* ഇംഗ്ലണ്ട് 4 വിക്കറ്റിന് 171


ന്യൂഡല്‍ഹി:
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറു(37 പന്തില്‍ പുറത്താവാതെ 66)ടെ മികച്ച ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന ടോട്ടലിലേക്ക് നയിച്ചു. ജാസണ്‍ റോയ് (42), ജോ റൂട്ട് (25), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (22) എന്നിവരുടെ പിന്തുണകൂടിയായതോടെ നിശ്ചിതസമയത്ത് നാലുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
ശ്രീലങ്കയെ തോല്പിക്കാനായാല്‍ മൂന്നാം വിജയവുമായി ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറും. ആദ്യ മൂന്നു കളികളും ജയിച്ച് വെസ്റ്റിന്‍ഡീസ് ഈ ഗ്രൂപ്പില്‍നിന്ന് നേരത്തേ സെമിയിലെത്തിയിരുന്നു. ശേഷിക്കുന്ന ടീമുകളില്‍ ലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കും സെമിസാധ്യതയുണ്ട്. ലങ്ക ജയിച്ചാല്‍ അവര്‍ക്കും ഇംഗ്ലണ്ടിനും നാലു പോയന്റു വീതമാകും. അങ്ങനെവന്നാല്‍ ദക്ഷിണാഫ്രിക്കയും ലങ്കയും തമ്മിലുള്ള അവസാനമത്സരം ഗ്രൂപ്പില്‍നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമേതെന്ന് തീരുമാനിക്കും.
ബാറ്റിങ്ങിനയയ്ക്കപ്പെട്ട ഇംഗ്ലണ്ട് സ്ലോ പിച്ചില്‍ താളംകാണാതെ ഉഴറി. ഹെറാത്ത് എറിഞ്ഞ രണ്ടാം ഓവര്‍ മെയ്ഡനാവുക മാത്രമല്ല ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് (0) പുറത്താവുകകൂടി ചെയ്തതോടെ ഇംഗ്ലണ്ട് ജാഗ്രതയിലായി. രണ്ടാം വിക്കറ്റില്‍ റോയ്-ജോ റൂട്ട് സഖ്യം 8.3 ഓവറില്‍ ചേര്‍ത്ത 61 റണ്‍സും നാലാം വിക്കറ്റില്‍ ബട്‌ലര്‍-മോര്‍ഗന്‍ സഖ്യം 6.3 ഓവറില്‍ ചേര്‍ത്ത 74 റണ്‍സുമാണ് മികച്ച ടോട്ടലിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി സ്​പിന്നര്‍മാരായ ജെഫ്രി വാന്‍ഡര്‍സേ രണ്ടും രംഗന ഹെറാത്ത് ഒന്നും വിക്കറ്റെടുത്തു.
സ്‌കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്: റോയ് എല്‍.ബി.ഡബ്ല്യു. വാന്‍ഡര്‍സേ 42, ഹെയ്ല്‍സ് എല്‍.ബി.ഡബ്‌ള്യു. ഹെറാത്ത് 0, റൂട്ട് തിരിമാനെ ബി വാന്‍ഡര്‍സേ 25, ബട്‌ലര്‍ നോട്ടൗട്ട് 66, മോര്‍ഗന്‍ റണ്ണൗട്ട് 22, സ്റ്റോക്‌സ് നോട്ടൗട്ട് 6, എക്‌സ്ട്രാസ് 10, ആകെ 20 ഓവറില്‍ 4-ന് 171.
വിക്കറ്റുവീഴ്ച: 1-4, 2-65, 3-88, 4-162.
ബൗളിങ്: മാത്യൂസ് 6-0-35-0, ഹെറാത്ത് 4-1-27-1, വാന്‍ഡര്‍സേ 4-0-26-2, സിരിവര്‍ധന 1-0-9-0, ചമീര 4-0-36-0, തിസാര പെരേര 2-0-27-0, ഷാനക 1-0-15-0.