അബൂജ: ഇന്റര്‍നെറ്റ് വഴി ഇന്ത്യയുള്‍പ്പെടെ വിവിധരാജ്യങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയക്കാരനെ ഇന്റര്‍പോള്‍ അറസ്റ്റുചെയ്തു. തിങ്കളാഴ്ച പോര്‍ട്ട് ഹര്‍കോര്‍ട്ട് നഗരത്തില്‍നിന്നാണ് മൈക്ക് (40) എന്നയാളെ പിടികൂടിയത്.
ഇ-മെയില്‍ മുഖേന വ്യവസായികളെ ബന്ധപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഏകദേശം ആറുകോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായി ഇന്റര്‍പോള്‍ അധികൃതര്‍ പറഞ്ഞു.

വിവിധരാജ്യങ്ങളിലായി 100-ലധികം വ്യാപാരികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ, റുമാനിയ, സൗത്താഫ്രിക്ക, തായ്‌ലന്‍ഡ്, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍.
നൈജീരിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളില്‍ ഇയാളുടെ കീഴിലുള്ള 40 അംഗ സംഘമാണ് തട്ടിപ്പുനടത്തിയിരുന്നത്. വ്യവസായികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തായിരുന്നു തട്ടിപ്പ്.