സഹപാഠിക്ക് ഒരു വീട്‌

എ.എസ്. ജിബിന

സാമ്പത്തികശേഷി കുറഞ്ഞ സഹപാഠികളെ സഹായിക്കാന്‍ ഇവിടെ കൂട്ടുകാര്‍ കൈകോര്‍ത്ത് നില്‍ക്കുന്നു. പൊള്ളയായ സൗഹൃദങ്ങളല്ല, ബന്ധങ്ങളുടെ ആത്മാര്‍ത്ഥതയാണ് ഈ കാമ്പസ് നല്‍കുന്ന പാഠംകൈയെത്തുന്ന ദൂരത്ത് സുവര്‍ണ ജൂബിലി നില്കുമ്പോള്‍ ആലുവ സെന്റ് സേവ്യേഴ്‌സിന്റെ അക്ഷരമുറ്റത്ത് ഉത്സവപ്രതീതി ഉണര്‍ന്നു കഴിഞ്ഞു. സിലബസില്‍ നിന്ന് വ്യത്യസ്തമായ പാഠങ്ങള്‍ ഇവിടെ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും പ്രതീതി സൃഷ്ടിക്കുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ധന്യമായ ജീവിതാനുഭവം.

പഠിക്കാന്‍ മാത്രമല്ല, പഠിച്ചതൊക്കെ പ്രാവര്‍ത്തികമാക്കാനും മിടുക്കികളാണ് സേവ്യേഴ്‌സിയന്‍ പെണ്‍കിടാങ്ങള്‍... അതിന് പ്രധാന തെളിവാണ് അവര്‍ നടപ്പിലാക്കുന്ന 'സഹപാഠിക്കൊരു വീട്' എന്ന പദ്ധതി. തലചായ്ക്കാന്‍ ഇടമില്ലാത്ത, നിര്‍ധനരായ വിദ്യര്‍ഥിനികളെ കണ്ടെത്തി, അവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കാനാണ് ഈ പദ്ധതി. സാമ്പത്തികശേഷി കുറഞ്ഞ സഹപാഠികളെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും ഇവിടെ കാമ്പസ് കൈകോര്‍ത്തു നില്‍ക്കുന്നു.

പതിനൊന്നു വര്‍ഷം മുമ്പ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റാണ് (എന്‍.എസ്.എസ്.) 'സഹപാഠിക്കൊരു വീട്' എന്ന ആശയം മുന്നോട്ടു വച്ചത്. പരിസര ശുചീകരണം, ബോധവത്കരണ ക്ലാസ്സുകള്‍, തുടങ്ങിയ പതിവ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ എന്തെങ്കിലും കൂടി ചെയ്യാനാവും എന്ന ആത്മവിശ്വാസമാണ് ഈ ആശയത്തിലേക്ക് അവരെ നയിച്ചത്.

ഇതിനോടകം ഇവര്‍ സഹപാഠികളായ പത്തു പേര്‍ക്ക് വീടു നിര്‍മിച്ച് നല്‍കിക്കഴിഞ്ഞു. സമ്മാനക്കൂപ്പണ്‍ വഴിയാണ് പ്രധാനമായും വീടു നിര്‍മിക്കുന്നതിനുള്ള സാമ്പത്തികം ശേഖരിക്കുന്നത്. കൂടാതെ ആക്ഷന്‍ ഫോഴ്‌സും സന്മനസ്സുള്ള അനേകം വ്യക്തികളും സഹായികളായി എത്താറുണ്ട്. 2007 ആയപ്പോഴേക്കും പി.ടി.എ. യും കോളേജിലെ നിര്‍ധനരായ കുട്ടികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയൊരുക്കി. പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇതിനോടകം അഞ്ച് വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ ആറാമത്തെ വീടിന് തറക്കല്ലിട്ടിരിക്കുകയാണ്.വര്‍ഷത്തില്‍ രണ്ട് നിര്‍ധനരായ കുട്ടികള്‍ക്ക് കോളേജിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു.അടുത്ത വര്‍ഷം മലയാളം വിഭാഗത്തിലെ അഖിലയുടെയും സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ ഗ്രീഷ്മയുടെയും സ്വന്തം വീടെന്ന സ്വപ്നമാണ് സേവ്യേഴ്‌സ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കാമ്പസ് സൗഹൃദങ്ങളുടെ മധുരമാണുള്ളത്. 'ഹായ് ബൈ' പറഞ്ഞ് പിരിയുന്ന പൊള്ളയായ സൗഹൃദങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗഹൃദത്തിന്റെ ആത്മാര്‍ത്ഥതയാണ് ഈ കാമ്പസില്‍ പങ്കുവയ്ക്കുന്നത്.

