ടാറ്റുപ്രിയരുടെ ശ്രദ്ധയ്ക്ക്‌

നീനു മോഹന്‍ചുരുക്കം ചിലരുടെ ഫാഷന്‍കമ്പത്തില്‍നിന്ന് തുടങ്ങിയ ടാറ്റു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് എന്ന അര്‍ഥത്തിലേക്ക് മാറിക്കഴിഞ്ഞു. കൈയിലും കഴുത്തിലും പുറത്തുമെല്ലാം പൂമ്പാറ്റയെയും ശിവനെയും വ്യാളീചിഹ്നങ്ങളെയും പതിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. പക്ഷേ, ടാറ്റു ചെയ്യാനുള്ള ആവേശത്തില്‍ ശ്രദ്ധിക്കേണ്ടതിനെയെല്ലാം മറന്ന് അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് യുവാക്കളെന്ന് ടാറ്റു ആര്‍ട്ടിസ്റ്റ് അരുണ്‍ ഫെഡ്രറിക് മനോഹര്‍ പറയുന്നു.

കേരളത്തില്‍ വിരലിലെണ്ണാവുന്ന ടാറ്റു പാര്‍ലറുകളെയുള്ളൂ. അതുകൊണ്ടുതന്നെ ടാറ്റു ചെയ്യണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്നവര്‍ അബദ്ധങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതയും കൂടുതലാണ്. ടാറ്റുവിന്റെ പൂര്‍വികനല്ലേ പച്ചകുത്തലെന്നും പറഞ്ഞ് ഉത്സവപ്പറമ്പിലും കടപ്പുറത്തും അലഞ്ഞുതിരിയുന്ന നാടോടികളുടെ മുമ്പിലിരിക്കും പിള്ളേര്‍. ഇന്റര്‍നെറ്റിലും സിനിമയിലും കണ്ടിട്ടുള്ള ടാറ്റുചിത്രങ്ങളായിരിക്കും മനസ്സുനിറയെ. പക്ഷേ, നാടോടികള്‍ പച്ചകുത്തിക്കഴിയുമ്പോള്‍ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിരിക്കും തെളിയുന്നത്. മുറിവ് പഴുക്കാനും രോഗങ്ങള്‍ പകരാനും അശ്രദ്ധമായി പച്ചകുത്തുന്നത് പലപ്പോഴും ഇടയാക്കും. ഇത്തരത്തില്‍ അബദ്ധംപറ്റി പഴയ ടാറ്റു മായ്ക്കാനും അല്ലെങ്കില്‍ മുകളിലൂടെ മറ്റ് ഡിസൈനുകള്‍ ചെയ്യാനുമായി കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്ന് അരുണ്‍ പറയുന്നു. പുതിയങ്ങാടിയിലും മാവൂര്‍ റോഡ് ആര്‍.പി.മാളിലും നടത്തുന്ന 'ദി ഇങ്ക് സിറ്റി' എന്ന ടാറ്റുപാര്‍ലറില്‍ എത്തുന്നവര്‍ക്ക് ടാറ്റു പതിക്കുന്നതിന്റെ കുഴപ്പങ്ങളാണ് അരുണ്‍ ആദ്യം പറഞ്ഞുകൊടുക്കുന്നത്.

ടാറ്റുചെയ്യുന്നതിനുമുമ്പേ ആദ്യം ഉറപ്പിക്കേണ്ടത് ടാറ്റു പാര്‍ലറിന്റെ വൃത്തിയാണ്. ടാറ്റു ചെയ്യുന്നതിനുള്ള സൂചി ഉപയോഗത്തിനുശേഷം കളയണം. ഉപകരണം അണുവിമുക്തമാക്കി ഉപയോഗിക്കണം. ഉപയോഗിക്കുന്ന മഷിയുടെ (ഇങ്ക്) ഗുണനിലവാരവും അതുപോലെ ഉറപ്പാക്കണം. ടാറ്റുചെയ്താല്‍ രണ്ടുദിവസം പ്രസ്തുതഭാഗത്ത് നനയ്ക്കരുത്. അതുപോലെ പോറല്‍ വീഴാനോ മുറിവുപറ്റാനോ ഇടവരരുത്. ടാറ്റുചെയ്ത ഭാഗം സുതാര്യമായ നേര്‍ത്ത പ്ലാസ്റ്റിക്ഷീറ്റ് ഉപയോഗിച്ച് രണ്ടുദിവസം മറയ്ക്കാം. ആന്റി സെപ്റ്റിക് ക്രീമുകളോ വാസ്‌ലിന്‍ പോലുള്ള ക്രീമുകളോ ഉപയോഗിക്കണം. അങ്ങനെ നിര്‍ദേശങ്ങള്‍ അനവധി. എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടാനും മറക്കരുത്.

ടാറ്റുചെയ്യേണ്ട ഡിസൈന്‍ ഏതെന്ന് ആദ്യം ഉറപ്പിക്കണം. മായ്ക്കാനുള്ള സാങ്കേതികവിദ്യയും ഇപ്പോഴുണ്ട്. എന്നാല്‍, മായ്ച്ചാലും പാടുവീഴാം. വിവിധ നിറങ്ങളിലും ടാറ്റു പതിക്കാവുന്നതാണ്. സ്‌ക്വയര്‍ ഇഞ്ച് നിരക്കിലാണ് പണം ഈടാക്കുന്നത്. കൈ, ചുമല്‍, കഴുത്ത് എന്നിവിടങ്ങളിലാണ് സാധാരണയായി ടാറ്റു പതിക്കാറുള്ളത്. ചിത്രശലഭം, നക്ഷത്രചിഹ്നം, ലിപികള്‍ എന്നിവ ചെയ്യാനാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ താത്പര്യപ്പെടുന്നത്. ആണ്‍കുട്ടികള്‍ നടരാജ, ഗണപതി തുടങ്ങി ഹിന്ദുമിത്തോളജിയില്‍നിന്നുള്ള രൂപങ്ങളും വ്യാളീചിഹ്നങ്ങളും തിരഞ്ഞെടുക്കുന്നു. ട്രൈബല്‍ ചിഹ്നങ്ങള്‍ തിരഞ്ഞെടുക്കുന്നവരും ഉണ്ട്.

ടാറ്റുവിലെ പുതിയ ട്രെന്‍ഡ് മുഖചിത്രങ്ങള്‍ പതിക്കുന്നതാണ്. നമുക്ക് പ്രിയപ്പെട്ടവര്‍ ഉള്‍പ്പെടെ ആരുടെയും മുഖചിത്രങ്ങളും പതിക്കാം. പക്ഷേ, പിന്നീട് അബദ്ധമായി എന്നുപറയരുത് എന്നുമാത്രം. മലബാറില്‍ ടാറ്റുവിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അരുണ്‍ പറയുന്നു. നാലുമാസങ്ങള്‍ക്കകം ഇരുന്നൂറോളം പേര്‍ക്ക് ടാറ്റുചെയ്തുകഴിഞ്ഞു. പെര്‍മനന്റ് ടാറ്റു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ദിവസങ്ങള്‍ക്കകം മാഞ്ഞുപോകുന്ന ടെമ്പററി ടാറ്റുവും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.