അവളുടെ പേര് അനാമിക

ബിബിന്‍ ബാബുഓരോ ദിവസവും ലോകം ഉണരുകയാണ്, മനസ്സാക്ഷി മുരടിച്ച നിരവധി പീഡന വാര്‍ത്തകളുടെ ഞെട്ടലുമായി. അച്ഛന്‍ മകളെ, കൂട്ടുകാര്‍ കൂട്ടുകാരിയെ, സഹോദരന്‍ സഹോദരിയെ, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ... കേട്ടുകേട്ട് മനസ്സില്‍ തളംകെട്ടിയ വേദനകള്‍ ചേര്‍ത്തുവച്ച് വീല്‍ച്ചെയറില്‍ നിന്ന് ഡോ. സിജു വിജയന്‍ ചുവടുവച്ചത് വേട്ടയാടപ്പെടുന്ന അനേകം ഇരകള്‍ക്ക് പ്രണാമമേകിയാണ്. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹകരണത്തോടെ, ഹോമിയോ ഡോക്ടര്‍ കൂടിയായ സിജുവിന്റെ ഹ്രസ്വചിത്രം 'അനാമിക-ദ പ്രേ' പേരില്‍ തന്നെ ഒരു സന്ദേശവുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുകയാണ്.

ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന വിവാദച്ചൂടില്‍ 'അനാമിക' യ്ക്ക് വ്യാപക അര്‍ത്ഥതലങ്ങള്‍ കൈവന്നുകഴിഞ്ഞു. സൂര്യനെല്ലിയിലായാലും പറവൂരായാലും സൗമ്യ കേസ്സിലായാലും തലസ്ഥാനത്തായാലും ലോകത്തില്‍ അങ്ങോളമിങ്ങോളം പിച്ചിച്ചീന്തപ്പെടുന്നവര്‍ക്ക് ഒരു പേരാണെന്ന് സിനിമയ്ക്ക് ചുക്കാന്‍ പിടിച്ച ഡോ. സിജു വിജയന്‍ പറയുന്നു. 'സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി' രോഗം ബാധിച്ച് ജന്മനാ അരയ്ക്ക് താഴെ തളര്‍ന്നെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ വൈകല്യത്തിന്റെ പോരായ്മകളോട് മത്സരിച്ച് വീല്‍ച്ചെയറില്‍ നിന്ന് ഇറങ്ങിത്തിരിക്കാനുള്ള പോരാട്ടവീര്യം തനിക്കായത് ഇത്തരം വാര്‍ത്തകള്‍ കേട്ട് മനസ്സു വിങ്ങിയിട്ടാണെന്ന് ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

എത്ര കര്‍ശന നിയമങ്ങള്‍ വന്നാലും പോലീസ് ഇടപെടലുണ്ടായാലും സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങളുയര്‍ന്നാലും സ്ത്രീകള്‍ സ്വയം ജാഗ്രത പുലര്‍ത്തേണ്ടതിന്റെയും പ്രതികരിക്കേണ്ടതിന്റെയും വിവിധ വശങ്ങള്‍ ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.

ലോഹിതദാസ് ദേശീയ ഹ്രസ്വചിത്രമേളയിലും ഒരു പ്രമുഖ ചാനലിന്റെ സര്‍ഗവസന്തം ചലച്ചിത്ര മേളയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ ചിത്രം യൂ ട്യൂബില്‍ റിലീസ് ചെയ്തശേഷം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സൗമ്യ കടന്നുപോയ സാഹചര്യത്തിലൂടേയും ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ട ലിജി കടന്നുപോയ അനുഭവത്തിലൂടേയും കാക്കനാട്ട് തസ്‌നി ബാനു നേരിട്ട സംഘര്‍ഷത്തിലൂടേയും ചിത്രത്തിലെ കഥാപാത്രമായ അനാമിക കടന്നുപോകുകയാണ്. ആ സമയങ്ങളില്‍ എങ്ങനെ പ്രതികരിക്കണമായിരുന്നെന്നും ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും ചിത്രം എടുത്തു പറയുന്നു.