ഇനി, കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെത്തിയാല്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുമായി സഹകരിക്കാനൊരുങ്ങുന്ന വിദ്യാര്‍ഥിനികളെ കാണാം. സ്റ്റേറ്റ് ലിറ്ററസി മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയുമായി ഈ വിഭാഗത്തിലെ ഇരുപത് വിദ്യാര്‍ഥിനികളാണ് സഹകരിക്കുന്നത്. അധ്യാപകരാവട്ടെ ഇതിനുവേണ്ട മേല്‍നോട്ടവും പിന്തുണയും നല്‍കുന്നു. ഈ ഇരുപത് പേരില്‍ നിന്ന് അഞ്ചു പേരടങ്ങുന്ന നാല് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പ് വീതം ചെങ്ങമനാട് പഞ്ചായത്തിലെത്തിയാണ് അധ്യയനം നടത്തുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് ക്ലാസ്സുകള്‍ നടക്കുന്നത്. വൈകീട്ട് മൂന്നരയോടെയാണ് ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെത്തിയാലോ, ആലുവ ബോയ്‌സ് ഹോം പോലുള്ള സ്ഥാപനങ്ങളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്ന പെണ്‍കുട്ടികളെയും കാണാം.വഴിയോരങ്ങളില്‍ വിശന്നലയുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം പൊതിച്ചോറുകള്‍ വിതരണം ചെയ്ത് അവരുടെ വിശപ്പടക്കാനും സേവ്യേഴ്‌സിയന്‍ മക്കള്‍ ശ്രമിക്കാറുണ്ട്. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. ഇങ്ങനെ സഹാനുഭൂതിയുടെ കരങ്ങള്‍ നീട്ടുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ സേവ്യേഴ്‌സിയന്‍ കാമ്പസ് കാഴ്ചവയ്ക്കുന്നു.

അവയവദാനത്തിന് സമ്മതപത്രം


ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്... കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലെറ്റ് എന്ന സന്ന്യാസ സമൂഹം സ്ഥാപിച്ചതാണ് ഈ കലാലയം. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ തിരക്കിലാണ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീത്താമ്മ. വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുമെല്ലാം പ്രിന്‍സിപ്പലിന് താങ്ങായുണ്ട്.

സുവര്‍ണ ജൂബിലി രണ്ടുവര്‍ഷം കഴിഞ്ഞ് ആഘോഷിക്കുമ്പോള്‍ കലാലയത്തില്‍ നിന്ന് അമ്പത് അവയവദാന സമ്മതപത്രം സമ്പാദിക്കണമെന്നാണ് സിസ്റ്റര്‍ റീത്താമ്മയുടെ ആഗ്രഹം. സുവര്‍ണ ജൂബിലി വര്‍ഷം അവയവദാന സമ്മതപത്രം ശേഖരിക്കാമെന്ന ആശയവും ഈ പ്രിന്‍സിപ്പലിന്റെ സ്വന്തമാണ്. ഇത് നടപ്പിലാക്കുന്നതിന് ഓരോ സെമസ്റ്ററിലും അവയവദാനത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സേവ്യേഴ്‌സ് ബോര്‍ഡ് ഹയര്‍ എജ്യൂക്കേഷനാണ് ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

'നാക്ക്' (നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍)ന്റെ മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റില്‍ 'എ' ഗ്രേഡ് നേടിയ ഈ കലാലയത്തില്‍ പതിനൊന്ന് ഡിഗ്രി കോഴ്‌സുകളും നാല് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളുമാണുള്ളത്. ജലത്തിന്റെ പി.എച്ച്. മൂല്യം വിലയിരുത്താനുള്ള സൗകര്യങ്ങളോടു കൂടിയ ലാബാണ് മൈക്രോ ബയോളജി വിഭാഗത്തിനുള്ളത്. ജന്തുശാസ്ത്ര വിഭാഗം 700 സ്‌പെസിമെന്‍സുള്ള മ്യൂസിയമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥലപരിമിതികളെ തോല്പിച്ച് സസ്യശാസ്ത്ര വിഭാഗം ഔഷധ സസ്യങ്ങളടങ്ങിയ തോട്ടവും ഒരുക്കിയിട്ടുണ്ട്.

