ജീവിത പാഠങ്ങളുമായി മോര്‍ണിങ് സ്റ്റാര്‍

എ.എസ്. ജിബിനപെണ്‍കുട്ടികളെ മികച്ച കുടുംബിനിയെന്ന പദവിയിലേക്ക് ഉയര്‍ത്താനുള്ള നക്ഷത്രമായി മോര്‍ണിംഗ് സ്റ്റാര്‍ കോളേജ് അങ്കമാലിയില്‍ ഉദിച്ചിട്ട് അമ്പത് വര്‍ഷമാകുന്നു.... സുവര്‍ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോഴും 'നിറഞ്ഞ സ്‌നേഹത്തോടെ സമൂഹത്തെ സേവിക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുക' എന്ന കലാലയത്തിന്റെ ലക്ഷ്യത്തിന് മാറ്റമില്ല. സ്ത്രീകള്‍ അറിവ് നേടുന്നതിലൂടെ കുടുംബത്തിന്റെ അടിത്തറ ശക്തമാകുമെന്ന തിരിച്ചറിവില്‍ നസ്രേത്ത് സിസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ 1963ലാണ് ഹോം സയന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിച്ചത്. ഇവിടെ നിന്നാണ് മോര്‍ണിംഗ് സ്റ്റാര്‍ കോളേജിന്റെ ചരിത്രം തുടങ്ങുന്നത്.

1968ല്‍ കേരള യൂണിവേഴ്‌സിറ്റി ഹോം സയന്‍സ് ബിരുദ കോഴ്‌സ് അനുവദിച്ചപ്പോള്‍ ഹോം സയന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ മോര്‍ണിംഗ് സ്റ്റാറില്‍ നിന്ന് വേര്‍പെട്ടു. നസ്രേത്ത് ഹോംസയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ ആ ഡിപ്ലോമ കോഴ്‌സുകള്‍ ഇന്നും മുന്നോട്ട് പോവുന്നു. പിന്നീട് കലാലയം എം.ജി. യൂണിവേഴ്‌സിറ്റിക്ക് കീഴിലായി.

ഹോം സയന്‍സ് എന്ന ഒറ്റ വിഷയത്തില്‍ ആരംഭിച്ച കലാലയത്തിന് ഇന്നുള്ളത് അഞ്ച് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്‌സുകളുമാണ്. പുതിയ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ അല്‍ഫോണ്‍സ. അധ്യാപകരും വിദ്യാര്‍ത്ഥിനികളും ഉത്സാഹത്തോടെ ആ പ്രതീക്ഷയ്ക്ക് നിറം പകരുന്നു. ലക്ഷ്യ പ്രാപ്തിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം കലാലയത്തിനുള്ളില്‍ മാത്രമല്ല നടത്തുന്നത്. സമൂഹത്തിനുള്ളിലേക്ക് ഇറങ്ങി ചെല്ലാനും കാമ്പസ് ശ്രമിക്കുന്നു.

ഗൃഹദര്‍ശന്‍


കലാലയത്തിലെ ഹോംസയന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടി വര്‍ഷം തോറും നടത്തുന്നുണ്ട്. അതാണ് ഗൃഹദര്‍ശന്‍. മികച്ച കുടുംബിനികള്‍ക്ക് മാത്രമേ ഭാവിയുടെ വാഗ്ദാനങ്ങളായ തലമുറയെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന ദര്‍ശനമാണ് ഗൃഹദര്‍ശന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് നല്‍കുന്നത്. 1992ല്‍ അന്നത്തെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ലൊയോളയുടെ ആശയത്തില്‍ പിറവി കൊണ്ടതാണിത്.

ആദ്യ വര്‍ഷങ്ങളില്‍ എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കലാലയങ്ങളിലെ ഹോംസയന്‍സ് പഠിക്കാത്ത വിദ്യാര്‍ത്ഥിനികളാണ് ഗൃഹദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളാണ് പ്രധാന പങ്കാളികള്‍. പ്ലസ്ടുകാര്‍ക്ക് നല്‍കുന്ന പരിശീലനം കൂടുതല്‍ ഫലപ്രദമാകുന്നുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.കുടുംബം എങ്ങനെ കൈകാര്യം ചെയ്യാം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എങ്ങനെ സംരക്ഷിക്കാം, സ്വയം തൊഴില്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഗൃഹദര്‍ശനില്‍ ക്ലാസ്സ് നല്‍കുന്നുണ്ട്. ഒപ്പം പാചകത്തിനുള്ള പരിശീലനവും ഉണ്ട്. ഹോം സയന്‍സ് വകുപ്പിലെ അധ്യാപകരും വിദ്യാര്‍ത്ഥിനികളുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. നാല്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തിന് അവസരമുള്ളത്. ശനി, ഞായര്‍ അവധി ദിവസങ്ങളിലാണ് പരിശീലനം.

