കൊച്ചിക്ക് എഫ് റൂട്ട്‌

ബിബിന്‍ ബാബുകൗമാരത്തിന്റെ ചിന്തകളും ചലനങ്ങളും രാഷ്ട്രീയവും പ്രണയവും വിരഹവുമൊക്കെ ചേര്‍ത്തുവച്ച് തുന്നികെട്ടിയ ഒരു കോളേജ് മാഗസിന്‍... പച്ചപ്പു നിറഞ്ഞ വാകമരച്ചോട്ടിലെ ചുവന്ന ഓര്‍മകളോടൊപ്പം ഏവരും ചേര്‍ത്തുപിടിച്ചിരുന്ന അക്ഷരക്കൂട്ടുകള്‍... എഡിറ്ററും സബ് എഡിറ്ററും മറ്റുള്ളവരും കൂടി കാമ്പസ്സിലെ പല ബുജികളുടെയും പഴന്തുണികളുടെയും രചനകള്‍ക്കായി പിറകെ ഇരന്നുനടന്നിരുന്ന കോളേജ് കാലം... ഒരു കോളേജ് മാഗസിന്‍ വെളിച്ചം കാണുന്നതിന് പിന്നിലെ എല്ലാ തമാശകളും കടവുവിട്ട ഓര്‍മകള്‍ പോലെ ഒരു തിരനോട്ടത്തിന്റെ അകലത്ത് ഇപ്പോഴുമുണ്ട്.

എല്ലാം കഴിഞ്ഞൊടുക്കം പടിയിറങ്ങി പലവഴിക്ക് പിരിഞ്ഞുപോയാലും ഈ ഓര്‍മകള്‍ നിത്യഹരിതമാണ്. കോളേജിലെ രസം നിറഞ്ഞ ഇത്തരം കോളേജ് മാഗസിന്‍ ജോലികളെ ഒരു പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഏതാനും കൂട്ടുകാരുണ്ട് നഗരത്തില്‍. കൊച്ചിയുടെ നടവഴികള്‍ക്കും പ്രൗഢിയുറങ്ങുന്ന കെട്ടിട സമുച്ചയങ്ങള്‍ക്കും ആഗോളമാനം പകരാനായി തങ്ങളുടെ പുതിയ ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണിവര്‍. 'റൂട്ട് കൊച്ചിന്‍' -(റൂട്‌സ് ഫ്രം കൊച്ചിന്‍ ടു മെനി പ്ലേസസ് ആന്‍ഡ് ഫെയ്‌സസ്) തങ്ങളുടെ മാഗസിന്‍ പേര് അവര്‍ ഒതുക്കുന്നത് ഇങ്ങനെയാണ്. കൊച്ചിക്കായി ഒരു നമ്പറും അവര്‍ തയ്യാറാക്കിഞ്ഞു, '9288-cochin'- മൊബൈല്‍ കീ പാഡിലെ അക്ഷരങ്ങള്‍ അക്കങ്ങളാക്കിയാല്‍ റൂട്ട് കൊച്ചിന്റെ നമ്പറായി.

'കൊച്ചി'യെന്ന പേര് എവിടെനിന്നാണ് ആവിര്‍ഭവിച്ചത് എന്ന സംവാദത്തോടെയായിരുന്നു കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ഇവര്‍ മാഗസിനിന്റെ പ്രീ ലോഞ്ചിങ് പരിപാടികള്‍ക്ക് ഫെയ്‌സ് ബുക്കിലൂടെ തുടക്കമിട്ടത്. കൊച്ചാഴിയില്‍ നിന്നോ, ചൈനയെപ്പോലെ എന്നര്‍ത്ഥമുള്ള കൊ-ച്ചിന്നില്‍ നിന്നോ, ഹാര്‍ബര്‍ എന്നര്‍ത്ഥമുള്ള കാസിയില്‍ നിന്നോ, പെരിയാറിന്റെ കൈവഴിയായി വേമ്പനാടിന്റെ അഴിമുഖത്തേക്ക് പ്രവേശിക്കുന്ന 'കൊച്ചു' എന്ന നദിയില്‍ നിന്നോ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. കൊച്ചിയുടെ മുക്കിലും മൂലയിലും നിന്ന് ഒപ്പിയെടുത്ത മിഴിവാര്‍ന്ന കാഴ്ചകളും സാധാരണക്കാരെ പ്പറ്റിയുള്ള ഫീച്ചറുകളും ഇവര്‍ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആഗോള മാനം നല്‍കിക്കഴിഞ്ഞു.