ചിത്രത്തില്‍ അനാമികയായി ഒരു ഹിജഡയെ (അര്‍ദ്ധനാരി) അവതരിപ്പിച്ചത് പ്രതീകാത്മകമായിട്ടാണെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഇക്കൂട്ടരെ സോഷ്യല്‍ പോലീസിങ്, സ്റ്റുഡന്റ് പോലീസിങ് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്താമെന്നും ചിത്രം പറയുന്നുണ്ട്.

സ്‌ത്രൈണ മനസ്സും പുരുഷന്റെ ആരോഗ്യവും ധൈര്യവും ഉള്ള ഇവര്‍ക്ക് സ്ത്രീകള്‍ നിത്യജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനാവുമെന്നും ചിത്രം ചര്‍ച്ച ചെയ്യുന്നു. അനീതികള്‍ക്കെതിരായി എങ്ങനെ പ്രവര്‍ത്തിക്കാമെന്നും പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളെയും ബലാത്കാരങ്ങളെയും എങ്ങനെ നേരിടാമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് നരാധമന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത് അര്‍ദ്ധനാരിയായ അനാമിക അനു ചിത്രത്തിന് ആഗോളമാനം നല്കുന്നു. തന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും അനാമിക വ്യക്തമാക്കുന്നതും സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാഠമാകുന്നുണ്ട്.

എറണാകുളം നഗരത്തിന്റെ പരിസര പ്രദേശങ്ങളില്‍ മൂന്ന് ദിവസമെടുത്ത് കൃത്രിമവെളിച്ചം ഉപയോഗിക്കാതെ സ്വാഭാവികമായ രാത്രി വെട്ടങ്ങളില്‍ ഒഴിഞ്ഞ ബസ്സ്റ്റാന്‍ഡുകള്‍, ഷെല്‍ട്ടറുകള്‍, തിരക്കേറിയ ബസ്സുകള്‍, ഇടവഴികള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു ഷൂട്ടിങ്.

ശ്രീജ രാമചന്ദ്രന്‍, ജിയോ ക്രിസ്റ്റി ഈപ്പന്‍ എന്നിവരുടെ തിരക്കഥയില്‍ കണ്ണൂര്‍ എയ്‌റോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോ. സിജു വിജയന്‍, ജിയോ ക്രിസ്റ്റി ഈപ്പന്‍ എന്നിവര്‍ സംവിധാനം ചെയ്ത് ഷൈന്‍ കൃഷ്ണയുടെ ക്യാമറയിലൂടെ പകര്‍ത്തപ്പെട്ട ചിത്രത്തില്‍ അര്‍ദ്ധനാരിയായി വേഷമിട്ടിരിക്കുന്നത് ജിയോ ക്രിസ്റ്റി തന്നെയാണ്.

എറണാകുളം ലോ കോളേജിലെയും മഹാരാജാസ് കോളേജിലെയും വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളുമായ ശരത്, പോള്‍സണ്‍, ശരവണന്‍, രതീഷ് ഇ.പി, നിസാം കലാഭവന്‍, സുധീഷ്, ബിനീഷ് പീരുമേട് തുടങ്ങിയവരാണ് ചിത്രത്തില്‍ ഹൃഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ കൊച്ചിന്‍ സി.ഡി. മീഡിയയിലെ ജോബിന്‍സ് ആണ്.

കേവലം സിനിമാ ആസ്വാദനത്തെക്കാളുപരി സാമൂഹിക പ്രസക്തിയുള്ള സംഭവങ്ങളുടെ പക്വമായ തിരിച്ചറിവിലേക്ക് നയിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ കമല്‍ നല്‍കിയ കമന്റിന്റെ ആത്മവിശ്വാസത്തില്‍ ഇനിയും മുന്നിട്ടിറങ്ങാന്‍ ഒരുങ്ങുകയാണ് ഡോ. സിജു. മഹാരാജാസിലെ ബിരുദപഠന ശേഷം നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ സിജു, ദര്‍ബാര്‍ ഹാളില്‍ ഫ്രനിറച്ചില്ല്‌യ്ത്ത ഗ്ലാസ് പെയിന്റിങ്-ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയും ഏറെ ശ്രദ്ധേയനായിട്ടുണ്ട്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.