ഒരുയാത്രയിലെ 'പച്ച'പരമാര്‍ഥങ്ങള്‍

കെ.പി. ഷൗക്കത്തലിഗുജറാത്തിനോടും അറബിക്കടലിനോടും തൊട്ടുരുമ്മി നില്‍ക്കുന്ന പഴയ പോര്‍ച്ചുഗീസ് കോളനിയായ ദമനില്‍ നിന്ന് ഒക്‌ടോബര്‍ 10-ന് യാത്ര തുടങ്ങിയതാണ് മുംബൈ മലയാളിയായ ഹരി ചാക്യാരും ആന്റണി കര്‍ബാരിയും... യഥാര്‍ഥ ഇന്ത്യ, ജീവിക്കുന്ന ഗ്രാമങ്ങളും വെടിയൊച്ചകള്‍ മുഴങ്ങുന്ന നാഗാ കുന്നുകളും ഹിമഗിരികളും പിന്നിട്ട്, വിവിധ സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ് അവര്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലുമെത്തി... പോവുന്ന വഴികളില്‍ നാളേക്കായി തണലൊരുക്കി, പുതിയ തലമുറയില്‍ പ്രകൃതിയുടെ ഇത്തിരി കുളിരു പകര്‍ന്ന് അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തുടരാനായി...

വെറുതെ രാജ്യം ചുറ്റിക്കാണാനിറങ്ങിയ വിനോദ സഞ്ചാരികളല്ല ഇവര്‍, മനസ്സില്‍ നട്ടുനനച്ച് വളര്‍ത്തിയ ഒരു വലിയ സ്വപ്നം രാജ്യം മുഴുവന്‍ വെച്ചു പിടിപ്പിക്കാനിറങ്ങിയവരാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച്, അവിടത്തെ സ്‌കളുകളില്‍ മരം വെച്ചുപിടിപ്പിച്ച്, കുട്ടികള്‍ക്ക് പ്രകൃതിയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് പദ്ധതി. അതുകൊണ്ട് 'പ്രോജക്ട് തേര്‍ട്ടിഫൈവ് ട്രീസ്' എന്നാണ് ഇവര്‍ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തെ പോത്തന്‍കോട്ട് ജനിച്ചുവളര്‍ന്ന്, മുംബൈ മലയാളിയായി മാറിയയാളാണ് ഹരി ചാക്യാര്‍. ആന്റണി, മുംബൈ വില്‍സണ്‍ കോളേജിലെ പഴയ സഹപാഠിയും. കോളേജിലെ നേച്ചര്‍ ക്ലബ്ബ് നടത്തുന്ന യാത്രയ്ക്കിടെ ഉണ്ടായ ആലോചനയാണ് ഇപ്പോഴത്തെ പദ്ധതിയെന്ന് ഹരി പറഞ്ഞു. ''മാസ് മീഡിയ അധ്യാപകനായ സുധാകര്‍ സോളമന്‍ രാജ്, പ്രകൃതി സംരക്ഷണത്തെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. പഠനയാത്രകളുടെ ഭാഗമായി കാടുകളിലൂടെ സഞ്ചരിച്ചപ്പോള്‍ പ്രകൃതിയുടെ സുഖം തൊട്ടറിഞ്ഞു.കോണ്‍ക്രീറ്റ് വനങ്ങള്‍ക്ക് വേണ്ടി പച്ചപ്പുകള്‍ തുടച്ചുമായ്ക്കുന്നത് കണ്ടപ്പോള്‍, എന്തെങ്കിലും പരിസ്ഥിതിക്ക് വേണ്ടി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഇത്തരമൊരു പദ്ധതി മനസ്സില്‍ തളിരിട്ടത്.''

ആദ്യം ഒഴിവുദിനങ്ങളില്‍ യാത്രചെയ്ത് മരം വെച്ചുപിടിപ്പിക്കലായിരുന്നു പരിപാടി. പക്ഷേ, ആ യാത്ര മുംബൈയുടെ ചുറ്റുവട്ടത്തിനപ്പുറത്തേക്ക് നീണ്ടില്ല. പിന്നീട്, ജോലിചെയ്യുന്ന പരസ്യസ്ഥാപനത്തില്‍ നിന്ന് നാലുമാസത്തെ അവധിയെടുത്ത് ഇന്ത്യ ചുറ്റിക്കറങ്ങി മരം നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണ സന്ദേശവുമായി യാത്ര പുറപ്പെടുകയായിരുന്നു.

നാല് മാസത്തിനിടെ ഇന്ത്യയുടെ ഭൂരിഭാഗവും യാത്രചെയ്തു.ഇനി ലക്ഷദ്വീപിലും കര്‍ണാടകയിലും ഗോവയിലും അവസാനം സ്വന്തം നാടായ മുംബൈയിലും തിരിച്ചെത്തി, ലക്ഷ്യം പൂര്‍ത്തിയാക്കണമെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ പാലക്കാട്ടെ ചെമ്പ്രയിലുള്ള സ്‌കൂളിലാണ് മരം വെച്ചുപിടിപ്പിച്ചത്.

പച്ചപ്പിനെ സംരക്ഷിച്ച്, പ്രകൃതിയെ പരിശുദ്ധയായി നിലനിര്‍ത്താന്‍, ലോകത്തെ ഉണര്‍ത്തുന്ന ഡോക്യുമെന്ററികള്‍ ഈ യാത്രയുടെ ഭാഗമായി തയാറാക്കിയിട്ടുണ്ട്. അവ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം കുട്ടികള്‍ക്കൊപ്പം പോയി മരം നടുകയാണ് പതിവ്.

