കോളേജ് രാജ

കിരണ്‍ ഗംഗാധരന്‍മഹാരാജാസ്.. കേരളത്തിലെ കലാലയങ്ങളുടെ രാജാവ്... തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളും രാജകീയ പ്രൗഢി നിറഞ്ഞുനില്‍ക്കുന്ന ഇടനാഴികളും ഈ കലാലയത്തെ കൗമാര മനസ്സുകളുടെ സ്വപ്നഭൂമിയാക്കുന്നു... ഓരോ തളിരിലയിലും കഥകള്‍ പകര്‍ത്തിവെയ്ക്കുന്ന വന്‍ മരങ്ങള്‍, പിരിയന്‍ ഗോവണി, സമരമരം... മഹാരാജാസ് ഒരു വിസ്മയ ലോകമാണ്... പൊടിമണലില്‍ പോലും ചരിത്രമൊളിപ്പിച്ചു വച്ചിട്ടുള്ള കലാലയത്തില്‍ പഠിച്ച് പടിയിറങ്ങിപ്പോയവര്‍ക്ക് പറയാന്‍ ഓര്‍മ്മകളുടെ കൂമ്പാരം ബാക്കി കാണും.

പൂര്‍വ്വ വിദ്യാര്‍ത്ഥികളെയെല്ലാം അസൂയപ്പെടുത്തി ഇവിടെയൊരാള്‍ തന്റെ പഠനകാലത്തിന് ശേഷവും ജീവിക്കുന്നുണ്ട്. ഇ.എസ്. രാജ... കലാലയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നതിന് ശേഷവും കലാലയത്തിന്റെ ഇടനാഴികളിലെ പുതിയ രാജാക്കന്മാര്‍ക്കൊപ്പം സൗഹൃദം പങ്കുവെയ്ക്കുന്നുണ്ട്... ഇന്ന് പക്ഷെ വേഷം വിദ്യാര്‍ത്ഥിയുടേതല്ല, കാന്റീന്‍ ഉടമയുടേതാണെന്ന് മാത്രം.

കാലം കുറച്ച് പുറകോട്ട് പോകേണ്ടിയിരിക്കുന്നു... അഞ്ചു വര്‍ഷം മുന്‍പത്തെ ഡിസംബര്‍ മാസത്തിലേക്ക്. മഹാരാജാസിന്റെ ഇടനാഴികളില്‍ എസ്.എഫ്.ഐ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത സമരകാലം. മെഡിക്കല്‍-എന്‍ജിനീയറിംഗ് സമരങ്ങളുടെ ചൂട് ആറിത്തണുക്കുന്നതേയുള്ളു. മഹാരാജാസില്‍ വീണ്ടും സമരം തുടങ്ങി. ഇടനാഴികളില്‍ ഇത്തവണ അലയടിച്ച ആവശ്യം പക്ഷെ കാന്റീനായിരുന്നു. നിരന്തര സമരങ്ങളും സംഘട്ടനങ്ങളും മൂലം കാമ്പസില്‍ ഭക്ഷണക്കച്ചവടത്തിന് വന്നവരെല്ലാം വന്നതിലും വേഗത്തില്‍ ഓടിയത് കൊണ്ട് കുറച്ചു കാലമായി ഈ പ്രസ്ഥാനം അടച്ചിട്ടിരിക്കുകയാണ്.

കാമ്പസിലെ നേതാക്കന്മാരെല്ലാം സമരത്തിന് മുന്നിലുണ്ട്. കാന്റീന് എവിടെന്നെങ്കിലും ആളെ കണ്ടുപിടിച്ചോളാമെന്ന് മഹാരാജാസ് ഭരണ കൂടം ഉറപ്പുനല്‍കി. നിരന്തര സമരവുമായി മുന്നോട്ട് പോയ സഖാക്കളുടെ മുന്‍നിരയില്‍ തന്നെ നമ്മുടെ കഥാനായകനും ഉണ്ട്. തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സഖാക്കള്‍ക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അന്നത്തെ ഫിലോസഫി ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി ഇ.എസ്. രാജ.

ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ രാജ തന്നെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. അത് പക്ഷെ മഹാരാജാസിന്റെ യൂണിയന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അദ്ധ്യായമായിരുന്നു. അന്നോളം കാമ്പസിലെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചവരില്‍ വച്ചേറ്റവും മികച്ച ഭൂരിപക്ഷം. ഇന്നോളം തകര്‍ക്കപ്പെടാത്തത്... 1378 വോട്ട്... അന്ന് എതിര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചത് കെ.എസ്.യു വില്‍ നിന്ന് ബിനുവും എ.ബി.വി.പി. യില്‍ നിന്ന് അജിലേഷുമായിരുന്നു. എതിരാളികളെ കാഴ്ചക്കാരായി ഒതുക്കി രാജ വിദ്യാര്‍ത്ഥികളുടെ താരമായി.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ് ഇദ്ദേഹം. കലാലയവും സൗഹൃദങ്ങളും ഒക്കെയായി ജീവിതം മുന്നോട്ടു പോകുന്നതിനിടെ കഴിഞ്ഞ സെപ്തംബര്‍ 14 ന് വിവാഹിതനായി. ഈരാറ്റുപേട്ട സ്വദേശിനി രമ്യയാണ് ഭാര്യ. രണ്ടു സഹോദരിമാരുടെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയെന്ന നില വിട്ട് ജീവിതത്തിലേക്ക് കടന്നതോടുകൂടി ഇനിയിപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ ജോലി വേണമെന്നുണ്ട്. പി.എസ്.സി. യുടെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്‍പ്പെട്ടിട്ടുള്ളതു കൊണ്ട് ആ കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ഒരു തവണ പടിയിറങ്ങിപ്പോയി തിരിച്ച് വന്നതാണ്. ഇനിയിപ്പോള്‍ പോകാതെ വയ്യ എന്ന അവസ്ഥയായിട്ടുണ്ട്. സമയമായിട്ടില്ലെന്ന ആശ്വാസം ബാക്കി...

