പാട്ടിന്റെ കൂട്ടില്‍

ബിബിന്‍ ബാബുസംഗീതവഴികളില്‍ സൗഹൃദങ്ങളാണിവര്‍ക്ക് കൂട്ട്. സെജോയ്ക്ക് മഹാരാജാസിലാണെങ്കില്‍, നന്ദുവിന് കാലടി ശ്രീശങ്കരയിലും ആര്‍.എല്‍.വി.യിലുമാണ് സംഗീത കൂട്ടുകെട്ടുകള്‍. പുതുതലമുറയുടെ തുടിപ്പറിയാന്‍ ഈ സൗഹൃദങ്ങള്‍ തുണയ്ക്കുമെന്നാണ് ഇവരുടെ പക്ഷം. കാതിന് ഇമ്പമേകുന്ന പാട്ടുകള്‍ ഒരുക്കുന്നതില്‍ വലിയ പങ്ക്, അതുകേട്ട് വിലയിരുത്തുന്ന നല്ല സുഹൃത്തുക്കള്‍ക്കു തന്നെയാണെന്ന് ഇവര്‍ പറയുന്നു. സ്‌കൂളുകളിലൂടെ, കോളേജുകളിലൂടെ, യുവജനോത്സവങ്ങളിലൂടെയൊക്കെ വളര്‍ന്നുവന്ന ഇവരുടെ പാട്ടുകള്‍ തീയേറ്ററുകളിലും ചാനലുകളിലും യൂട്യൂബിലുമൊക്കെ ഹിറ്റ് ചാര്‍ട്ടില്‍ കുതിക്കുകയാണ്... പുതിയ തലമുറയുടെ പാട്ടുകളുമായി 'ന്യൂജന്‍'സംഗീത സംവിധായകരായ സെജോയും നന്ദുവും ...

നന്ദു കര്‍ത്ത


'ഇഡിയറ്റ്‌സ്' എന്ന സിനിമയുടെ പോസ്റ്ററുകള്‍ കണ്ട് വണ്ടറടിച്ചവര്‍ ഏറെയാണ്. എല്ലാ പോസ്റ്ററും തലതിരിച്ച് കെട്ടിയിരിക്കുന്നു. ആരും നോക്കുന്ന പുതുമ വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. അതുപോലെ, ഏറെ പുതുമ പുലര്‍ത്തുന്ന ഗാനങ്ങളും സി.ഡി. റിലീസിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ യൂട്യൂബിലെ ലൈക്കുകളില്‍ ഹിറ്റ് വസന്തം തീര്‍ക്കുകയാണ്. സംഗീതവഴിയില്‍ ഒരു ദശാബ്ദത്തോളമായുള്ള നന്ദു കര്‍ത്ത എന്ന മുപ്പത്തിനാലുകാരനാണ് ഇതിനു പിന്നില്‍.

രവീന്ദ്രന്റെ അസിസ്റ്റന്റാകാന്‍ ഭാഗ്യം ലഭിച്ച ചെറുപ്പക്കാരന്‍. അദ്ദേഹത്തിന്റെ അവസാനകാലത്തെ 'വടക്കുംനാഥന്‍', 'ഗ്രീറ്റിങ്‌സ്' തുടങ്ങിയ സിനിമകളില്‍ മ്യൂസിക് പ്രോഗ്രാമറായി കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വരങ്ങളും പാട്ടൊരുക്കുന്ന അന്തരീക്ഷവും ഇപ്പോഴും മനസ്സിലുണ്ടെന്ന് നന്ദു പറയുന്നു. എങ്ങനെ പാട്ടൊരുക്കണമെന്ന വലിയ പാഠം തന്ന ഗുരുനാഥനാണ് രവീന്ദ്രന്‍ സാറെന്ന് നന്ദു.സൗഹൃദം തുണച്ച കഥയാണ് നന്ദുവിനും പറയാനുള്ളത്. സംഗീത ബിരുദ പഠനകാലത്തെ കാലടി ശ്രീശങ്കരാചാര്യയിലെയും ബിരുദാനന്തര പഠനകാലത്തെ ആര്‍.എല്‍.വി. കോളേജിലെയും സംഗീത കൂട്ടുകളാണ് തന്നെ വളര്‍ത്തിയതെന്ന് വിശ്വസിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നന്ദുവും. സംവിധായകന്‍ സംഗീത് ശിവന്റെ അസിസ്റ്റന്റായ കെ.എസ്. ബാവയുമൊത്തുള്ള സൗഹൃദം സിനിമയിലേക്കെത്തിക്കുകയായിരുന്നെന്ന് നന്ദു.