മരം നടുമ്പോള്‍ ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്; ഇത് കരിഞ്ഞുണങ്ങിപ്പോവാന്‍ ഇടയാവരുത്, നട്ടുനനച്ച് ഇനി വരുന്ന തലമുറയ്ക്ക് തണലാവണമെന്നാണ് എല്ലാവരോടും പറയാറുള്ളത്. ഇത് പാലിക്കപ്പെടുമെന്ന ഉറപ്പോടെയാണ് ഓരോയിടത്തു നിന്നും പിരിയുന്നതും.

യാത്രയ്ക്കിടയില്‍ ആഗ്രയില്‍ നിന്ന് മനോഹരമായ അനുഭവമുണ്ടായി; അവിടെ എത്തുമ്പോള്‍ ആഗ്ര ദ്വീപാവലി ആഘോഷത്തിന്റെ തിരക്കിലായിരുന്നു. അതുകൊണ്ട് സ്‌കൂളുകള്‍ അവധിയായിരുന്നു. തൈ നടാന്‍ ഒരിടം തേടി റിക്ഷ പിടിച്ച് രാവിലെ മുതല്‍ ആഗ്ര മുഴുവനും ചുറ്റിക്കറങ്ങി. ഒടുവില്‍ ഒരു അനാഥാലയം കണ്ടുപിടിച്ച് അവിടെ ചെന്നപ്പോള്‍ തൈ നടാന്‍ ഒരിഞ്ച് ഭൂമിപോലും ഉണ്ടായിരുന്നില്ല.

എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ റിക്ഷാ ഡ്രൈവര്‍ തൈ വെക്കാന്‍ സ്ഥലം കണ്ടെത്തിക്കൊടുത്തു. ആഗ്രയുടെ ഉള്‍ഗ്രാമങ്ങളിലൂടെ പശുക്കളും കാളകളും അലഞ്ഞുനടക്കുന്ന റോഡുകള്‍ പിന്നിട്ട്, അവയെ തെളിച്ചുമാറ്റി ഡ്രൈവര്‍ ഒരു വീടിന് മുന്നില്‍ വണ്ടി നിര്‍ത്തി. എന്നിട്ട്, ''ഇതാ എന്റെ വീടാണ് ഈ തൈകളെല്ലാം ഇവിടെ നട്ടോളൂ ഞാന്‍ നനച്ച് വലുതാക്കിക്കോളാം'' എന്ന് അയാള്‍ പറഞ്ഞു. ആഗ്രയില്‍ നിന്ന് പോന്നിട്ട് ദിവസങ്ങളായെങ്കിലും റിക്ഷാ ഡ്രൈവര്‍ മുകേഷ് ഇടയ്ക്ക് വിളിക്കാറുണ്ട്; നിങ്ങള്‍ നട്ട തൈകള്‍ക്ക് ഞാന്‍ ദിവസവും വെള്ളം നനയ്ക്കാറുണ്ടെന്ന് പറയാന്‍,ആ തൈകള്‍ തളിര്‍ത്ത് വളര്‍ന്നുവരുന്നുണ്ടെന്ന സന്തോഷം അറിയിക്കാന്‍.

രാജസ്ഥാനിലെയും ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കുഗ്രാമങ്ങളില്‍ പോയപ്പോള്‍ വാഹനങ്ങള്‍ പോലും കിട്ടാതെ ബുദ്ധിമുട്ടേണ്ടി വന്നു. മണിപ്പുരില്‍ പ്രത്യേക സൈനികാധികാരമുള്ളതുകൊണ്ട് വൈകുന്നേരങ്ങളില്‍ പുറത്തിങ്ങാതെ ഹോട്ടലില്‍ കഴിച്ചുകൂട്ടി. കേട്ടറിഞ്ഞ സംസ്‌കാരങ്ങളും ഭക്ഷണ രീതികളുമൊക്കെ നേരിട്ട് കാണാനും അനുഭവിച്ചറിയാനും കഴിഞ്ഞു.

ഒരു ലക്ഷത്തിലധികം രൂപ യാത്രയ്ക്കായി ഇതുവരെ ചെലവായിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും സംഭാവന നല്‍കി സഹായിച്ചു. ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ വഴിയാണ് ഓരോ സ്ഥലത്തും എത്തിപ്പെട്ടത്. നാലുമാസത്തെ ഈ യാത്രയില്‍ കണ്ട കാഴ്ചകളും പദ്ധതിയും ഡോക്യുമെന്ററി ആക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ ആന്റണിയുടെ കൂട്ട് അതിന് സഹായകമാവും. ഈ യാത്ര ഒരു പുസ്തകമാക്കാന്‍ ഹരിക്ക് ആഗ്രഹമുണ്ട്.

യാത്ര ഈ മാസം മുംബൈയില്‍ അവസാനിക്കുമ്പോള്‍ ഹരിയും ആന്റണിയും അവരുടെ ജീവിതം അടയാളപ്പെടുത്തി, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. ഓരോ സംസ്ഥാനത്തും ഓരോ പുതിയ സുഹൃത്തുക്കളെ കിട്ടി. പകരം ഇവര്‍ അവരുടെ നാടിന് തണല്‍ പകര്‍ന്നു. അവ രാജ്യത്തെവിടെയും പടര്‍ന്നു പന്തലിക്കട്ടെയെന്നാണ് ഇനിയുള്ള പ്രാര്‍ഥന. അത് സഫലമാകുന്നത് കാണാന്‍ ഒരിക്കല്‍ക്കൂടി ഒരു യാത്രയും ഇവരുടെ മനസ്സിലുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.