ക്രെയ്‌സി കാര്‍വിങ്‌

ബിബിന്‍ ബാബു

മത്തങ്ങയോ പാവയ്ക്കയോ കണ്ടാല്‍ അതില്‍ നിന്ന് പൂവന്‍ കോഴിയേയോ ചീങ്കണ്ണിയേയോ സങ്കല്‍പ്പിക്കാനാകുമോ? ഒരു വലിയ ഐസിന്‍ കട്ടയോ ബട്ടര്‍ കഷണമോ കണ്ടാല്‍ അതിനുള്ളില്‍ ദിനോസറോ ആനയോ ഉണ്ടെന്ന് മനക്കോട്ടയില്‍ കാണാനാകുമോ? നഗരത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കിപ്പോളിതാണ് ഹരം, സൗഹൃദം ആസ്വാദ്യകരമാക്കുന്നതോടൊപ്പം പണമുണ്ടാക്കാനുള്ള ചെപ്പടിവിദ്യയായി കാണുകയാണിവര്‍ തങ്ങളുടെ സ്വന്തം സംരംഭത്തെ...ഇന്റര്‍നെറ്റ്‌ലോകത്തിലോ ഇലക്‌ട്രോണിക്‌സ് മേഖലയിലോ ഉള്ള സംരംഭകരാണിവരെന്നു കരുതിയാല്‍ തെറ്റി, പച്ചക്കറികളും പഴങ്ങളുമാണിവരുടെ ഹാര്‍ഡ്‌വെയര്‍, ഉള്ളിലുള്ള കലയാണിവരുടെ സോഫ്റ്റ് വെയര്‍... രുചിനിറഞ്ഞതും കൊതിയുതിര്‍ക്കുന്നതുമായ രൂപങ്ങളില്‍ കവിത വിരിയിച്ചു കഴിവുതെളിയിക്കുകയാണിവര്‍........

കുറച്ചുകാലം മുമ്പുവരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ക്രൂസ് കപ്പലുകളിലും മുന്തിയ വിരുന്നുസത്കാരങ്ങളിലും ആതിഥ്യ മര്യാദയുടെ പര്യായമായി സ്വാഗതമരുളാനുണ്ടായിരുന്നവയായിരുന്നു ഇത്തരം അലങ്കാരങ്ങള്‍. എന്നാലിപ്പോള്‍ വിവാഹ നിശ്ചയം, കല്ല്യാണം, റിസപ്ഷന്‍, ബെര്‍ത് ഡേ പാര്‍ട്ടി, ആനിവേഴ്‌സറി, മേളകള്‍ തുടങ്ങി ഏതാഘോഷമായാലും പച്ചക്കറികളിലും പഴങ്ങളിലും ഐസിലും ബട്ടറിലും ചോക്ലേറ്റിലുമൊക്കെ ശില്പ ചാരുത തീര്‍ക്കുന്ന ഇത്തരം പതിവുകളോടാണ് നഗരത്തിനേറെ പ്രിയം.

ആഘോഷവേളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിമാറിയിരിക്കുന്നു ഇത്തരം ശില്പങ്ങള്‍. കാണാനും ഒപ്പം കഴിക്കാനും കഴിയുമെന്നതുതന്നെ ഇത്തരം ശില്പളുടെ പ്രചാരവര്‍ദ്ധനവിനുകാരണമെന്ന് ഒരു ദശാബ്ദത്തോളമായി ഈ രംഗത്തുള്ള ചെറായി സ്വദേശി സുനില്‍ പറയുന്നു. ഹോട്ടലുകളിലും കാറ്ററിംഗ് സര്‍വീസുകളിലും മറ്റും സഹായിയായി തുടങ്ങിയ സുനില്‍ ഒറ്റയ്ക്കു പരിപാടികള്‍ ഏറ്റെടുത്ത് നടത്തിത്തുടങ്ങിയിട്ട് അധികനാളായിട്ടില്ല. കൂടുതല്‍ യുവാക്കള്‍ ഈ രംഗത്തേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചവരും ഈ രംഗത്തെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി വരുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