ചെറു സിനിമകളിലൂടെ, ഡോക്യുമെന്ററികളിലൂടെ തുടങ്ങിയ ബാവയുടെ ആദ്യ സിനിമാ പ്രവേശത്തിലും നന്ദുവിനെത്തന്നെ സംഗീതം ഏല്പിക്കുകയായിരുന്നു. സംഗീത് ശിവന്റെ നിര്‍മാണത്തില്‍ ബാവയുടെ ആദ്യ സിനിമ 'ഇഡിയറ്റ്‌സ്'-ന് സംഗീതം ഒരുക്കിക്കൊണ്ട് മലയാള സിനിമയുടെ സംഗീത കുടംബത്തിലേക്ക് നന്ദു കര്‍ത്തയും ശ്രുതിയിടുന്നു.

ഓര്‍ക്കസ്ട്രല്‍ പ്രോഗ്രാമറായി ബിജിബാലിന്റെയും ഔസേപ്പച്ചന്റെയും അല്‍ഫോണ്‍സിന്റെയും കൂടെ ഏറെ നാളുണ്ടായിരുന്നതിന്റെ അനുഭവസമ്പത്തുമുണ്ട് നന്ദുവിന്. ബിജിബാലുമായി ചെറുപ്പം മുതലുള്ള സൗഹൃദം ഏറെ സഹായിച്ചുവെന്ന് നന്ദു. അനേകം സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കുടുംബ പ്രേക്ഷകരുടെ കാതുകളിലും നന്ദുവന്റെ സംഗീതം പെയ്തിറങ്ങിയിട്ടുണ്ട്.

ബാലപാഠങ്ങള്‍ പറഞ്ഞുതന്ന തങ്കമണി എന്ന സംഗീതാധ്യാപികയെയും ജോസ്‌കുട്ടി എന്ന വയലിനിസ്റ്റിനെയും ഏറെ ആദരവോടെ കാണുകയാണിദ്ദേഹം. വിജയ് യേശുദാസുമൊത്തുള്ള സൗഹൃദം ഫ്രകോസ്മിക് മ്യൂസിക്‌യ്ത്തഎന്ന സംഗീതലേബലിലേക്ക് നന്ദുവിന് വഴിതുറന്നിരിക്കുകയാണ്. നന്ദുവിന്റെ ഇഷ്ടഗാനം രവീന്ദ്രന്റെ ഫ്രനിറങ്ങളേ പാടൂ...യ്ത്ത ആണ്.

സെജോ ജോണ്‍


ജോണ്‍സണ്‍ മാഷിന്റെ അസിസ്റ്റന്റാകാന്‍ കൊതിച്ചുനടന്ന ഒരു ചെറുപ്പക്കാരന്‍ -മഹാരാജാസിലെ സംഗീതപഠന കാലം സെജോ ജോണ്‍ ചുരുക്കുന്നതിങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ അതിന് കഴിയാതെപോയെങ്കിലും ഏകലവ്യന്റെ കഥ പോലെ ഒളിഞ്ഞും തെളിഞ്ഞും മാഷിനെ അനുഗമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ട്, അതുപോലെ പാട്ടൊരുക്കാന്‍ കൊതിച്ച്, പരസ്യങ്ങളുടെ ജിംഗിള്‍സിലൂടെ ഷോര്‍ട്ട് ഫിലിമുകളിലൂടെ, ആല്‍ബങ്ങളിലൂടെ... നീണ്ട പത്ത് വര്‍ഷങ്ങള്‍.

