ഹാര്‍ട്ട് ബ്രേക്കേഴ്‌സ്‌

ബിബിന്‍ ബാബു

രണ്ടുവര്‍ഷം മുമ്പ് കോളേജില്‍ വച്ചായിരുന്നു അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. ഒരേ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊളിപ്പിച്ച തൂവല്‍പ്പക്ഷികള്‍. ഹൃദയത്തില്‍ വരമായി കിട്ടിയ സംഗീതമെന്ന കൈയൊപ്പില്‍ അവരൊന്നുചേര്‍ന്ന് കോളേജില്‍ ഒരു മ്യൂസിക് ബാന്‍ഡിന് താളമേകി. കലാലയ ഹൃദയത്തുടിപ്പുകളുടെ ഈറ്റില്ലമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരേ ഒരു പേരേ ബാന്‍ഡിനായി അവര്‍ മനസ്സില്‍ ശ്രുതിമീട്ടിയുള്ളൂ... 'ഹാര്‍ട്ട് ബ്രേക്കേഴ്‌സ്'.നാടന്‍ പാട്ടുകളും പൗരസ്ത്യവും പാശ്ചാത്യവും കോര്‍ത്തിണക്കിയുള്ള അവിയല്‍ ലൈന്‍ അവതരണവും കൊണ്ട് ഇവരുടെ കര്‍ണാട്ടിക് റോക് ബാന്‍ഡ് ചുരുങ്ങിയ നാളുകൊണ്ട് കാമ്പസ്സുകളില്‍ ശ്രദ്ധേയമായി. യുവത്വത്തെ മോഹിപ്പിക്കുന്ന സംഗീതക്കൂട്ടുമായി.

കോളേജിലെ ക്ലാസ് മുറികളില്‍ നിന്നുയരുന്ന ചടുല സംഗീതത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘാംഗങ്ങള്‍ ഇക്കുറി കോട്ടയത്ത് നടന്ന രജതജൂബിലി എം.ജി. കോലോത്സവ നഗരിയിലെ മിന്നും താരങ്ങളായിരുന്നു.

സിദ്ധാര്‍ഥ് ഭരത്, സന്ദീപ് മോഹന്‍, പ്രിന്‍സ് എബ്രഹാം, സാം ബാബു, ഗോഡ്‌സണ്‍ സ്റ്റാമിയോ തുടങ്ങിയവരുടെ കൂട്ടായ്മയില്‍ പിറന്ന 'ഹാര്‍ട്ട് ബ്രേക്കേഴ്‌സ് ബാന്‍ഡ്' തങ്ങളുടെ മൂന്നാം വര്‍ഷത്തില്‍ കൊച്ചിയുടെ സായാഹ്നങ്ങളെ സംഗീതഭരിതമാക്കാനുള്ള പുതിയ ആല്‍ബത്തിന്റെ പണിപ്പുരിയിലാണ്.

തുടക്കം ഹൃദയത്തില്‍ നിന്ന്


കോളേജിന്റെ ആസ്ഥാന ഗായകനായ സിദ്ധാര്‍ഥിന്റെ ഐഡിയയിലാണ് ബാന്‍ഡിന്റെ പിറവി. ഇന്‍സ്ട്രുമെന്റിന്റെ അകമ്പടികളോടെ കൂട്ടൂകാര്‍ കൂടി ഒരേ ഹൃദയത്തോടെ കൈകൊടുത്ത് 2011-ല്‍ 'ഹാര്‍ട്ട് ബ്രേക്കേഴ്‌സ്' തുടങ്ങുകയായിരുന്നു.

പേരിന് പിന്നിലെ രഹസ്യം അവര്‍ പറയുന്നതിങ്ങനെ: ''പാടിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദമേകുന്നതും പാട്ട് മുറിഞ്ഞാല്‍ ഹൃദയവേദന നിറയ്ക്കുന്നതുമായ ഫ്യൂഷനാണ് ഞങ്ങളുടെ ബാന്‍ഡിന്റെ വിജയ രഹസ്യം...''

ട്രിച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന 'ഫെസ്റ്റംബര്‍' ദേശീയ മ്യൂസിക് ബാന്‍ഡ് മത്സരത്തില്‍ തരംഗിണി ഈസ്റ്റേണ്‍ ബാന്‍ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ഹാര്‍ട്ട് ബ്രേക്കേഴ്‌സിന്റെ അരങ്ങേറ്റം.

ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി റോക്ക് ബാന്‍ഡുകളെ പിന്നിലാക്കിയാണ് അന്ന് അവര്‍ വിജയം കുറിച്ചത്.

'ആലായാല്‍ തറവേണം, അടുത്തൊരമ്പലം വേണം, ആലിനു ചേര്‍ന്നൊരു കുളവും വേണം' എന്ന നാടന്‍ പാട്ട് റോക്ക് ഇനമായി അവതരിപ്പിച്ച് തുടക്കമിട്ട ഈ സംഘം റോക്കും നാടനും ചേര്‍ന്ന് യുവമനസ്സുകള്‍ക്ക് പുതിയ രാഗങ്ങളുടെ ലഹരിയേകുകയാണ്.