പാര്‍ട്ട്‌ടൈമായി ചെയ്യാമെന്നതും സായാഹ്നങ്ങളിലെ സൗഹൃദക്കൂട്ടായ്മകള്‍ ആസ്വാദ്യകരമാക്കാമെന്നതും ഇത്തരം ശില്പചാരുതയുടെ പിന്നിലെ രഹസ്യങ്ങളണ്. ഫ്രൂട്ട്, വെജ്, ഐസ്, ബട്ടര്‍, ചോക്ലേറ്റ് കാര്‍വിംഗുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണെന്നിദ്ദേഹം പറയുന്നു.
ബെര്‍ത്ത്‌ഡെ ഗിഫ്റ്റ്, മദേര്‍സ് ഡേ ഗിഫ്റ്റ്, വാലന്റൈന്‍സ് ഡേ ഗിഫ്റ്റ്, ഹോസ്പിറ്റല്‍ വിസിറ്റിങ്ങ് ഗിഫ്റ്റ് എന്നിവയായും ക്രിസ്റ്റല്‍ കൂടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഇതു വിറ്റഴിക്കപ്പെടുന്നുണ്ട്. ഇദ്ദേഹത്തെ കൂടാതെ പ്രദീപ്, അനൂപ്, വിപിന്‍, മുരളി, പ്രസാദ്, രാജന്‍, നിബു തുടങ്ങിയവരും എറണാകുളം, ഫോര്‍ട്ട് കൊച്ചി, ചെറായി, അങ്കമാലി തുടങ്ങിയ ഇടങ്ങളിലായി പഴങ്ങളിലും മറ്റും തീര്‍ക്കുന്ന ഇത്തരം ദൃശ്യഭംഗികള്‍ക്ക് വ്യാപാരമൂല്യം കണ്ടുതുടങ്ങിയിരിക്കുന്നു.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ അവിഭാജ്യ ഘടകമാണ് ഇത്തരം ശില്പങ്ങള്‍. പലതരം പച്ചക്കറികള്‍, പഴങ്ങള്‍, ബട്ടര്‍, ഐസ്, ചോക്ലേറ്റുകള്‍ തുടങ്ങിയവയിലുള്‍പ്പെടെ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടിവര്‍. ഫങ്ങ്ഷന്റെ ഭാഗമായുള്ള സാലഡുകള്‍ക്കും ഡെസേര്‍ട്ടുകള്‍ക്കുമൊപ്പമാണ് കൂടുതലും രുചിയുള്ള ഈ ശില്പങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നോണ്‍-വെജിലും പരീക്ഷണങ്ങള്‍ക്ക് പഞ്ഞമില്ല, ചിക്കനും മീനും മറ്റും സ്റ്റഫ് ചെയ്തും പരീക്ഷണാടിസ്ഥാനത്തില്‍ ആവശ്യമനുസരിച്ച് ശില്പങ്ങള്‍ തീര്‍ക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

മികവുറ്റ ശില്പങ്ങള്‍ക്കായി തണ്ണിമത്തനും മത്തങ്ങയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. കനമുള്ളതും ഒപ്പം ഭംഗിയുള്ളതുമെന്നതാണ് ഇതിനുള്ള മേന്മ. കാരറ്റ്, കുമ്പളങ്ങ, ബീറ്റ് റുട്ട്, പപ്പായ, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, മാതളം, തക്കാളി, വെള്ളരിക്ക, പൈനാപ്പിള്‍, കാബേജ് തുടങ്ങിയ ഫലങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നേരിയ കത്തികള്‍, ഉളികള്‍, തൊലി കളയാന്‍ പീലര്‍, ടൂത്ത് പിക്ക് തുടങ്ങിയവയും ശില്പനിര്‍മ്മിതിയില്‍ ഒഴിച്ചുകൂടാനാവാത്തതു തന്നെ. വിവിധ തരം മയില്‍, തത്ത, അരയന്നം തുടങ്ങിയ പക്ഷികളെയും മുതല, അണ്ണാന്‍, കുതിര തുടങ്ങിയ മൃഗങ്ങളേയുമാണ് പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത. ആവശ്യാനുസരണം വധൂവരന്മാരുടെയും ആരാധനാമൂര്‍ത്തികളുടേയും രൂപങ്ങളും കൊത്തിയെടുക്കാറുണ്ട്.

