സ്‌നേഹം വിളമ്പി ലീവ്‌സ്‌



കാരുണ്യത്തിന്റെ സ്പര്‍ശവുമായി സംസ്‌കൃത സര്‍വകലാശാലയിലെ 'ലീവ്‌സ്' ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ മഞ്ഞപ്ര 'കരുണാലയം' സന്ദര്‍ശിച്ചു. അനാഥരായ 90 പെണ്‍കുട്ടികള്‍ താമസിക്കുന്ന 'കരുണാലയ'ത്തില്‍ സ്‌നേഹം പങ്കുവെച്ചും ഒരുനേരത്തെ ഭക്ഷണം വിളമ്പിയുമാണ് അംഗങ്ങള്‍ മടങ്ങിയത്.

സര്‍വകലാശാലയില്‍ അടുത്തിടെ രൂപംകൊണ്ട ലീവ്‌സ് ഓര്‍ഗനൈസേഷന്‍ ലക്ഷ്യമിടുന്നത് സാധുജന സേവനമാണ്. എല്ലാ മാസവും അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് ഒരുനേരത്തെ ഭക്ഷണം അന്തേവാസികള്‍ക്ക് വിളമ്പുന്നു. സംഘടനയുടെ അംഗങ്ങള്‍ തന്നെ ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്നു. മലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന 'ആകാശപ്പറവകള്‍' അഭയകേന്ദ്രത്തില്‍ ഭക്ഷണം വിളമ്പിയാണ് ഇതിന് തുടക്കം കുറിച്ചത്.

സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ ബി.എഫ്.എ. മ്യൂറല്‍ പെയിന്റിങ് വിദ്യാര്‍ഥി കെ.ആര്‍. രാജേഷും സഹപാഠികളും ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപംകൊടുത്തത്. ആലുവ എസ്.ഒ.എസ്. ഗ്രാമത്തിലെ അന്തേവാസിയായ രാജേഷിന്റെ മനസ്സിലുദിച്ചതാണ് ഈ ആശയം.

35 അധ്യാപകര്‍ സംഘടനയില്‍ അംഗങ്ങളായി പ്രോത്സാഹനം നല്‍കി. ഓരോ മാസവും ഓരോ അധ്യാപകര്‍ ഭക്ഷണത്തിനുള്ള ചെലവ് വഹിക്കാനും തീരുമാനിച്ചു. പ്രവര്‍ത്തനം അടുത്തറിഞ്ഞ് ഇപ്പോള്‍ കൂടുതല്‍ പേര്‍ സംഘടനയുമായി സഹകരിക്കുന്നു. സംഘടനയുടെ രക്ഷാധികാരി ഡോ. കെ. രമാദേവി, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡോ. മുരളീധരന്‍ പിള്ള, ഡോ. കെ.വി. സുരേഷ്, ഡോ. ഷീബ, ഡോ. ടി.ജി. സുരേഷ്‌കുമാര്‍, ചിത്ര, ചിന്തു, എ.എസ്. കൃഷ്ണരാജ്, എ.എസ്. ഗോവിന്ദരാജ്, കെ.ആര്‍. രാജേഷ് എന്നിവരാണ് കരുണാലയം സന്ദര്‍ശിച്ചത്.

നിലവില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍, പഠനം പൂര്‍ത്തിയാക്കി മടങ്ങിയാലും സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.