യുവതയുടെ ആഘോഷമായി അടുത്തിടെ കൊച്ചിയില്‍ നടന്ന സംഗീത പരിപാടിയില്‍ 'കാക്ക കാക്ക'യിലെ 'ഉയിരിന്‍ ഉയിരെ...' യും 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ 'തനതിന്ത താന...' യും റോക്ക് ഇനമായി അവര്‍ അവതരിപ്പിച്ചു. മലയാളം, തമിഴ്, ഹിന്ദി പാട്ടുകളാണ് ഇവര്‍ കൂടുതലായും റോക്കാക്കുന്നത്.

പഠനത്തോടൊപ്പം പരിശീലനവും നടത്തിയാണ് അവര്‍ പാട്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.

കലോത്സവത്തിലെ മിന്നും താരങ്ങള്‍


ഇത്തവണത്തെ എം.ജി. കലോത്സവത്തില്‍ വ്യക്തിഗത ഇനങ്ങളിലെല്ലാം അവര്‍ വിജയം നേടി. ലളിതഗാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ നേടിയ വിജയം ആവര്‍ത്തിച്ച് ഹാട്രിക് വിജയവുമായി ബാന്‍ഡിലെ ഗായകന്‍ സിദ്ധാര്‍ഥ് ഭരതും പാശ്ചാത്യ തന്ത്രി വാദ്യത്തിലും (ഗിറ്റാര്‍) പാശ്ചാത്യ തുകല്‍ വാദ്യത്തിലും (ജാസ്) കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ബാന്‍ഡിലെ ലീഡ് ഗിറ്റാറിസ്റ്റ് സന്ദീപ് മോഹനും ജാസ് ഡ്രമ്മര്‍ പ്രിന്‍സ് എബ്രഹാമും പാശ്ചാത്യ സുഷിര വാദ്യത്തില്‍ (പിയാനോ) തുടര്‍ച്ചയായ രണ്ടാം തവണ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബാന്‍ഡിലെ കീബോര്‍ഡിസ്റ്റ് സാം ബാബുവും കലോത്സവ നഗരിയുടെ ആവേശമായി മാറി.

ബിരുദ പഠനത്തിനുശേഷം സംഗീത വഴിയിലേക്ക് മുഴുവന്‍ സമയവും നീക്കിവച്ചിരിക്കുന്ന ബേസ് ഗിറ്റാറിസ്റ്റ് ഗോഡ്‌സണ്‍ സ്റ്റാമിയോ സംഗീത സംവിധായകന്‍ സെജോ ജോണിന്റെ അസിസ്റ്റന്റായി സിനിമാ വഴിയിലേക്കും ചേക്കേറിക്കഴിഞ്ഞു.

കഴിഞ്ഞവര്‍ഷം കോളേജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ സിദ്ധാര്‍ഥിപ്പോള്‍ അങ്കമാലി ഫിസാറ്റില്‍ എം.ബി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മറ്റു മൂന്നുപേരും എസ്.എച്ച്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളും.

റോക്ക് ആല്‍ബത്തിന്റെ സ്വപ്നം


വാരാന്ത്യങ്ങളിലാണ് ബാന്‍ഡിന്റെ പരിശീലനവുമായി അവര്‍ ഒത്തുകൂടുന്നത്.

നഗരമദ്ധ്യത്തിലെ വാടകക്കെട്ടിടത്തില്‍ രാത്രി വൈകിയും നീളുന്ന കിടിലന്‍ റോക്ക് തരംഗം. നഗരത്തിലും ബാംഗ്ലൂര്‍, മുബൈ, പുണെ തുടങ്ങിയ പ്രമുഖ സിറ്റികളിലും നിരവധി പരിപാടികള്‍ മൂന്നുവര്‍ഷത്തിനിടയില്‍ അവര്‍ അവതരിപ്പിച്ചുകഴിഞ്ഞു.

കിട്ടിയ ചെറിയ സമ്പാദ്യമൊക്കെ ചേര്‍ത്തുവച്ച് പുതിയൊരാല്‍ബത്തിന്റെ പണിയും തുടങ്ങിക്കഴിഞ്ഞു. മലയാളം റോക്ക് മിക്‌സ് ആല്‍ബത്തിന്റെ മൂന്ന് പാട്ടുകള്‍ ഒരുങ്ങിയിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഒരു സ്‌പോണ്‍സറിനായുള്ള തിരച്ചിലിലാണെന്നും എല്ലാം ഓകെയായാല്‍ ഉടന്‍ ആല്‍ബം വിപണിയിലെത്തുമെന്നും റോക്ക് കൂട്ടത്തിന്റെ ഉറപ്പ്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.