പടം പിടിച്ചു

ബിബിന്‍ ബാബുഉള്ളം കൈയിലെ കുഞ്ഞുക്യാമറയില്‍ സിനിമ വിരിയുന്ന കാലമാണ്. തിയറ്ററിനെക്കാള്‍ എഫ്.ബി.യുടെ വിശാലതയിലേക്ക് കണക്കില്ലാതെ ഹൈക്കു സിനിമകള്‍ പിറക്കുന്ന നവയുഗം. ഫസ്റ്റ് ക്ലാസ്സും ഫിലിം സ്‌ക്രീനും തമ്മിലുള്ള അകലമൊന്നും യുവത്വവും സിനിമയുമായി ഇന്നില്ല. മൂന്നാം തലമുറയ്ക്ക് സിനിമയെന്ന വിസ്മയച്ചെപ്പിലൊളിപ്പിച്ച രസങ്ങളുടേയും തന്ത്രങ്ങളുടേയും ഹൃദയമിടിപ്പുനല്‍കി തേവര സേക്രഡ്ഹാര്‍ട്ട് കോളേജില്‍ നടന്ന 'പടംപിടിക്കാം' സിനിമാ ശില്പശാല പുതിയ വ്യാകരണങ്ങളുടെ അനുഭവമായി.

സിരകളില്‍ സിനിമാ ലഹരിയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനഞ്ചോളം കോളേജുകളിലെ മാധ്യമവിദ്യാര്‍ത്ഥികള്‍, നിയമവിദ്യാര്‍ത്ഥികള്‍, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി അറുപതോളം പേര്‍ മൂന്നുദിവസത്തെ ശില്പശാലയ്ക്കായെത്തിയിരുന്നു. തേവര കോളേജിലെ എസ്.എച്ച്. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും ഫിലിംക്ലബ്ബും ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചത്.
നൂറോളം സിനിമകളെഴുതിയ അനുഭവസമ്പത്തുമായെത്തിയ തിരക്കഥയുടെ പെരുന്തച്ചന്‍ ജോണ്‍പോളും, സംവിധാനവും പ്രേക്ഷകനും തമ്മിലുള്ള രസതന്ത്രമറിഞ്ഞ ലാല്‍ജോസും, ന്യൂജനറേഷന്‍ സിനിമാവര്‍ത്തമാനങ്ങളുമായി അമല്‍ നീരദും വേദിനിറഞ്ഞപ്പോള്‍ ആവേശത്തിരയിലായിരുന്നു ശില്പശാലയുടെ ഓരോ ദിവസവും.

സിനിമാവിമര്‍ശനങ്ങളും ചിന്തയും നിറഞ്ഞ ക്ലാസ്സുകളുമായി ദൂരദര്‍ശന്‍ അസി.ഡയറക്ടര്‍ ബൈജുചന്ദ്രനും, ചിത്രസംയോജനത്തിന്റെ നൂതനമേഖലകളുമായി എഡിറ്റര്‍ വിനോദ് സുകുമാരനും, നടന വൈവിദ്ധ്യത്തിന്റെ ശരീരഭാഷ പറഞ്ഞ് നടനും ട്രെയിനറുമായ മനു ജോസും പുതുതലമുറയുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ശില്‍പശാലയുടെ ഭാഗമായി.കഥാപാത്രങ്ങള്‍ക്കായി മെനയുന്ന തിരക്കഥയുടെ സങ്കീര്‍ണതയെ വിവരിച്ച ജോണ്‍പോള്‍ യുവതയുടെ സിനിമാസാക്ഷരതയുടെ മൂര്‍ച്ചകൂട്ടി. ഓരോ കഥാപാത്രത്തിന്റെയും ജനനം മുതല്‍ മരണം വരെ മനസ്സില്‍ പ്രതിഷ്ഠിച്ചാണ് രചനയെന്ന് പറഞ്ഞപ്പോള്‍ യുവകണ്ണുകളില്‍ അഭ്രപാളിയിലെ തിളക്കം . തന്റെ 23 വര്‍ഷത്തെ സിനിമാനുഭവം എണ്ണിയെണ്ണിപറഞ്ഞ ലാല്‍ ജോസിന്റെ ക്ലാസ്സുകള്‍ ടിപ്പിക്കല്‍ ലാല്‍ എഫക്ട് വിജയകഥയുമായി വിദ്യാര്‍ത്ഥികളുടെ പ്രശംസ നേടി. സിനിമാനിര്‍മ്മാണത്തിലെ നിയതമായ വഴികളും സ്വാനുഭവങ്ങളും പങ്കുവെച്ച് ലാല്‍ ക്ലാസ്സ്‌മേറ്റ്‌സുകളെപ്പോലെ വിദ്യാര്‍ത്ഥികളുടെ തോളില്‍ കൈയിട്ടു. അമല്‍ നീരദിനെഖല്‍ബില്‍ തീ കോരിയിട്ട ചോദ്യശരങ്ങളുമായിട്ടായിരുന്നു സദസ്സ് എതിരേറ്റത്. ചോദ്യങ്ങളൊട്ടേറെയെങ്കിലും അമലിനു പറയാന്‍ അതിലേറെയുണ്ടായിരുന്നു. ഒരു ഗിവ് ആന്റ് ടേക്ക് ക്ലാസ്സിലൂടെ അമല്‍ ശില്‍പശാലയുടെ പ്രിയ സുഹൃത്തായി.

