ഗവേഷണം ഇനിയും ഉത്തരധ്രുവത്തില്‍

എസ്. ജെന്‍സിഉത്തരധ്രുവത്തില്‍ ആദ്യമായി കാല്‍പ്പാടുകള്‍ പതിപ്പിച്ച മലയാളിയായ ബിജോയ് നന്ദന്‍ ഇനി ധ്രുവങ്ങളില്‍ പഠനം തുടരും. ഉത്തരധ്രുവത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എട്ടംഗ സംഘം നടത്തിയ ഗവേഷണ പര്യവേഷണത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോളജി അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം അംഗമായിരുന്നു.

അവിടെ തണുപ്പ് -20 ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തിയിരുന്നു. കടലിന് മുകളിലൂടെ ഒഴുകിനടക്കുന്ന മഞ്ഞുപാളികളെ തള്ളിനീക്കി ടീന്‍സ്‌റ്റെന്‍ എന്ന കപ്പല്‍ പതിയെ നീങ്ങിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ഗവേഷക സംഘമാണ് കപ്പലില്‍ ഉള്ളത്. കടലിന് അടിത്തട്ടിലുള്ള സൂക്ഷ്മജീവികളെ കണ്ടെത്തി അവയിലെ ജീവിതചക്രം, ഘടന എന്നിവയിലുള്ള പഠനമാണ് സംഘത്തിലെ ഏക മലയാളിയായ പ്രൊഫ. ബിജോയ് നന്ദന്‍ ലക്ഷ്യമിട്ടിരുന്നത്. കടലിനോട് ചേര്‍ന്നുള്ള 'ഫ്യൂഡ്' എന്നറിയപ്പെടുന്ന തുരുത്തിലാണ് പഠനം. 70 മീറ്റര്‍ മുതല്‍ 400 മീറ്റര്‍ വരെ ആഴത്തിലുള്ള മണ്ണ് പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് എടുക്കുന്നത്. പിന്നീട്, മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് സൂക്ഷ്മജീവികളെ മാത്രം തിരഞ്ഞെടുത്തുകൊണ്ടാണ് പഠനം. മാലിന്യമുക്തമായ 'ആര്‍ട്ടിക്ക'യില്‍ സൂക്ഷ്മജീവികള്‍ കാര്‍ബണ്‍ ചക്രത്തില്‍ വഹിക്കുന്ന പങ്ക്, കാലാവസ്ഥാ വ്യതിയാനം സൂക്ഷ്മജീവികളില്‍ വരുത്തുന്ന മാറ്റം എന്നിങ്ങനെയുള്ള പഠനം 20 ദിവസം നീണ്ടുനിന്നു.

കൊടുംതണുപ്പും ഹിമക്കരടികളും ആ ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നിട്ടും ബിജോയ് നന്ദന്‍ പഠനത്തിന്റെ ആദ്യഘട്ടം 2011-ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഭൗമ മന്ത്രാലയത്തിന്റെ കീഴിലാണ് പഠനം നടന്നത്.

ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ വരുത്തുന്ന മാറ്റത്തിലുള്ള നിരന്തര പഠനം അനിവാര്യമാണ്. അനന്തമായ പഠനം ധ്രുവപ്രദേശങ്ങളില്‍ നടത്തണമെന്ന് പ്രൊഫ. ബിജോയ് നന്ദന്‍ പറഞ്ഞു. നമ്മള്‍ ഉപയോഗിക്കുന്ന ക്രീം, ബോഡി ലോഷന്‍ എന്നിവയുടെ ഉപയോഗം വരെ ധ്രുവപ്രദേശങ്ങളിലെ ജീവികളുടെ ജീവിതചക്രത്തില്‍ മാറ്റം വരുത്തുന്നുണ്ട്. വായുവിലൂടെയും ജലത്തിലൂടെയും എത്തുന്ന മാലിന്യവസ്തുക്കള്‍ കാലാവസ്ഥാ വ്യതിയാനത്തിനും വഴിയൊരുക്കുന്നതായി പ്രൊഫ. ബിജോയ് നന്ദന്‍ പറഞ്ഞു.

യു.എസ്സിലെ വെര്‍ജിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ സയന്‍സില്‍ ഫുള്‍ ബ്രയ്റ്റ് സ്‌കോളറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പ്രൊഫ. ബിജോയ് നന്ദന്‍ .

സപ്തംബര്‍ 10ന് യു.എസ്സിലേക്ക് പുറപ്പെടുന്ന ഇദ്ദേഹം നാലുമാസം വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളും അധ്യാപകരുമായി സംവാദം നടത്തുകയും ചെയ്യും. തിരികെ എത്തിയശേഷം ധ്രുവപ്രദേശങ്ങളിലെ പഠനപ്രവര്‍ത്തനങ്ങള്‍ തുടരും.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.