ബാബുക്കയുടെ ഈണങ്ങളിലലിഞ്ഞ്‌

ബിബിന്‍ ബാബു

നൂറുവര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമാ ചരിത്രം പുതുവഴികള്‍ തീര്‍ത്ത് മുന്നേറുമ്പോള്‍ സിനിമാ സംഗീതലോകത്തും പുതിയ താളങ്ങള്‍ പിറന്നുകൊണ്ടിരിക്കുകയാണ്. നവാഗത ചിത്രങ്ങള്‍ക്കൊപ്പം സജീവമാകുന്ന നവാഗതരായ സംഗീത സംവിധായകരും ഈ രംഗത്ത് വിസ്മയം തീര്‍ക്കുകയാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ വഴികളില്‍ ഉടന്‍ പുറത്തിറങ്ങുന്ന 'കുന്താപുര' എന്ന ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്യുന്ന രണ്ട് യുവ സംഗീത സംവിധായകരുടെ വിശേഷങ്ങളിലൂടെ...

''ചെറുപ്പത്തിലേ ബാബുക്കയായിരുന്നു കാതുനിറയെ... നാട്ടിടവഴികളിലും വീട്ടിലും റേഡിയോയിലും ടേപ്പ് റെക്കോര്‍ഡറില്‍ നിന്നും ഉയരുന്ന ബാബുക്കയുടെ പാട്ടുകള്‍ വസന്തം തീര്‍ത്തിരുന്ന കുട്ടിക്കാലമാണ് തന്നെയൊരു സംഗീത സംവിധായകനാക്കിയത്'' എന്ന് പറയുകയാണ് വിമല്‍ ടി.കെ. കോഴിക്കോട് മലാപ്പറമ്പാണ് സ്വദേശം. അഞ്ചാം വയസ്സ് മുതലാണ് തബലയുടെയും പിയാനോയുടെയും ലോകത്തെ ചങ്ങാത്തം. സ്‌കൂള്‍ പഠനവും മറ്റും കഴിഞ്ഞ് പാരാമെഡിക്കല്‍ ഫീല്‍ഡിലേക്കായിരുന്നു ആദ്യം കടന്നത്. സ്പീച്ച് ആന്‍ഡ് ഹിയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ലണ്ടനിലെ ലീഡ്‌സ് കോളേജ് ഓഫ് മ്യൂസിക്കിലെ പഠനം തന്റെ വഴി തെളിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം വശമാക്കിയിരുന്നു. ലണ്ടനില്‍ മ്യൂസിക് പ്രൊഡക്ഷന്‍ കോഴ്‌സായിരുന്നു. പഠനശേഷം ഏറെനാള്‍ ഇംഗ്ലീഷ് പാട്ടുകളുടെ പശ്ചാത്തലമൊരുക്കുന്ന ഇലക്‌ട്രോണിക് മ്യൂസിക് പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്തു. ഹോളിവുഡ് സൗണ്ട് ഡിസൈനര്‍മാരായ ഡേവിഡ് സോങ്ക്‌ഷേ, ഗരാബ് ജോണ്‍സ് എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാനായത് ഏറെ ഗുണം ചെയ്തു.

നാട്ടിലെത്തിയ ശേഷം മലയാളത്തില്‍ 'ബ്രേക്കിങ് ന്യൂസി'ലും 'ഡ്രാക്കുള'യിലും ഓരോ പാട്ടുകള്‍ക്ക് ഈണമിട്ടു. ഇപ്പോള്‍ 'കുന്താപുര' എന്ന ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്ക് ഈണമിട്ടുകൊണ്ട് ഒരു തികഞ്ഞ സംഗീത സംവിധായകനായിരിക്കുന്നു.

''കര്‍ണാട്ടിക് മോഡലില്‍ പഴയ സംഗീതോപകരണങ്ങളുടെ പശ്ചാത്തലം തീര്‍ത്തുള്ള അഞ്ച് പാട്ടുകള്‍ ഏറെ വെല്ലുവിളിയായിരുന്നു. ഗാനരചയിതാവിനെ നേരിട്ട് കാണുന്നത് മ്യൂസിക് പ്രകാശന ചടങ്ങിനാണ്.

അയച്ചുകിട്ടിയ വരികള്‍ക്ക് യു.കെ. യില്‍ വച്ചുതന്നെ ഈണമിട്ടു. സൈ്കപ്പും മൊബൈലും വഴിയായിരുന്നു ചര്‍ച്ചകള്‍. പാട്ടുകേട്ട് സംഗീതലോകത്തും സിനിമാ ലോകത്തുമുള്ള നിരവധിപേരുടെ അഭിനന്ദനം ലഭിച്ചത്ഏറെ പ്രചോദനമേകുന്നു'' എന്ന് ഇദ്ദേഹം പറയുന്നു.

ബോളിവുഡില്‍ മഹേഷ് മഞ്ച്‌രേക്കറുടെ 'കോഗെ്‌നസ്റ്റ' എന്ന ചിത്രവും മലയാളത്തില്‍ 'ലോങ് സൈറ്റ്' എന്ന നവാഗതരുടെ ചിത്രവും പുതിയ പ്രോജക്ടുകളാണ്.

'കുന്താപുര'യിലെ 'കണ്‍മണി...' എന്ന യുഗ്മഗാനത്തിന്റെ വരികളെഴുതിക്കൊണ്ടും ഇദ്ദേഹം ശ്രദ്ധേയനായി. ചിത്രത്തിലെ ഗാനരചയിതാക്കളായ ജോര്‍ജി ജോണിന്റെയും ശ്രീവര്‍മയുടെയും പ്രചോദനമാണ് ഇതിന് പ്രേരണയെന്ന് ഇദ്ദേഹം പറയുന്നു.

സംഗീതത്തിന്റെ ഈസ്റ്റേണ്‍-വെസ്റ്റേണ്‍ ബ്ലെന്‍ഡ് റിസര്‍ച്ചും ഒപ്പം നടത്തുന്നുണ്ട്. പുതിയ സംഗീത സംവിധായകരില്‍ റെക്‌സ് വിജയന്‍, ഷാന്‍ റഹ്മാന്‍, രാഹുല്‍ രാജ് എന്നിവരുമായുള്ള സൗഹൃദം ഏറെ അവസരങ്ങള്‍ തുറക്കുകയായിരുന്നുവെന്ന് വിമല്‍ പറയുന്നു.

തെന്നിന്ത്യയിലെ ഇളയരാജയുടെയും റഹ്മാന്റെയും സംഗീതത്തിന്റെ തികഞ്ഞ ആരാധകനായ വിമല്‍ യു.കെ. യിലേക്കുള്ള പാട്ടുകളുടെ ഇലക്‌ട്രോണിക് കോഡും ട്യൂണും ഓണ്‍ലൈനില്‍ അയച്ചുകൊടുക്കുന്ന തിരക്കിലാണിപ്പോള്‍.

രണ്ട് മാസത്തിനു ശേഷം യു.കെ.യിലേക്ക് മടങ്ങുമെങ്കിലും ബോളിവുഡിലും മോളിവുഡിലും ടോളിവുഡിലുമൊക്കെ പാട്ടിന്റെ വസന്തം തീര്‍ക്കാന്‍ ഉടന്‍ തിരിച്ചുവരുമെന്ന് ഇദ്ദേഹം പറയുന്നു.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.