പവിഴപ്പുറ്റുകളെ തൊട്ടറിഞ്ഞ്‌കൊച്ചി: പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലക്ഷദ്വീപിനെ തൊട്ടറിയുകയായിരുന്നു ആലുവ യു.സി. കോളേജിലെ വിദ്യാര്‍ത്ഥികള്‍. സഹപാഠികളില്‍ ചിലര്‍ ലക്ഷദ്വീപില്‍ നിന്ന് എത്തിയവരായിരുന്നുവെങ്കിലും ആ നാടിനെ കൂടുതല്‍ അറിയാനും അവരുടെ സംസ്‌കാരങ്ങള്‍ കണ്ട് മനസ്സിലാക്കാനുമായിരുന്നു പഠനയാത്ര.

യു.സി. കോളേജിലെ 'പാത്ത് വേയ്‌സ് ടു ഹയര്‍ എജ്യുക്കേഷന്‍ പ്രോജക്ടി'ന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷദ്വീപിലേക്ക് പഠനയാത്ര നടത്തിയത്. ഫോര്‍ഡ് ഫൗണ്ടേഷന്റെയും ബാംഗ്ലൂര്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഒന്‍പത് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ബി.എ, ബി.എസ്‌സി വിഭാഗത്തിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. നാട്ടിലെ കുട്ടികള്‍ക്ക് ലക്ഷദ്വീപിനെ കുറിച്ചും അവിടത്തെ ജീവിത സാഹചര്യങ്ങളെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കാന്‍ യാത്ര സഹായകമായി.

ലക്ഷദ്വീപ് ജനതയ്ക്ക് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.

കവരത്തിയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങിയത്. കച്ചവടത്തിനും ആസ്പത്രി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി ആ നാട്ടിലെ കുട്ടികള്‍ ആശ്രയിക്കുന്നത് കേരളത്തെയാണ്. അവിടത്തെ ഭാഷയും ജനങ്ങളുടെ ദുരിതങ്ങളും അറിയാന്‍ പഠനയാത്ര കൊണ്ട് സാധിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ലക്ഷദ്വീപിലെ നാട്ടുകാരുമായി ഇടപഴകാനും പലരുടെയും അഭിപ്രായങ്ങള്‍ അറിയാനും കഴിഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്യുമെന്ററി ചെയ്യാനും കുട്ടികള്‍ക്ക് സാധിച്ചു. അവിടത്തെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ ആല്‍ബവും പിന്നെ, യാത്രാ വിവരണങ്ങളും തയ്യാറാക്കി കോളേജില്‍ പ്രദര്‍ശിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ടിട്ടുണ്ട്.

12 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് പഠനയാത്രയില്‍ ഉണ്ടായിരുന്നത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.