ഓരോ ദിനത്തിന്റെയും പ്രത്യേകതകള്‍ ഓര്‍ത്ത് പ്രത്യേക പോസ്റ്റുകളും പരിപാടികളും ഇവര്‍ ഒരുക്കുന്നുമുണ്ട്. കൊച്ചിയില്‍ ആദ്യമായി വിരുന്നെത്തിയ ബിനാലെയ്ക്ക് ഇവരുടെ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു. ഓരോ ദിവസത്തെയും അപ്‌ഡേറ്റുകള്‍ നല്‍കുന്നതോടൊപ്പം ബിനാലെയ്ക്കായി ഒരു ഗാനവും ഇവര്‍ ചിത്രീകരിച്ചു. അത്യാവശ്യമായി രക്തം ആവശ്യമുള്ളവരെ സഹായിക്കാനുള്ള പോസ്റ്റുകളും ഇവരുടെ പേജില്‍ സജീവം. മദേഴ്‌സ് ഡേയോടനുബന്ധിച്ച് മത്സരങ്ങളും ഇവര്‍ നടത്തി.

ഇതൊക്കെ കൂടാതെ ഉത്സവങ്ങള്‍, നഗരത്തിലെ ചിത്രപ്രദര്‍ശനങ്ങള്‍, തെരുവുകള്‍, തുരുത്തുകള്‍, പുതിയ കാറുകള്‍, ഫാഷന്‍, ആഘോഷങ്ങള്‍, അടിക്കടിയെത്തുന്ന ലോകോത്തര കപ്പലുകള്‍, ദിനംപ്രതി സംഭവങ്ങള്‍, സംരംഭങ്ങള്‍, ഫ്ലവര്‍ ഷോ, കൊച്ചിന്‍ ഫാഷന്‍ വീക്ക്, ഡോഗ് ഷോ, ഹോളി, കാര്‍ണിവല്‍, ക്രിസ്മസ്, റിക്ഷാറണ്‍, ക്രിക്കറ്റ്, കൃഷി, സൈക്ലോതോണ്‍, റേസ്, തിയേറ്റര്‍ഫെസ്റ്റ്, മഞ്ജു-ശോഭന നൃത്തങ്ങള്‍, പട്ടം, കാക്കൂര്‍ കാളവയല്‍, ദര്‍ബാര്‍, മിലാനോ ഐസ്‌ക്രീം, സന്തോഷ്‌ട്രോഫി, ഓര്‍ണമെന്റ്‌സ്, ഫുഡ്, ബുക്ക്, ലുലു, വിഷു, ഈസ്റ്റര്‍, ജ്വല്ലറികള്‍, അരയങ്കാവിലെ ഗരുഡന്‍ തൂക്കം, സ്പ്ലാഷ്, കേക്ക്, ഫോര്‍ട്ടുകൊച്ചിക്കാരന്‍ സൈനുദ്ദീനിന്റെ ചോക്ക് ശില്‍പങ്ങള്‍, കഥകളി, ഓട്ടോ ഷോ, പുസ്തക പ്രദര്‍ശനങ്ങള്‍, ഡി ജെ ഷോകള്‍, സ്ലൊവേനിയക്കാരി എറിക്കയുടെ ആര്‍ട്ടിഷ് പ്രദര്‍ശനം, കുട്ടവഞ്ചിയിലെ നാടോടികള്‍, കെട്ടു പൊട്ടിക്കല്‍, യാത്രകള്‍, നളിനി അമ്പാടിക്കായുള്ള കാമ്പയിന്‍, നായകളുടെ രക്ഷയ്ക്കായി നഗരത്തിലെത്തിയ ജര്‍മന്‍കാരന്‍ ക്ലോസ് തുടങ്ങി നിരവധി സംഭവങ്ങളെയും ആളുകളെയും നൂതന വെബ് പബ്ലിഷിങ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയോടെ ചുരുങ്ങിയ കാലം കൊണ്ട് ഇവര്‍ ഷോ കേസ് ചെയ്തുകഴിഞ്ഞു.

