കരുത്ത് പകരാന്‍ കൗണ്‍സലിങ് സെന്റര്‍മാനസിക, സാമൂഹിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. വ്യക്തികളെയും കുടുംബങ്ങളെയും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനും പ്രാപ്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇഗേ്‌നായില്‍ ഒരു കൗണ്‍സലിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'ഇന്‍സ്പയര്‍' എന്നാണ് കൗണ്‍സലിങ് സെന്ററിന്റെ പേര്.

പ്രചോദനമായി; മനഃക്ലേശമകറ്റുന്ന സുഹൃത്തായി നിലനില്‍ക്കുമെന്ന വാഗ്ദാനമാണ് കൗണ്‍സലിങ് സെന്ററിന്റെ പേര് സൂചിപ്പിക്കുന്നത്. ഇഗേ്‌നായിലെ റെഗുലര്‍ കോഴ്‌സുകളില്‍ ഒന്നായ എം.എസ്.ഡബ്ല്യു. ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തിലാണ് കൗണ്‍സലിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അധ്യാപകരാണ് മാനസിക പിരിമുറക്കമുള്ളവരെ കൗണ്‍സലിങ്ങിന് വിധേയമാക്കുന്നത്. അധ്യാപകര്‍ കൗണ്‍സലിങ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരമുണ്ട്.

തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് കൗണ്‍സലിങ് സമയം. വ്യക്തിഗതം, ദാമ്പത്യം, കുടുംബം, ലഹരിവിമുക്തി, ബിഹേവിയര്‍ തെറാപ്പി, ആത്മഹത്യാ പ്രതിരോധം തുടങ്ങി കൗണ്‍സലിങ് സേവനങ്ങള്‍ ഈ സെന്റര്‍ നല്‍കും. വളരെ തുച്ഛമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്.

2010-ലാണ് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്റെ റെഗുലര്‍ കോഴ്‌സ് ഇഗേ്‌നായില്‍ ആരംഭിച്ചത്. കൗണ്‍സലിങ് വിഷയമാവുന്ന കേരളത്തിലെ ഒരേ ഒരു എം.എസ്.ഡബ്ല്യു. കോഴ്‌സ് ഇഗേ്‌നായുടേതാണ്. ഇഗേ്‌നാ ഒരു ദേശീയ യൂണിവേഴ്‌സിറ്റി ആയതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

അതിലൂടെ ഇഗേ്‌നായുടെ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളാനും ഭാഷാപ്രാവീണ്യം നേടിയെടുക്കാനും ഇഗേ്‌നാ വിദ്യാഭ്യാസം ഉപകരിക്കുമെന്ന് എം.എസ്.ഡബ്ല്യു. അധ്യാപികമാരായ രജനി, ജൂലി എന്നിവര്‍ പറയുന്നു. സാധാരണ ക്യാമ്പുകളില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമായിരിക്കും കൂടുതല്‍. അതില്‍ നിന്ന് വ്യത്യസ്തമാണ് ഇഗേ്‌നാ സംഘടിപ്പിക്കുന്ന ക്യാമ്പുകളെന്നും അവര്‍ പറഞ്ഞു.

ആദ്യ ബാച്ചില്‍ 16 വിദ്യാര്‍ത്ഥികളാണ് ഇഗേ്‌നായുടെ കൊച്ചി റീജണല്‍ സെന്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ക്കും ജോലിയായി. അതില്‍ തന്നെ 15 പേരും കൗണ്‍സലിങ് രംഗത്ത് തന്നെയാണ് ജോലി നേടിയിരിക്കുന്നത്. ഇപ്പോഴത്തെ ബാച്ചില്‍ 12 വിദ്യാര്‍ത്ഥികളാണുള്ളത്.

ആഴ്ചയില്‍ ആറ് ആണ് പ്രവൃത്തി ദിവസങ്ങള്‍. ഇതില്‍ മൂന്ന് ദിവസം ഫീല്‍ഡ് വര്‍ക്കായിരിക്കും. ഈ പന്ത്രണ്ട് വിദ്യാര്‍ത്ഥികളും സമൂഹത്തിലെ ഓരോ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുകയും അതിനുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദേശങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത് ഇഗേ്‌നായുടെ വിദ്യാഭ്യാസ റേഡിയോ ആയ 'ഗ്യാന്‍വാണി' വഴി പ്രക്ഷേപണം ചെയ്യാനും എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു.

അടുത്ത ദിവസങ്ങളില്‍ ഓരോരുത്തര്‍ തെരഞ്ഞെടുത്ത വിഷയങ്ങളും അതിനുള്ള പരിഹാര മാര്‍ഗങ്ങളും റേഡിയോയിലൂടെ ശ്രോതാക്കള്‍ക്ക് കേള്‍ക്കാം.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.