ഐസിലും ബട്ടറിലും ശില്പങ്ങള്‍ തീര്‍ക്കാറുണ്ട്. അഞ്ചടിമുതല്‍ ആറടിവരെയുള്ള ശില്പങ്ങളാണ് ഐസിലും ബട്ടറിലും മെനഞ്ഞെടുക്കുന്നത്. ഐസില്‍ തീര്‍ക്കുന്ന ശില്പങ്ങള്‍ക്ക് മൂന്നുമണിക്കൂറോളം ആയുസ്സുണ്ട്. വിവിധ കളറുകളിലും ഐസില്‍ മോഡലുകള്‍ തീര്‍ക്കുന്നുണ്ട്. ഡമ്മിയില്‍ സ്റ്റഫ് ചെയ്‌തെടുത്താണ് ബട്ടറുകൊണ്ട് ശില്പങ്ങള്‍ മെനഞ്ഞെടുക്കുക. ജി.എസ്.എം ബേക്കിങ്ങ് ബട്ടറാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെര്‍മോകോളിലും മറ്റുമാണ് സ്റ്റഫ്‌ചെയ്‌തെടുക്കുന്നത്. താജ്മഹലിനെയും മറ്റും ഇവര്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. വെഡ്ഡിങ്ങ് കേക്കുകളിലും മറ്റും ചോക്ലേറ്റിലും ക്രീമുകളിലും ഇവര്‍ ശില്പചാരുതകള്‍ തീര്‍ക്കാറുണ്ട്.

കേരളത്തില്‍ ഇത്തരം ശില്പങ്ങള്‍ക്ക് ഏറെ പ്രചാരം കിട്ടിയിട്ട് പത്തു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. എറണാകുളത്തിപ്പോള്‍ അഞ്ചോ ആറോ ടീമുകള്‍ ഈ മേഖലയിലുണ്ട്. സമ്മര്‍, വിന്റര്‍, സ്പ്രിങ്ങ്, കളര്‍തീം തുടങ്ങി വിവിധ തീമുകളില്‍ പരിപാടി ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

നഗരത്തിലെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും ഇവന്റ് മാനേജുമെന്റുകാര്‍ക്കുമൊപ്പം സബ്ബായിട്ടാണ് ഇപ്പോള്‍ ഇവര്‍ നടത്തുന്നത്. 8000 രൂപമുതലുള്ള ചെറു അറേഞ്ചുമെന്റുകളും 30000 രൂപമുതലുള്ള മീഡിയം അറേഞ്ചുമെന്റുകളും ലക്ഷങ്ങളുടെ വിലമതിക്കുന്ന മുന്തിയതരം ശില്പങ്ങളും ഉണ്ടാക്കാറുണ്ടിവര്‍. കൊച്ചിയെ കൂടാതെ അങ്കമാലിയിലും ചാലക്കുടിയിലും ഇപ്പോളിതിന് പ്രചാരമേറിവരുന്നുണ്ട്. പച്ചക്കറി ശില്പങ്ങള്‍ക്കുള്ളില്‍ വിവിധ നിറങ്ങളിലുള്ള ബള്‍ബുകളിടുന്നതും പതിവായിക്കഴിഞ്ഞു. ഇംഗ്ലീഷുകാരുടെ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള 'ജാക്കോ ലാന്റേണ്‍' എന്ന ഭീകരന്‍ മത്തങ്ങകളില്‍ നിന്നുമാണ് ഇത്തരം പതിവ് ആരംഭിച്ചതെന്നിവര്‍ പറയുന്നു. തക്കാളിയില്‍ നിന്ന് റോസാപ്പൂവും, കാരറ്റുകൊണ്ട് പലതരം പൂക്കളും, ഗോള്‍ഡന്‍ ഫിഷും, ആപ്പിളില്‍ നിന്ന് ഹൃദയാകൃതിയും, പൈനാപ്പിളില്‍ നിന്ന് ചിത്രശലഭങ്ങളും, സവോളയില്‍ നിന്ന് പിരിയന്‍ സ്പ്രിങ്ങുകളും തുടങ്ങി പച്ചക്കറികളും ഫലങ്ങളും മറ്റും ഉപയോഗിച്ച് വിവിധതരം മോഡലുകളാണിവരിപ്പോള്‍ കൊത്തിയെടുക്കുന്നത്.