തിലകന്‍ മുതല്‍ മമ്മൂട്ടിവരെയുള്ള നടനവൈവിദ്ധ്യത്തിന്റെ ഈഗോ സ്റ്റാറ്റസുകളെ പറ്റിയുള്ള നീണ്ട ചര്‍ച്ചകളുമായി മനുജോസിന്റെ ട്രാന്‍സാക്ഷണല്‍ അനാലിസിസ് മനശ്ശാസ്ത്രക്ലാസ്സ് ഹിച്ച്‌കോക്ക് പടംപോലെ യുവതയുടെ ഹൃദയം കീഴടക്കി. ക്ലാസിക്കുകള്‍ വായിക്കാതെ നല്ല പെയിന്റിങ്ങുകളും സിനിമയും കാണാതെ എങ്ങനെ സിനിമാക്കാരാകാന്‍ ആവുമെന്ന ബൈജു ചന്ദ്രന്റെ ചോദ്യത്തില്‍ ഒരുത്തമ അദ്ധ്യാപകന്റെ തീക്ഷ്ണത നിഴലിച്ചു. ചിത്രസംയോജനത്തിലെ സാങ്കേതിക പ്രവണതകളില്‍ സര്‍ഗാത്മകതകള്‍ വിരിയിക്കാന്‍ സംവിധായകന്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് എഡിറ്റിങ്ങ് എന്ന വിനോദ് സുകുമാരന്റെ പ്രസ്താവനയില്‍ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടേയും ചിറകുണ്ടായിരുന്നു.

സ്വന്തം ഷോര്‍ട്ട്ഫിലിമുകളും സിനിമാസങ്കല്പങ്ങളും നവ സിനിമാ ധാരണകളുമായെത്തിയ വിദ്യാര്‍ത്ഥികള്‍ ഇടവേളയില്ലാത്ത ചോദ്യങ്ങളുടെ തിരത്തള്ളലില്‍ സിനിമയുടെ ചേട്ടായീസിനെ വിസ്മയിപ്പിക്കുകയായിരുന്നു. കോളേജിന്റെ ലാന്‍ഡ്മാര്‍ക്കായ ലേക്ക് വ്യൂവിലുള്‍പ്പെടെ ക്യാമ്പ്ഫയര്‍, ആക്ടിങ്ങ് തിയറ്റര്‍ തുടങ്ങിയവയുമായി ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് ത്രീ ഡി സിനിമ ആസ്വദിച്ച പ്രതീതിയായിരുന്നു ശില്പശാല സമ്മാനിച്ചതെന്ന് ഓരോ വിദ്യാര്‍ത്ഥിയുടേയും 'റെസ്‌പോണ്‍സ്'. തുടര്‍ന്നും ശില്പശാലകള്‍ സംഘടിപ്പിക്കാനുള്ള ഊര്‍ജമാണ് 'പടം പിടിക്കാം'തന്നതെന്ന് കോഴ്‌സ് ഡയറക്ടര്‍.

കോളേജ് പ്രിന്‍സിപ്പല്‍ ഫാ.പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡയറക്ടര്‍ ബാബു ജോസഫ്, എച്ച്.ഒ.ഡി. ഡോ. ആശ ജോസഫ്, ഫാ.ജോര്‍ജുകുട്ടി സി.എം.ഐ, മറ്റു സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവരും ശില്പശാലയില്‍ സന്നിഹിതരായിരുന്നു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.