. അല്ലാത്ത വാഹനങ്ങള്‍ക്കും കൈക്കൂലിവാങ്ങി ഇത്തരം സ്റ്റിക്കറുകള്‍ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.