'ലോയ് ക്രാത്തോങ്'


ഏകദേശം എഴുന്നൂറു വര്‍ഷം മുമ്പ് മധ്യ തായ്‌ലന്റിന്റെ വടക്ക് ഭാഗത്തുള്ള സുക്കോത്തായിലാണ് ഈ ശില്പവൈദഗ്ധ്യം മുളപൊട്ടിതുടങ്ങിയത്. അവിടെ നടക്കാറുള്ള 'ലോയ് ക്രാത്തോങ്'

ഉത്സവത്തോടനുബന്ധിച്ചാണ് ഇതു പ്രചാരത്തിലായതെന്നാണ് വിശ്വാസം. നാങ് നൊപ്പമാര്‍ട്ട് എന്നൊരു രാജസേവക രാജാവിന് ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായ സമ്മാനം നല്‍കാനായാണ് ഇത്തരം ശില്പം ആദ്യമുണ്ടാക്കി പരീക്ഷിച്ചതെന്ന് പറയപ്പെടുന്നു. ഒരു കുഞ്ഞു പക്ഷി ചെറുപൂവില്‍ മുത്തമിടുന്ന ആകൃതിയാണിവര്‍ ഒരു പൂവും ചില പഴങ്ങളുമുപയോഗിച്ച് മെനഞ്ഞത്.

തായ്‌ലന്റില്‍ ഇപ്പോള്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ ഒരു വിഷയമാണ് ശില്പംഉണ്ടാക്കാനുള്ള പഠനം. ഹയര്‍സെക്കന്‍ഡറി-യൂണിവേഴ്‌സിറ്റി തലങ്ങളിലും ഇത് പഠിപ്പിക്കുന്നുണ്ട്. ഭക്ഷണത്തെ ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള ഇത്തരം ശില്പ ചാരുതകള്‍ക്ക് ലോകം മുഴുവന്‍ പ്രചാരം നേടിവരികയാണ്.

ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സ് വേദിയില്‍ വരെ ഇത്തരം ശില്പങ്ങള്‍ക്ക് ഏറെ ആരാധകരായിരുന്നു. ഈയടുത്തിടെ ബ്രസല്‍സില്‍ ചോക്ലേറ്റു ട്രെയിന്‍ ഉണ്ടാക്കി ഒരുകൂട്ടം ആളുകള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത് വലിയ വാര്‍ത്തയുമായിരുന്നു. മരത്തിലും സിമന്റിലും പേപ്പറിലും കല്ലിലും മണ്ണിലും പുല്ലിലുമൊക്കെ കവിത വിരിയിക്കാറുള്ളവരോടൊപ്പം രുചിയും മണവും ഭംഗിയുമുള്ള ശില്പങ്ങള്‍ തീര്‍ത്ത് ഇവരും അംഗീകരിക്കപ്പെടുകയാണ്....
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.