കോഫി വിത്ത് മാഡ്

ബിബിന്‍ ബാബു

ആരുമില്ലാത്തവര്‍ക്കായി എല്ലാമാകാന്‍ ഒരു പറ്റം കൂട്ടുകാര്‍... നഗരത്തിലെ ഒമ്പതോളം അനാഥാലയങ്ങളില്‍ ഇംഗ്ലീഷ് വിജ്ഞാനം, കരിയര്‍ ഗൈഡന്‍സ്, നേതൃത്വ പാടവം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയവ നല്കിക്കൊണ്ട് നിരാലംബരായ കുട്ടികളെ സ്വപ്നം കാണാന്‍
പഠിപ്പിക്കുകയാണ് ഈ യുവ പ്രൊഫഷണലുകളുടെ ലക്ഷ്യം...
യുവത്വം ഫേസ്ബുക്കില്‍ മാത്രം ജീവിക്കുകയാണെന്ന് വെറുതെപോലും ഇനി പറയരുത്. കമന്റടിക്കാനും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും മാത്രമറിയാവുന്നവരല്ല തങ്ങളെന്ന് തെളിയിക്കുകയായിരുന്നു കഴിഞ്ഞ മൂന്നു ദിവസം പാലാരിവട്ടത്തെ ''ചായ്‌കോഫി' യില്‍ ചില 'മാഡ്' പിള്ളേരുകള്‍. സൗഹൃദങ്ങളെ അര്‍ത്ഥമുള്ളതാക്കി അതിലൂടെ നിരാലംബരായവര്‍ക്ക് സഹായമാകാനുള്ള സംരംഭത്തിന് ചായക്കോപ്പയില്‍ പിറന്ന ചില ഇളം കാറ്റുകളുടെ കഥ പറയാനുണ്ട്...

പാലാരിവട്ടത്തുള്ള 'ചായ്‌കോഫി' യില്‍ നിന്ന് ദിവസവും ചായകുടിച്ച് പിരിയുമായിരുന്ന ഒരുപറ്റം കൂട്ടുകാര്‍. 'ചാരിറ്റി' എന്ന പേരിലുള്ള പ്രഹസനങ്ങള്‍ കണ്ടുമടുത്ത ഇവര്‍ പുതിയ ഒരു പദ്ധതിയിട്ടു, കടയിലെ വരുമാനം തന്നെ ചാരിറ്റിയാക്കി മാറ്റുക. പദ്ധതിയിട്ടത് ചില്ലറക്കാരല്ല, കൊച്ചിയില്‍ മൊട്ടിട്ട് ഇപ്പോള്‍ ഇന്ത്യമുഴുവന്‍ ഇതളുകളുള്ള 'മാഡ്' (മേയ്ക്ക് എ ഡിഫറന്‍സ്) എന്ന എന്‍.ജി.ഒ. യിലെ ഒരുകൂട്ടം ചുറുചുറുക്കുള്ള കൂട്ടുകാര്‍. അധികം വൈകിയില്ല, 'മാഡ്' പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം മൂന്നുദിന കാമ്പയിനിന് കൊച്ചി സാക്ഷ്യംവഹിച്ച ദിനങ്ങള്‍. രുചിയിലൂടെയും കളികളിലൂടെയും നിരാലംബരായവര്‍ക്കുള്ള പണം സ്വരൂപിക്കാന്‍ ഒരുങ്ങിയ ഇവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല, ലക്ഷക്കണക്കിന് രൂപയാണ് മൂന്നു ദിവസം കൊണ്ട് 'ചായ്‌കോഫി' പാര്‍ലറില്‍ നിന്ന് പിരിക്കാനായതെന്ന് മാഡ് മെമ്പര്‍ രേഷ്മ ശങ്കര്‍ പറയുന്നു. ധനശേഖരണാര്‍ത്ഥം വില്ലിങ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ കേക്ക് പേസ്ട്രി മിക്‌സിങ് ക്ലാസ് നടത്തിയും മാഡ് അംഗങ്ങള്‍ തരംഗമായി തീര്‍ന്നു.