മലയാള വിഭാഗം സാഹിത്യത്തെ പരിപോഷിപ്പിക്കാനും കലകളെ പ്രോത്‌സാഹിപ്പിക്കാനും മുന്‍പന്തിയിലാണ്. കുട്ടികളുടെ കായികക്ഷമത വികസിപ്പിക്കാന്‍ പ്രാപ്തിയുള്ള ആധുനിക പരിശീലന ഉപകരണങ്ങളാണ് കായിക വിഭാഗത്തിനുള്ളത്. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, കബഡി, നെറ്റ് ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ മികച്ച ടീമുകളാണ് ഈ കലാലയത്തിനുള്ളത്.രാഷ്ട്രീയമില്ലാത്ത ഈ കലാലയത്തിലെ ചെയര്‍ പേഴ്‌സണ്‍ രണ്ടാം വര്‍ഷ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിനിയായ അനു യോഹന്നാന്‍ ആണ്

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കുന്ന കലാലയം എന്ന ബഹുമതിയും സേവ്യേഴ്‌സിന് അവകാശപ്പെട്ടതാണ്. കലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റുകള്‍ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

കലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍സ് സ്റ്റഡി സെന്റര്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി കരാട്ടെ, യോഗ, എംബ്രോയ്ഡറി തുടങ്ങിയവയുടെ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കൊരു പ്രതിരോധ മാര്‍ഗം എന്ന നിലയിലാണ് കരാട്ടെ അഭ്യസിപ്പിക്കുന്നത്. സേവ്യേഴ്‌സ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ അവാര്‍ഡ്, മികച്ച എന്‍.എസ്.എസ്. യൂണിറ്റിനും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമുള്ള അവാര്‍ഡ്, കെ.എസ്.എ.സി.എസ്സിന്റെ മികച്ച റെഡ് റിബണ്‍ ക്ലബ്ബിന്റെ അവാര്‍ഡ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ സെന്റ് സേവ്യേഴ്‌സ് കോളേജിനെ തേടിയെത്തിയിട്ടുണ്ട്.സുവര്‍ണ ജൂബിലിയുടെ നിറവിലേക്ക് കാലെടുത്തു വയ്ക്കുന്ന സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ഐക്യമാണെന്ന് പ്രിന്‍സിപ്പല്‍ റീത്താമ്മ ചിരിച്ചുകൊണ്ട് പറയുന്നു.

സേവ്യേഴ്‌സിയന്‍ എഫ്.എം.


സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഒരു മണിക്കൂര്‍ നീണ്ട ഇടവേളയില്‍ സിനിമാ ഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം ഒപ്പം, റേഡിയോ ജോക്കികളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ വാചകമടിയും കൊച്ചുതമാശകളും... ഇതാണ് സെന്റ് സേവ്യേഴ്‌സിയന്‍ കോളേജിന്റെ ഒരുമണിക്കൂര്‍ നീണ്ട എഫ്.എം. കലാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ മുന്‍കൈയെടുത്താണ് ഈ വിനോദ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും പാട്ടുകള്‍ ഡെഡിക്കേറ്റ് ചെയ്യാനും എഫ്.എം. അവസരമൊരുക്കിയിട്ടുണ്ട്. പഠനത്തിന്റെ ചൂടില്‍ കുട്ടികള്‍ക്ക് ഒരു ആശ്വാസമാണ് ഈ എഫ്.എം.

രക്തദാനം മഹാദാനം


രക്തദാനത്തിലൂടെ സമൂഹത്തിന്റെ ഞരമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലാനും ബന്ധങ്ങള്‍ വളര്‍ത്താനും സേവ്യേഴ്‌സിയന്‍ പെണ്‍കുട്ടികള്‍ മുന്‍പന്തിയിലാണ്.

ആണ്‍കുട്ടികള്‍ പോലും അല്പം ഭീതിയോടു കൂടി കാണുന്ന രക്തദാനത്തിന്റെ മഹത്വം നസ്സിലാക്കിയവരാണ് ഈ പെണ്‍കുട്ടികള്‍. യാതൊരു ഭയവും കൂടാതെ രക്തദാനത്തിന് ഇവര്‍ സന്നദ്ധത പ്രകടിപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ രക്തദാതാക്കളുള്ള വനിതാ കലാലയം എന്ന, ഐ.എം.എ. യുടെ ബഹുമതി കൂടി ഈ കലാലയത്തിന് സ്വന്തമാകുന്നു. തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ ഈ ബഹുമതി കരസ്ഥമാക്കുന്ന കോളേജ് എന്ന ഖ്യാതിയും ആലുവ സെന്റ് സേവ്യേഴ്‌സിന് സ്വന്തം.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.