സംഗീതവഴിയിലെ അച്ഛന്റെ മകള്‍'സഖിയേ നിന്‍ കണ്‍മുനകളില്‍...' എന്ന ഒരു ഗാനം കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഒരു പെണ്‍കുട്ടി. 'കാസനോവ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലും ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനി ഗൗരി ലക്ഷ്മിയുടെ സ്പര്‍ശമുണ്ടായിരുന്നു. ഉടന്‍ പുറത്തിറങ്ങുന്ന 'കുന്താപുര' എന്ന ചിത്രത്തിലും ഗൗരിയുടെ സംഗീത സംവിധാനത്തില്‍ ഒരു ഗാനം പിറന്നിട്ടുണ്ട്. തന്റെ സംഗീതത്തിന് അച്ഛന്റെ ശബ്ദം ജീവന്‍ നല്‍കുന്നതിന്റെ അപൂര്‍വ ഭാഗ്യം ഈ ചിത്രത്തിലൂടെ തനിക്ക് കൈവരികയാണെന്ന് ഗൗരി പറയുന്നു.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. യിലെ ബി.എ. മ്യൂസിക് വിദ്യാര്‍ത്ഥിനിയായ ഈ പാട്ടുകാരി സംഗീതവഴിയിലേക്ക് ഹരിശ്രീ കുറിച്ചിറങ്ങുന്നത് മൂന്നാം വയസ്സിലാണ്. ആലപ്പുഴയിലെ കായലോളങ്ങളും പച്ചപ്പുകളും കണ്ടുവളര്‍ന്ന കുട്ടിക്കാലത്ത് എസ്.കെ. സുമ എന്ന പാട്ടു ടീച്ചറില്‍നിന്നാണ് 'സരിഗമ...' പാടി തുടങ്ങുന്നത്. ശേഷം വൈക്കം വാസുദേവന്‍ തുടങ്ങി നിരവധി ഗുരുക്കന്മാരുടെ ശിഷ്യയായി. സംഗീത പാരമ്പര്യമുള്ള കുടുംബവും തന്റെ സംഗീതയാത്രകള്‍ക്ക് കൂട്ടായെന്ന് ഗൗരി പറയുന്നു.

ചലച്ചിത്ര പിന്നണിഗായകനും 2011-ലെ സംസ്ഥാന നാടക അവാര്‍ഡ് ജേതാവുമായ ഹരികൃഷ്ണനാണ് അച്ഛന്‍. 'നാദബ്രഹ്മം' എന്ന ചിത്രത്തില്‍ മോഹന്‍ സിത്താരയുടെ ഈണത്തില്‍ പാടി ചലച്ചിത്ര പിന്നണിയിലേക്ക് കടന്ന ഇദ്ദേഹം 'മിഴി' എന്ന പടത്തിലും പാട്ടുകള്‍ ചെയ്തു. മകളുടെ ഈണത്തില്‍ തന്റെ ശബ്ദം മൂന്നാം ചിത്രത്തിലേക്കെത്തുമ്പോള്‍ ഏറെ ആനന്ദത്തിലാണ് ഹരികൃഷ്ണന്‍.

ഗൗരിയുടെ അമ്മ ബിന്ദുവും പാട്ടിന്റെ ലോകത്താണ്. ഇവരുടെ, വൈക്കത്തെ 'ഗൗരി ഗായത്രി വിദ്യാപീഠ'ത്തില്‍ മുന്നൂറോളം പേര്‍ സംഗീതവും ഉപകരണ സംഗീതവും അഭ്യസിക്കുന്നുണ്ട്. അച്ഛന്‍ ഹരികൃഷ്ണന്‍ നടത്തുന്ന റെക്കോഡിങ് സ്റ്റുഡിയോയും ഇതോടൊപ്പമുണ്ട്. ഗൗരിയുടെ സഹോദരിയും പാശ്ചാത്യവയലിന്‍ അഭ്യസിക്കുന്നുണ്ട്.

കര്‍ണാടിക് സംഗീത വഴിയിലാണ് തുടക്കമെങ്കിലും തന്റെ ശബ്ദത്തിന് ചേര്‍ന്നത് പാശ്ചാത്യ സംഗീതമാണെന്നാണ് ഗൗരിയുടെ പക്ഷം. പിയാനോയിലും ഗിറ്റാറിലും മാസ്മരിക താളം തീര്‍ക്കുമ്പോഴും വരികളെഴുതിയും പാട്ടുകള്‍ പാടിയും സംഗീതത്തിന്റെ എല്ലാ വഴിയിലും സജീവ സാന്നിദ്ധ്യമാവുയാണ് ഈ പതിനെട്ടുകാരി.

ഒരോ മാസവും ചെന്നൈയിലേക്ക് വണ്ടികേറി യൂറോപ്യന്‍ മ്യൂസിക്കും പഠിക്കുന്നുണ്ട്, ഒപ്പം ഹിന്ദുസ്ഥാനിയും. 'പ്രിവ്യൂ' എന്ന പുതിയ ചിത്രത്തിലും ഒരു പാട്ടിന്റെ സംഗീതം ഗൗരിയുടേതാണ്. തന്റെ സ്വതന്ത്ര സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഒരു ചിത്രമാണ് അടുത്ത സ്വപ്നമെന്ന് ഗൗരി മനസ്സു തുറക്കുന്നു. സൗണ്ട് എന്‍ജിനീയറിങ്, ഓഡിയോ പ്രൊഡക്ഷന്‍ ടെക്‌നിക് തുടങ്ങിയവയും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഗൗരി വശമാക്കിക്കഴിഞ്ഞു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.