തിരുവനന്തപുരം: പ്രഭാതങ്ങളില്‍ പ്രചോദനമായി.... പകലുകളുടെ താളമായി.... സായാഹ്നങ്ങളില്‍ കളിയും ചിരിയുമായി.... രാവുകളില്‍ സ്‌നേഹമായി.... മഴയത്തും വെയിലത്തും തിരുവനന്തപുരത്തിന് കൂട്ടുകാരനായി എത്തിയ സ്വീറ്റ് പാട്ടുകാരന്‍ ക്ലബ് എഫ്.എം. 94.3ക്ക് ഒന്‍പതു വയസ്സു തികയുന്നു. ഒമ്പതുവര്‍ഷം മുന്‍പ് 'മാതൃഭൂമി' എന്ന യഥാര്‍ഥ പത്രത്തിന്റെ ശക്തിയില്‍നിന്ന് പുറപ്പെട്ട യുവത്വത്തിന്റെ താളമായ ക്ലബ് എഫ്.എം. ഇന്ന് കേരളത്തിന്റെ ഏറ്റവും ജനപ്രിയ റേഡിയോ നിലയമാണ്.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 5 മുതല്‍ 7 വരെ പോസിറ്റീവ് ചിന്തകളുമായി ആര്‍.ജെ.ജീന തിരുവനന്തപുരത്തെ വിളിച്ചുണര്‍ത്തും. 7 മുതല്‍ റീച്ചാര്‍ജിങ് വിശേഷങ്ങളുമായി കലക്കന്‍ റീച്ചാര്‍ജില്‍ ആര്‍.ജെ.വിനുവും വൈശാഖും എത്തും. സ്റ്റേഷന്‍ ക്ലോക്കില്‍ മണി പത്തടിച്ചാല്‍ ശ്രോതാക്കള്‍ക്ക് ഇഷ്ടമുള്ള പാട്ട് ലൈവ് ആയി കേള്‍പ്പിക്കാന്‍ ഐ.പി.എല്ലുമായി ആര്‍.ജെ. ഷംനയുടെ വരവായി. 

club fm

രണ്ടുമണിക്ക് സിനിമാരംഗത്തെ പുത്തന്‍ വിശേഷങ്ങളുമായി ആര്‍.ജെ. ആമി ബാല്‍ക്കെണിയില്‍ എത്തും. ഓണ്‍ എയര്‍ കളിക്കളത്തില്‍ മത്സരിച്ചാല്‍ കൈനിറയെ സമ്മാനങ്ങളുമായി 4 മുതല്‍ 7 വരെ കബഡി  കബഡിയുമായി മുസാഫിറും 7 മുതല്‍ 10 വരെ ജീവിതത്തെ വീണ്ടും വീണ്ടും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ അനുഭവങ്ങളുടെ കഥയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാന്‍ മച്ചാന്‍ മാഹിനും എത്തും. രാത്രി 10ന് ലവ് ബൈറ്റ്സുമായി ആര്‍.ജെ. രേണുവും എത്തുന്നു.

club 2

ക്ലബ് എഫ്.എം. വീക്കെന്‍ഡ് ഷോകളില്‍ സിനിമാതാരങ്ങളുെടയും സെലിബ്രിറ്റികളുെടയും ചിറ്റ് ചാറ്റുമായി രേണു അവതരിപ്പിക്കുന്ന സ്റ്റാര്‍ ജാമും തിരുവനന്തപുരത്തിന്റെ ചരിത്രവും ടൂറിസ്റ്റ് ലൊക്കേഷന്‍ വിശേഷങ്ങളുമായി ഷംനയുടെ ലോക്കല്‍ റൂട്ടും പാട്ടു വന്ന വഴിയിലെ കഥകളുമായി മുസാഫിറിന്റെ പാട്ടുപീഡിയയും തമിഴ്പാട്ടും താരങ്ങളുമായി ആര്‍.ജെ.ശിഖ അവതരിപ്പിക്കുന്ന ടീ കൈടയും റോക്ക് ആന്‍ഡ് റോളും ടോപ് ഇംഗ്ലീഷ് നമ്പറുകളുമായി ആര്‍.ജെ.രാകേഷ് അവതരിപ്പിക്കുന്ന ലൂസ് കണ്‍ട്രോളും പഴയകാല ഗാനങ്ങളുടെ വിശേഷങ്ങളുമായി ആര്‍.ജെ.രാഹുല്‍ ഒരുക്കുന്ന ക്ലബ് ഡയമണ്ട്സും കളിക്കളത്തിലെ വിശേഷങ്ങളുമായി ആര്‍.ജെ. റാഫിയുടെ സണ്‍ഡേ മാച്ചും ശനിയാഴ്ചകളില്‍ വൈശാഖും ഞായറാഴ്ചകളില്‍ ശിഖയും അവതരിപ്പിക്കുന്ന വീക്കെന്‍ഡ് ഐ.പി.എല്ലും ശ്രോതാക്കളുടെ ഇഷ്ടപരിപാടികളാണ്.

club

ക്ലബ് എഫ്.എം. 94.3 ഇന്ന് കടല്‍കടന്ന് സ്വപ്നനഗരമായ ദുബായിലും തരംഗമാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മുതല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള വരെയുള്ള വേദികളിലൂടെ ക്ലബ് എഫ്.എമ്മിന് ദേശീയ, സംസ്ഥാന അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വിനോദത്തിനപ്പുറം സമൂഹത്തെ തൊടുന്ന, 'പാഠം ഒന്ന് ഒരു കൈ സഹായം' പോലെയുള്ള നിരവധി ജനകീയപദ്ധതികളും ക്ലബ് എഫ്.എം. ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.
ക്ലബ് എഫ്.എമ്മിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്നു. ക്ലബ് എഫ്.എം. ഡി.ജി.എം. ജയദീപ് കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

ക്ലബ് എഫ്.എം.- മാതൃഭൂമി ടീം അംഗങ്ങളും പങ്കെടുത്തു. ക്ലബ് എഫ്.എം. ടീം അംഗങ്ങളുടെ സംഗീതസന്ധ്യയും നൃത്തവും ആക്ഷന്‍ സോങ്ങും ഗെയിമുകളും പൊട്ടിച്ചിരിയുടെ തിരമാലകള്‍ തീര്‍ത്ത കോമഡി പ്രോഗ്രാമുകളും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.