മൂന്ന് ദിവസം ഇവരോടൊപ്പം കൂട്ടുകൂടാന്‍ നഗരം മുഴുവനും ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്ാമന്‍, ഇഷ തല്‍വാര്‍, അജു വര്‍ഗീസ് തുടങ്ങി ന്യൂ ജനറേഷന്‍ സിനിമക്കാരുടെ സമ്മേളനം തന്നെയായിരുന്നു ഇവിടെ. സണ്ണി വെയ്ന്‍, അപര്‍ണ നായര്‍ തുടങ്ങിയവരും ഇവരോടൊപ്പം എത്തിയിരുന്നു. കൂടാതെ രാജഗിരി, കുസാറ്റ്, ആല്‍ബര്‍ട്‌സ്, സെന്റ് തെരേസാസ്, നുവാല്‍സ്, കെ.എം.ഇ.എ. തുടങ്ങിയ കോളേജുകളില്‍ നിന്നും യുവതീയുവാക്കള്‍ ഒഴുകുന്നു. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ യുവപ്രൊഫഷണലുകളും മറ്റുള്ളവരും കൂടി കൊച്ചിയിലെ യുവത്വം ഒരു കുടക്കീഴില്‍ ഒത്തുകൂടി മാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി.രാവിലെ 11 മുതല്‍ രാത്രി 11 വരെ നടന്ന പരിപാടിയില്‍ 14വയസ്സുള്ളൊരു കൊച്ചുമിടുക്കന്റെ ലൈവ് മ്യൂസിക് പെര്‍ഫോമന്‍സും കൊഴുപ്പേകാനുണ്ടായിരുന്നു. ധനശേഖരാണാര്‍ത്ഥം ടോക് എച്ച് സ്‌കൂളില്‍ ക്വിസ്, പെയിന്റിങ് തുടങ്ങിയ മല്‍സരങ്ങളുമായി സജീവമാകുകയാണ് ഇവരുടെ അടുത്ത പരിപാടി. ആരാലും ശ്രദ്ധിക്കപ്പെടാതെ നഗരത്തിന്റെ അരികു ജീവിതങ്ങളായി നില്‍ക്കുന്ന സെക്യൂരിറ്റിമാര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ റോസാപ്പൂവും ചോക്ലേറ്റുകളും നല്‍കി ആദരിക്കുന്നതും ഇവര്‍ പതിവാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ചാരിറ്റി എന്‍.ജി.ഒ. നഗരത്തിലുള്ള വ്യാപാര സ്ഥാപനവുമായി സഹകരിച്ച് ഇത്തരത്തിലൊരു പ്രവര്‍ത്തനം നടത്തുന്നതെന്ന് 'ചായ്‌കോഫി' ഷോപ്പുടമ നൂറുല്‍ ഹിജാസ് പറയുന്നു.

കോഫിയിലെ വൈവിദ്ധ്യമാര്‍ന്ന രുചികളും 26 തരം ഫ്ലേവറുകളില്‍ ഇംപോര്‍ട്ടഡ് ചായകളും ബെര്‍ഗര്‍, സാന്‍ഡ്‌വിച്ച്, ഡെസേര്‍ട്ടുകളും വൂട്ട് ഗെയിമിങ്ങും കൊച്ചിയിലാദ്യമായി ലൈസര്‍ ടാഗ് അരീനയും തുടങ്ങി വിവിധ ഇനങ്ങളായിരുന്നു മൂന്നുദിന ചാരിറ്റി ചായ്‌കോഫി പാര്‍ലറിലൂടെ മാഡ് പ്രവര്‍ത്തകര്‍ നഗരത്തിലെത്തിച്ചത്. പരിശീലനം ലഭിച്ച മാഡ് അംഗങ്ങള്‍ തന്നെയായിരുന്നു കോഫി പാര്‍ലറില്‍ ഓര്‍ഡറെടുക്കാനും മറ്റും മുന്നിലുണ്ടായിരുന്നത്.

ആറ് വര്‍ഷം മുമ്പ് ഇരുപതുപേര്‍ ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ 'മാഡ്' സംഘടന ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി, ബാഗ്ലൂര്‍, ചെന്നൈ തുടങ്ങി ഇരുപത്തിമൂന്ന് നഗരങ്ങളിലായി 1500 ഓളം യുവ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സംഘടനയ്ക്കുണ്ട്. എറണാകുളത്തെ ഒമ്പതോളം അനാഥാലയങ്ങളില്‍ 400 ഓളം കുട്ടികള്‍ക്ക് മാഡ് പ്രവര്‍ത്തകര്‍ മൂന്നുമണിക്കൂര്‍ വീതമുള്ള ക്ലാസ്സുകള്‍ നയിക്കുന്നുണ്ട്. തൃക്കാക്കരയിലുള്ള വൈ.എം.സി.എ. പുവര്‍ ബോയ്‌സ് ഹോമിലാണ് ആദ്യമായി മാഡ് അംഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

സുജിത്ത് എബ്രഹാം വര്‍ക്കി, കാവിന്‍ കെ.കെ, സന്തോഷ് ബാബു, ഗ്ലോറിയ ബെന്നി, ജിതിന്‍ ജോണ്‍ വര്‍ഗീസ്, ജിതിന്‍ സി. തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു മാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കേംബ്രിഡ്ജ് സ്റ്റാന്‍ഡേര്‍ഡ് സിലബസ്സാണ് ഇവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.

എറണാകുളത്ത് ഏകദേശം 250 ഓളം പേര്‍ മാഡ് സംഘടനയുടെ സജീവ പ്രവര്‍ത്തകരായി ഇപ്പോഴുണ്ട്.അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് എയര്‍പോര്‍ട്ട് കാണാനും വിമാനത്തില്‍ പറക്കാനും ഷിപ്പിങ്ങിനും അവസരമൊരുക്കാന്‍ ഒരുങ്ങുകയാണിവര്‍... ത്യാഗത്തിന്റെ പേരില്‍ മനസ്സില്ലാമനസ്സോടെ ആരും ആരേയും സഹായിക്കരുതെന്നാണ് ഇവരുടെ പക്ഷം. മനസ്സറിഞ്ഞ് സഹായിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പലരും കടന്നുവരാറുണ്ടെന്നിവര്‍ പറയുന്നു. മാറ്റം നിങ്ങളിലൂടെ തുടങ്ങാന്‍ ലോഗ് ഓണ്‍ടു: www.makeadiff.in
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.