എച്ച്.ഡി. യുഗത്തില്‍ കൊച്ചിക്കൊരു പോസിറ്റീവ് ഔട്ട്‌ലുക്ക് തന്നെയാണ് കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന റൂട്ട് കൊച്ചിന്‍ ടീമിന്റെ ലക്ഷ്യം. കൊച്ചിയുടെ സൗന്ദര്യത്തെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ മാഗസിന്‍ എന്ന സ്വപ്നം ഉടന്‍ സാക്ഷാത്കരിക്കുമെന്ന് റൂട്ട് കൊച്ചിന്‍ സി.ഇ.ഒ. ആയ സുധിത് സേവ്യര്‍ പറയുന്നു. തേവര കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം സുധിത്, കോളേജിന് മുമ്പിലായിത്തന്നെ തങ്ങളുടെ ഓഫീസ് കെട്ടിപ്പടുക്കുകയായിരുന്നു.

കൂട്ടുകാരായ വിഷ്ണു രാജന്‍, ജോസ് വര്‍ഗീസ്, അനന്യ രാജു, സിമി തോമസ് എന്നിവരും ഫോട്ടോഗ്രാഫര്‍മാരായും റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും സംരംഭത്തിന് ഒപ്പമുണ്ട്. സുധിത്തിന്റെ പിതാവ് സേവ്യര്‍ തന്നെയാണ് ഇവരുടെ ഫിനാന്‍ഷ്യല്‍ ഓഫീസര്‍.

ഇതൊക്കെ കൂടാതെ കൊച്ചിയിലും മറ്റ് പ്രമുഖ നഗരങ്ങളിലുമായി ഒമ്പതോളം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കം റിപ്പോര്‍ട്ടര്‍മാരും ഇപ്പോഴിവര്‍ക്കുണ്ട്. ഫോട്ടോഗ്രാഫി, സോഷ്യോളജി, ഡിസൈന്‍ തലങ്ങളിലെ കോഴ്‌സുകള്‍ക്ക് ശേഷം ഒരു പാഷന്‍ ആയി കൊണ്ടുനടന്ന ആശയം ഊതിക്കത്തിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

കോളേജ് മാഗസിന്‍ മാത്രം ചെയ്ത പരിചയം മാത്രമാണ് പിന്‍ബലം. ഇതിനകം അയ്യായരത്തോളം പ്രേക്ഷകര്‍ ഇവരുടെ പേജിനായി വന്നുകഴിഞ്ഞു. പല സ്ഥലങ്ങളില്‍ നിന്നും പുതുമയുള്ള ഫീച്ചറുകള്‍ ഓരോരുത്തര്‍ തങ്ങളെ വിളിച്ചറിയിക്കുന്നണ്ട് ഇപ്പോഴെന്ന് ഇവര്‍ പറയുന്നു.

വേറിട്ടവഴി തിരഞ്ഞെടുത്തതിനാല്‍ പഴികള്‍ സാധാരണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ആത്മവിശ്വാസത്തിന്റെ പുറത്ത് പുതിയ ഓണ്‍ലൈന്‍ മാഗസിന്‍ സംരംഭം വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.