നന്മയുടെ വിത്തിട്ട് നൂറുമേനിദൂരെയൊരു ഗ്രാമം. തസ്‌കരഗ്രാമമെന്ന് പേര്. പകലുറക്കവും രാത്രി മോഷണവുമായി ജീവിക്കുന്നവര്‍ക്കിടയിലേക്ക് സ്‌നേഹത്തിന്റെ സന്ദേശവുമായൊരു സുന്ദരിയെത്തുന്നു. ഗ്രാമത്തിലെ കലഹിക്കാന്‍ മാത്രമറിയുന്ന വീട്ടമ്മമാര്‍ക്ക് അവള്‍ ഒരു പിടി വിത്തുകള്‍ നല്‍കുന്നു. വിത്തുകള്‍ പാകി മുളപ്പിച്ചാല്‍ ഭാഗ്യം വരുമെന്ന് പ്രലോഭനവും. ഭാഗ്യമെന്നാല്‍ പണമെന്ന് ആര്‍ത്തിമൂത്തവര്‍ വിത്തുമുളപ്പിച്ചു. ഗ്രാമം മുഴുവന്‍ നിറയുന്ന പച്ചപ്പ് പതിയെ മനസ്സുകളിലേക്കും നന്മയായി പടരുകയാണ്.

കാര്‍ഷിക സംസ്‌കാരത്തിന്റെ നന്‍മകള്‍ വിളംബരം ചെയ്യുന്നത് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന 'നൂറുമേനി' എന്ന നാടകത്തിലാണ്. ഉപഭോഗ സംസ്‌കാരത്തിനെതിരെയുള്ള സന്ദേശം കൂടി ഉള്‍ക്കൊള്ളുന്ന നാടകം സമാപിക്കുന്നത് കാണികള്‍ക്ക് ഒരു പിടി വിത്തുകള്‍ സമ്മാനിച്ചുകൊണ്ടാണ്.

എന്തിനും ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന മലയാളിക്കുള്ളതാണ് നൂറുമേനി. പച്ചക്കറിക്കായി തമിഴ്‌നാട്ടിലേക്കും അരിക്കായി ആന്ധ്രയിലേക്കും ഓടുന്നതിന് മുന്‍പ് സ്വന്തം വീട്ടുമുറ്റത്തെ ഇത്തിരി മണ്ണിലേക്ക് നോക്കാനാണ് നാടകം ആഹ്വാനം ചെയ്യുന്നതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവതരണം ലക്ഷ്യമിട്ട് അമ്പതോളം വിദ്യാര്‍ത്ഥികളാണ് നാടകത്തിന് പിന്നില്‍ അണിനിരക്കുന്നത്. ഈ മാസം അവസാനം നാടകം ഡല്‍ഹിയില്‍ അവതരിപ്പിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിലാണ് കുട്ടിക്കൂട്ടം ഇപ്പോള്‍.

പതിനെട്ട് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന അമല്‍രാജും രാജേഷ്ശര്‍മയും ചേര്‍ന്നാണ് നാടകത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ നാടകത്തില്‍ പങ്കാളികളാകുന്നു. 14 ജില്ലകളിലായി നടന്ന ജില്ലാ നാടക ക്യാമ്പുകളില്‍ നിന്നാണ് ഡല്‍ഹി നാടകാവതരണ സംഘത്തിലേക്കുള്ള കുട്ടിക്കൂട്ടത്തെ തിരഞ്ഞെടുത്തത്.

ഓരോ ജില്ലയിലും ക്യാമ്പുകള്‍ നടത്തി 60 വിദ്യാര്‍ത്ഥികളെയാണ് ആദ്യം തിരഞ്ഞെടുത്തതെന്ന് അമല്‍രാജും രാജേഷ് ശര്‍മ്മയും പറയുന്നു. ഇതിനുശേഷം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി പരിശീലനപരിപാടി സംഘടിപ്പിച്ചു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് അവസാന അമ്പതംഗ സംഘം. 27 പേര്‍ പെണ്‍കുട്ടികളാണ്.

അമ്പതുപേര്‍ക്കും നാടകത്തില്‍ വേഷമുണ്ട്. ചിലര്‍ പാട്ടുകാരായും ചിലര്‍ നര്‍ത്തകരായും എത്തുന്നു. എല്ലാവര്‍ക്കും സംഭാഷണവും നല്‍കിയിട്ടുണ്ട്.

നാടകലോകത്തേക്ക് യുവതലമുറയെ വഴിനടത്തുകയെന്നതാണ് നാടകാവതരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അമല്‍രാജും രാജേഷും പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിത്താര്‍ (സ്റ്റുഡന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രെയിനിങ് ഫോര്‍ ആര്‍ട്ടിസ്റ്റിക് റജുവനേഷന്‍) ആണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. സിത്താറിന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈവര്‍ഷം തിരഞ്ഞെടുത്തത് നാടകമാണ്. നാടകത്തിന്റെ വിശദാംശങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ അവതരണത്തിനുശേഷം തിരിച്ചെത്തി നാടകം കേരളത്തിലും അവതരിപ്പിക്കുന്നുണ്ട്.

നാടകത്തിന്റെ അവസാനഘട്ട മുഖംമിനുക്കലും പരിശീലനവും കച്ചേരിപ്പടിയിലെ ആശിര്‍ഭവനിലാണ് ഒരുക്കിയിരിക്കുന്നത്. കഥാര്‍സിസ് എന്ന പേരിലാണ് നാടക പരിശീലന ക്യാമ്പ്. ഇതിനുശേഷം ഈമാസം 18 ന് സംഘം ഡല്‍ഹിയിലേക്ക് തിരിക്കും. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടകക്യാമ്പില്‍ പങ്കെടുക്കുന്നതിനൊപ്പം കുട്ടികളുടെ നാടകോത്സവത്തില്‍ നൂറുമേനി അവതരിപ്പിക്കുകയും ചെയ്യും. ഡിസംബര്‍ ഒന്നുവരെയാണ് ഡല്‍ഹിയിലെ നാടകക്യാമ്പ്.

എന്തിനും ഏതിനും അന്യനെ ആശ്രയിക്കുന്നവര്‍ക്കുള്ള സന്ദേശമായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന നാടകമാണ് നൂറുമേനി.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.