ചേതന


കലാലയത്തിലെ വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍ക്ക് കുടുംബത്തിന്റെ രസതന്ത്രത്തെ സംബന്ധിച്ച ക്ലാസ്സുകള്‍ വര്‍ഷത്തിലൊരിക്കല്‍ രസതന്ത്രം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. സ്ത്രീ ശാക്തീകരണവും സ്വയം തൊഴിലുമൊക്കെ ക്ലാസ്സുകള്‍ക്ക് വിഷയമാവാറുണ്ട്. ചേതന എന്നാണ് ഈ പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൂര്‍ദ്ദസിന്റെ ആശയത്തില്‍ 1995ലാണ് ചേതന രൂപം കൊള്ളുന്നത്. ആരംഭിച്ച വര്‍ഷം മുതല്‍ ചേതന മുടക്കം കൂടാതെ സംഘടിപ്പിച്ചു വരുന്നു. പുറത്ത് നിന്നുള്ള പ്രഗ്ത്ഭരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. അമ്മമാര്‍ ഒരു മടിയും കൂടാതെ ആദിവസം ഒത്തു ചേരുന്നു... ജീവിതത്തിലെ പുതിയ പാഠങ്ങള്‍ പഠിച്ച് മടങ്ങുന്നു. പഠിച്ചത് ജീവിതത്തിലേക്ക് പകര്‍ത്താനുള്ള ശ്രമമാണ് പിന്നീട് അമ്മമാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ആ ശ്രമമാണ് ചേതന പ്രതീക്ഷിക്കുന്നതും.

കാരുണ്യത്തിന്റെ പാഠങ്ങള്‍ സ്‌നേഹത്തിന്റെയും


എട്ടു വര്‍ഷമായി ഡോ. സിസ്റ്റര്‍ അല്‍ഫോണ്‍സയാണ് മോര്‍ണിംഗ് സ്റ്റാര്‍ കോളേജിന്റെ സാരഥി. മികച്ച അമ്മമാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോയിട്ടില്ലെന്ന് ഈ പ്രിന്‍സിപ്പല്‍ ആത്മവിശ്വാസത്തോടെ പറയുന്നു. രാജ്യവികസനത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിന് സ്ത്രീകളെ പ്രാപ്തരാക്കാനാണ് കലാലയത്തിന്റെ ശ്രമം. ഇതിനായി വിദ്യാര്‍ത്ഥിനികളുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുക മാത്രമല്ല കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും പാഠങ്ങള്‍ കൂടി ഈ കലാലയം പഠിപ്പിക്കുന്നു.

മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ച കലാലയത്തിലെ വിദ്യാര്‍ഥിനികള്‍ ഉച്ചഭക്ഷണത്തിനൊപ്പം ഒരു പൊതിച്ചോറ് കൂടി കരുതും. ആ പൊതിച്ചോറുകള്‍ കൂവപ്പടി അഭയാ ഭവനിലെ അന്തേവാസികള്‍ക്കുള്ളതാണ്.

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണമൊരുക്കാനാണ് മോര്‍ണിംഗ് സ്റ്റാര്‍ കോളേജിലെ നക്ഷത്രങ്ങള്‍ ശ്രമിക്കുന്നത് 2012 ജനവരിയില്‍ ആരംഭിച്ച ഈ പദ്ധതി മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ നടക്കുന്നു.

കാര്‍ഷികവൃത്തിക്കും കലാലയം പിന്തുണ നല്‍കുന്നു. കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണിന്റെ ഗുണ നിലവാരം പരിശോധിക്കുമ്പോള്‍ ജന്തുശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ ആറു തവണ മണ്ണിര കമ്പോസ്റ്റ് വളം നിര്‍മ്മിക്കും.

കോളേജിലെ തന്നെ തോട്ടങ്ങളില്‍ വളമായാണ് ഉപയോഗിക്കുന്നത്. ഹരിത കലാലയമാവാനാണ് മോര്‍ണിംഗ് സ്റ്റാറിന്റെ ശ്രമം.