കോട്ടയം അരുവിത്തറ കോളേജിലെ ബിരുദ പഠനത്തിന് ശേഷം പൊളിറ്റിക്‌സ് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് 2004 ല്‍ രാജകീയ ഇടനാഴികളിലേക്ക് ചേക്കേറുന്നത്. വന്നു കയറും മുന്നേ ക്ലാസ് റെപ്രസെന്റേറ്റീവായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിരന്തര സമ്പര്‍ക്കത്തിലൂടെയും, സൗഹൃദത്തിലൂടെയും ഇദ്ദേഹം നായകനായി കഴിഞ്ഞിരുന്നു. പിന്നീട് ചെയര്‍മാന്‍ പദം... വേഷങ്ങളെല്ലാം അഴിച്ചുവെച്ച് 2006 ല്‍ ഓര്‍മ്മകള്‍ക്കൊപ്പം പടിയിറക്കം.

ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് തിരിച്ചു വന്നത്. താനും കൂടി മുന്നിട്ടിറങ്ങി നേടിയെടുത്ത കാന്റീന്‍ നടത്തിപ്പിലേക്ക് രാജ കടന്നുവന്നപ്പോള്‍ അന്ന് കാമ്പസിലെ നേതാക്കളായിരുന്ന ടി.ടി. ശിവരാജും സതീഷുമടക്കമുള്ള സുഹൃത്തുക്കള്‍ ക്ലാസ് മുറിയെ കാന്റീനാക്കുന്ന ചുമതല ഏറ്റെടുത്തു. തിരിച്ചു വരവില്‍ ചെയര്‍മാന്‍ എല്ലാ സംഘടനക്കാരുടേയും പ്രിയപ്പെട്ട ചങ്ങാതിയായി. അതുകൊണ്ടു തന്നെ ഏത് സംഘടനക്കാര്‍ സമരം നടത്താന്‍ തീരുമാനിച്ചാലും അത് അരി വെള്ളത്തിലിടും മുന്‍പ് കാന്റീന്‍ ഉടമയുടെ കാതുകളിലെത്തിയിരിക്കും. അദ്ധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും ഉറ്റ മിത്രം.

തിരിച്ചു വരവിന് രാജയെ പ്രേരിപ്പിച്ചവരുടെ കൂട്ടത്തില്‍ കൂടുതലും മഹാരാജാസിലെ ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. ഇവിടെയാണ് മറ്റെല്ലാ കാന്റീന്‍ ഉടമകളില്‍ നിന്നും രാജ വ്യത്യസ്തനാവുന്നത്. കലാലയത്തിന്റെ ഭാഗമായി, കാമ്പസിലെ മുഴുവനാളുകള്‍ക്കും പ്രിയങ്കരനായി ഇദ്ദേഹം ഇവിടം ആസ്വദിക്കുന്നുണ്ട്.

ജൂണ്‍ മാസം എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ ഇദ്ദേഹത്തിനും തിരക്കാണ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നവാഗതരെയും കൊണ്ട് കാന്റീനില്‍ വരും. പരിചയപ്പെടുത്തും. പിന്നെ പരിചയപ്പെടല്‍. 'ഇത് എല്ലാവരെക്കാളും സീനിയറായ വിദ്യാര്‍ത്ഥി'. പടിയിറങ്ങിപ്പോവുന്നവരോട് യാത്രപറഞ്ഞ് മാര്‍ച്ചും കയറി വരുന്നവര്‍ക്ക് സ്വാഗതമോതി ജൂണും പലത് കഴിഞ്ഞിരിക്കുന്നു... തീ പിടിക്കുന്ന ചിന്തകള്‍ക്കും, സൗഹൃദ കൂട്ടായ്മകള്‍ക്കും ചൂടു പകര്‍ന്ന് രാജ ഭായി അങ്ങനെ കാമ്പസില്‍ നിറഞ്ഞ് ജീവിക്കുകയാണ്.

ക്ലാസ് മുറിയില്‍ കയറുന്നില്ല എന്നതൊഴിച്ചാല്‍ എല്ലാം പഴയതു പോലെത്തന്നെ. പക്ഷെ സെമസ്റ്റര്‍ വിദ്യാഭ്യാസം കരിച്ചു കളയുന്ന കലാലയ ജീവിതത്തിന്റെ നിറപ്പകിട്ടിനെപ്പറ്റി പരാതികളുമുണ്ട് ഇദ്ദേഹത്തിന്. ഒപ്പം കലാലയത്തിന്റെ ഇടനാഴികളിലേക്ക് വിപ്ലവം തിരിച്ചു വരവ് നടത്തിയതിന്റെ സന്തോഷവും...
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.