അവസാനം മെലഡിയുടെ വസന്തവുമായി 'മമ്മി&മീ' എന്ന സിനിമയിലെ മാതൃവാത്സല്യമുള്ള സംഗീതം. തീയേറ്ററിലും യൂട്യൂബിലുമൊക്കെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന യ്ത്ത'മൈ ബോസിയ്ത്തലെ മെലഡിയും ഫാസ്റ്റ് നമ്പറുകളും വഴി വരാനിരിക്കുന്ന ഫ്രഹൗസ് ഫുള്‍യ്ത്ത,ഫ്രഓണ്‍ ദ വേയ്ത്ത... കൈനിറയെ പടങ്ങള്‍ സെജോയ്ക്കുണ്ടിപ്പോള്‍. പാട്ടുകളിലൂടെ അറിയപ്പെടാന്‍ കൊതിക്കുന്ന ഈ ഇരുപത്തെട്ടുകാരന്‍ മനസ്സു തുറക്കുന്നു.

അതിരപ്പിള്ളി വെറ്റിലപ്പാറയാണ് സെജോയുടെ സ്വദേശം. ഇപ്പോള്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ താമസം. മഹാരാജാസിലെ ഡിഗ്രികാലം മറക്കാനാകില്ലെന്നാണ് സെജോ പറയുന്നത്. അങ്ങനെയൊരു കാമ്പസ് ഇല്ലായിരുന്നെങ്കില്‍ സെജോ എന്ന സംഗീത സംവിധായകന്‍ പിറക്കുകയില്ലായിരുന്നു. അപ്പച്ചനായിരുന്നു ചെറുപ്പത്തില്‍ സംഗീതാഭിരുചി കണ്ട് പ്രോത്സാഹനം നല്‍കിയത്. വീട്ടിലെ ഹാര്‍മോണിയവും അപ്പച്ചന്റെ ഭക്തിഗാനങ്ങളും കേട്ടു വളര്‍ന്ന ബാല്യം, സ്‌കൂളികളിലെ പാട്ടുമത്സരങ്ങള്‍, കലോത്സവങ്ങള്‍, തൃശ്ശൂര്‍ ചേതനയിലെ തോമസച്ചന്‍, കീബോര്‍ഡിസ്റ്റായ സ്റ്റാന്‍ലി, ബാബുരാജ് അന്നമന്നട, സംഗീതാധ്യാപകരായ ഭുവനേശ്വരി, ജയലക്ഷ്മി തുടങ്ങിയവരിലൂടെയുള്ള സംഗീതപഠനങ്ങള്‍.

മഹാരാജാസിലെ സംഗീത ഡിഗ്രി പഠനകാലത്തെ ചെറിയ സിനിമകള്‍, കൂട്ടുകാരുമൊത്തുള്ള പ്രോജക്ടുകള്‍ എല്ലാം താനറിയാതെ, തന്നെ വളര്‍ത്തുകയായിരുന്നെന്ന് സെജോ പറയുന്നു.

ചുരുങ്ങിയ നാള്‍കൊണ്ട് വിലപിടിപ്പുള്ള പല പാട്ടുകാരും സെജോയുടെ സംഗീതത്തില്‍ പാടിക്കഴിഞ്ഞു. കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, ബെന്നി ദയാല്‍, കാര്‍ത്തിക്, ബോളിവുഡ് ഗായകന്‍ നവ്‌രാജ് ഹാന്‍സ്, സയനോര... അങ്ങനെ പോകുന്നു പട്ടിക. ജനിച്ചപ്പോള്‍ മുതല്‍ കാതില്‍ തേന്‍മഴയായി കേള്‍ക്കുന്ന ഗാനഗന്ധര്‍വ ശബ്ദത്തില്‍ തന്റെ പാട്ടുകള്‍ വരുമെന്ന് സ്വപ്നം കാണുകയാണ് പുതിയ സംഗീത സംവിധായകന്‍.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.