അപൂര്‍വം ഈ ലാബ്


ഒരു കലാലയത്തിനുള്ളില്‍ പലതരം ലാബുകള്‍ നാം കണ്ടിട്ടുണ്ട്. രാസ വസ്തുക്കള്‍ നിറഞ്ഞ കെമിസ്ട്രി ലാബും ഇലക്‌ട്രോണിക്ക് വസ്തുക്കള്‍ അടങ്ങിയ ഫിസിക്‌സ് ലാബും സസ്യങ്ങളും പലതരം ജീവികളേയും ഗ്ലാസ് ഭരണിയില്‍ സൂക്ഷിക്കുന്ന ബോട്ടണി ലാബും സുവോളജി ലാബും ഏതൊരു കലാലയത്തിലേയും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ മോര്‍ണിംഗ് സ്റ്റാര്‍ കോളേജില്‍ ഹോം സയന്‍സ് ഡിപ്പാര്‍ട്ടിന്റെ ലാബിലേക്ക് കടന്നു ചെന്നാല്‍ നമുക്ക് ചിരിക്കുകയും കരയുകയും ഉല്ലസിക്കുകയും ചെയ്യുന്ന കുരുന്നുകളെയാണ് കാണാന്‍ കഴിയുന്നത്.

ഹോം സയന്‍സില്‍ കുട്ടികളുടെ വികസനം എന്നൊരു പേപ്പര്‍ ഉണ്ട്. ആ പേപ്പറിന്റെ പ്രായോഗിക വശങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ കണ്ടു പഠിക്കുന്നത് കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്ലേ സ്‌കൂളില്‍ നിന്നാണ്.

പാഠ ഭാഗത്തിന്റെ പ്രായോഗിക വശം എന്ന നിലയിലാണ് പ്ലേസ്‌കൂള്‍ ആരംഭിച്ചത്. മുപ്പത്തഞ്ചോളം കുരുന്നുകളാണ് പ്ലേസ്‌കൂളിലുള്ളത്.കുട്ടികളുടെ വളര്‍ച്ചയും സ്വഭാവത്തിലെ പ്രത്യേകതകളും വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നത് ഇവിടെ നിന്നാണ്.

ചേച്ചിമാരെത്തുമ്പോള്‍ കുരുന്നുകള്‍ക്കും നിറഞ്ഞ സന്തോഷം... അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ പഠനം രസകരമാണെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പക്ഷം. അധ്യാപകരും അത് ശരി വെയ്ക്കുന്നു.

മാനസിക ശാരീരികാരോഗ്യത്തിന് യോഗ-ഫിറ്റ്‌നസ് സെന്ററുകള്‍


മോര്‍ണിംഗ് സ്റ്റാര്‍ കാമ്പസ് മാനസിക ശാരീരികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിന്റെ യോഗ സെന്ററും ഫിറ്റ്‌നസ് സെന്ററും കണ്ടാല്‍ ബോധ്യമാകും. കുട്ടികളും അധ്യാപകരും മാത്രമല്ല പുറത്ത് നിന്നുള്ളവരും യോഗ-ഫിറ്റ്‌നസ് സെന്ററുകളുടെ സേവനം തേടിയെത്താറുണ്ട്. ഫിസിക്കല്‍ എജ്യൂക്കേഷനിലെ അധ്യാപിക പോളിന്‍ ജോസഫിന്റെ മേല്‍നോട്ടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

കലാലയത്തിനുള്ളിലുള്ളവര്‍ക്ക് സൗജന്യമായാണ് സേവനം ലഭ്യമാക്കുന്നത്. പുറമെ നിന്നെത്തുന്നവരില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഫീസ് ഈടാക്കുന്നുണ്ട്.

2004ലാണ് ഈ സെന്ററുകള്‍ കാമ്പസിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ട്രെഡ്മില്‍, ട്വിസ്‌ററര്‍, ഓര്‍ബിറ്റ് ട്രാക്ക്, അബ് സ്ലിമ്മര്‍, ഇന്‍ക്ലെയ്ന്‍ഡ് അബ്‌ഡോമിനല്‍ ബഞ്ച്, ഫിറ്റ്‌നസ് റൈഡര്‍, സ്‌കിപ്പിംഗ് റോപ് തുടങ്ങിയ ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളും അധ്യാപകരും ആവേശത്തോടെയാണ് സെന്ററുകളിലെത്തുന്നത്.

കലാലയത്തിലെ യോഗ ടീം മൂന്നു വര്‍ഷം എംജി യൂണിവേഴ്‌സിറ്റിയിലെ ചാമ്പ്യന്മാരായിരുന്നു. യോഗയോടും കുട്ടികള്‍ അനുകൂല മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. അമിത വണ്ണവും ടെന്‍ഷനും ജീവിതത്തിലെ വില്ലന്മാരാണ്. ആ വില്ലന്മാരെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ സെന്ററുകള്‍ നല്‍കുന്നത്.

സേവ് എ സ്റ്റാര്‍


സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും പാഠങ്ങളും മോര്‍ണിംഗ് സ്റ്റാര്‍ കോളേജ് പഠിപ്പിക്കുന്നു. നിര്‍ധനരായ കുട്ടികളെ സഹായിക്കാന്‍ സേവ് എ സ്റ്റാര്‍ എന്ന പദ്ധതി തന്നെ കലാലയം ഒരുക്കിയിട്ടുണ്ട്. ഓരോ വിദ്യാര്‍ത്ഥിനികളും ഓരോ നക്ഷത്രങ്ങളാണ് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണിത്. കലാലയത്തിനുള്ളില്‍ നിന്ന് തന്നെയാണ് പണം കണ്ടെത്തുന്നത്. നിര്‍ധന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി അധ്യാപകരെന്നോ വിദ്യാര്‍ത്ഥികളെന്നോ ഭേദമില്ലാതെ എല്ലാവരും ഒരുമിക്കുന്നു.

വര്‍ഷത്തിലൊരു ദിവസം അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്തെങ്കിലും ഒരു വസ്തു കൂടി കൈയില്‍ കരുതും. അത് ചിലപ്പോള്‍ ഭക്ഷണ സാധനങ്ങളോ പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ കൗതുക വസ്തുക്കളോ അങ്ങനെ എന്തുമാവാം. ഈ വസ്തുക്കളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അവ ഓരോന്നും ലേലം ചെയ്യും. അധ്യാപകരെന്നും വിദ്യാര്‍ത്ഥികളെന്നും ഭേദമില്ലാതെ മത്സര ബുദ്ധിയോടെ ലേലം വിളിക്കും. അഞ്ച് രൂപയുടെ മൂല്യമുള്ള വസ്തു ലേലം വിളിയുടെ ഉത്സാഹത്തില്‍ അന്‍പത് രൂപയ്ക്ക് വരെ വിറ്റു പോവും. ഇതില്‍ നിന്ന് ലഭിക്കുന്ന പണം കുട്ടികളെ സഹായിക്കാനാണെന്ന ഉത്തമ ബോധ്യം പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകും. അതു കൊണ്ട് തന്നെ മൂല്യം കുറഞ്ഞ വസ്തു ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വന്നാലും ആരും പരിഭവിക്കില്ല.

അധ്യാപകരാണ് മൈക്കിലൂടെ വസ്തുവിന്റെ ഗുണനിലവാരങ്ങള്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കും വിധം അനൗണ്‍സ് ചെയ്യുന്നത്. അനൗണ്‍സ്‌മെന്റിലെ വാക്ചാതുര്യമാണ് വസ്തു കൂടുതല്‍ വിലയ്ക്ക് വിറ്റഴിയുന്നതിനു പിന്നിലെ തന്ത്രം. സാമ്പത്തിക സഹായ പരിപാടി എന്നതിനപ്പുറത്ത് വിനോദ പരിപാടി എന്ന നിലയിലും സേവ് എ സ്റ്റാറിനെ വിദ്യാര്‍ത്ഥിനികള്‍ ഉത്സാഹത്തോടെ കൊണ്ടാടാറുണ്ട്.പരിപാടിയിലൂടെ പതിനയ്യായിരത്തിലധികം രൂപ പിരിഞ്ഞു കിട്ടും.

പിടിഎയും നസ്രേത്ത് ഹോംസയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടും ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ട്. പരീക്ഷാ ഫീസ്, യൂണിഫോം, ഉച്ച ഭക്ഷണം, ടെക്‌സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, റെക്കോര്‍ഡ്, ബസ്‌കൂലി, മെഡിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. വര്‍ഷത്തില്‍ ഏകദേശം എഴുപതോളം കുട്ടികളെ പദ്ധതിയിലൂടെ സഹായിക്കുന്നുണ്ട്. 1990ലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്.

നിര്‍ധനരായ വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസം ശോഭനമാക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിന് പിന്നില്‍. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിട്ടും സേവ് എ സ്റ്റാര്‍ വിജയകരമായി മോര്‍ണിംഗ് സ്റ്റാര്‍ കോളേജില്‍ നടത്തി വരുന്നു.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.