മാലിന്യം തള്ളാനല്ല മലയാള സിനിമ

രജീഷ് പി.രഘുനാഥ്‌ജനറേഷന്‍ സിനിമ... ക്ലബ് എഫ്.എമ്മിന്റെ ആര്‍.ജെ. സച്ചുവിന് ചോദ്യം പൂര്‍ത്തിയാക്കേണ്ടിവന്നില്ല അതിനുമുമ്പ് ഭാവി പത്രപ്രവര്‍ത്തകരുടെ വാക്കുകള്‍ പ്രവഹിച്ചു തുടങ്ങി. ഓരോ കാലത്തും അക്കാലത്തിന്റെ പ്രതിനിധികള്‍ മാറ്റങ്ങള്‍ കൊണ്ടുവരും. സംവിധായകന്‍ കൂടിയായ പി.ജിംഷാറാണ് തുടക്കമിട്ടത്. മാതൃഭൂമി കാഴ്ചയും ക്ലബ് എഫ്.എമ്മും ചേര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സംഘടിപ്പിച്ച ടോക്‌ഷോയിലാണ് പുത്തന്‍സിനിമകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ അരങ്ങേറിയത്.

സിനിമകള്‍ മാറുന്നുണ്ട്, എന്നാല്‍ കാണികള്‍ മാറുന്നില്ലെന്നുപറഞ്ഞ് ജിംഷാര്‍ വീണ്ടും പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകളിലേക്ക് സഹപാഠികളെ കൂട്ടിക്കൊണ്ടുപോയി. ഇക്കുറി ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മലയാളസിനിമകളില്‍ ഒന്നുപോലും ഇവിടെ സാമ്പത്തികമായി വിജയിച്ചില്ല എന്നതിന് കാണികള്‍ ഉത്തരം പറഞ്ഞേതീരൂ- ജിംഷാര്‍ നിലപാട് കര്‍ക്കശമാക്കി.

അനിരുവിന്റെ നോട്ടത്തില്‍ ന്യൂജനറേഷന്‍ എന്ന ട്രെന്റ് മലയാളത്തില്‍ സൃഷ്ടിച്ചത് സന്തോഷ് പണ്ഡിറ്റാണ്. തീയറ്ററുകള്‍ കാലിയാണെന്ന് പരിതപിക്കുന്നവര്‍ക്കു മുന്നില്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കണ്ടെത്തി സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞു. ഒരുപക്ഷേ, സന്തോഷ് പണ്ഡിറ്റ് വിജയിപ്പിച്ച് കാണിക്കുന്നതുവരെ യൂ ട്യൂബിനെ ഉപയോഗിക്കാന്‍ ഒരു 'മഹാരഥന്മാര്‍ക്കും' തോന്നിയില്ല. സൂപ്പര്‍ താരങ്ങളില്ലെങ്കില്‍ പടം പൊട്ടുമെന്ന് ചിന്തിച്ചിരുന്ന നിര്‍മാതാക്കള്‍ക്കു മുന്നിലാണ് സന്തോഷ് പണ്ഡിറ്റ് നിറഞ്ഞോടിയത്.

അമാനുഷികത്വത്തില്‍നിന്ന് മലയാളസിനിമ തിരിച്ചെത്തിയതില്‍ ആശ്വാസം കൊള്ളുകയാണ് മലയാളിയെന്നും അനിരു വ്യക്തമാക്കി. രജീഷും അനിരുവിനെ പിന്താങ്ങി. സെക്‌സ് സംസാരിക്കാന്‍ ആണിനും പെണ്ണിനും മടിയില്ലെന്നത് പുത്തന്‍ സിനിമകള്‍ തെളിയിച്ചു. അനിരു കത്തിക്കയറുന്നതിനിടെ ജിംഷാര്‍ ഇടപെട്ടു.ഇന്നത്തേതിലും മികച്ച രീതിയില്‍ മലയാളസിനിമ മുമ്പ് സെക്‌സ് കൈകാര്യം ചെയ്തിട്ടുണ്ട്. ദേശാടനക്കിളികള്‍ അതിശക്തമായ ലെസ്ബിയന്‍ പ്രമേയമാണ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ കഥയോ കഥാപാത്രമോ ആവശ്യപ്പെടാതെ വെറും സെക്‌സ് മാത്രം പറയുകയാണ്. മനുഷ്യന്‍ ഇന്ന് മനുഷ്യനായിത്തന്നെ സിനിമയില്‍ അവതരിക്കാന്‍ തുടങ്ങിയതാണ് ന്യൂജനറേഷന്‍ സിനിമകളുടെ മുന്നേറ്റത്തിന് കാരണമെന്ന് ആഷിക് പറയുന്നു.

സെക്‌സ് പറയാന്‍ മടിക്കേണ്ടതില്ലെന്ന് വന്നതോടെ സിനിമയില്‍ എന്തും പറയാമെന്നായെന്നാണ് സര്‍വകലാശാല മുന്‍ ചെയര്‍മാന്‍ കൂടിയായ തേജസ്വിനിയുടെ അഭിപ്രായം. കാലത്തിന്റെ മാറ്റം സിനിമയില്‍ വന്നുകഴിഞ്ഞു. ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ചാല്‍ കരയുന്ന ആരും ഇന്നില്ല. ആസ്വാദനത്തില്‍ കാലം വരുത്തിയ മാറ്റമാണത്. അത് സിനിമയ്ക്കും ബാധകമാണ്. ന്യൂ ജനറേഷന്‍ എന്നു പറഞ്ഞ് എന്തെങ്കിലും നല്‍കിയാല്‍ സ്വീകരിക്കപ്പെടില്ല- തേജസ്വിനി നയം വ്യക്തമാക്കി.

പുതിയ പരീക്ഷണങ്ങള്‍ സച്ചുവിന് മുഴുമിപ്പിക്കേണ്ടി വന്നില്ല. ജിംഷാറിന്റെ വാക്കുകള്‍ പിന്നെയും. ന്യൂ ജനറേഷന്‍ എന്നത് ഒരു മാധ്യമ സൃഷ്ടിയാണ്. ഫോര്‍ ദ പീപ്പിളിലൂടെ ജയരാജ് കൊണ്ടുവന്ന പരീക്ഷണമായിരുന്നു അത്. വെറും പരീക്ഷണങ്ങള്‍ക്കപ്പുറം ഗൗരവമുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയെ മലയാളികളും മാധ്യമങ്ങളും പുറത്തുനിര്‍ത്തുകയാണ്. ആഖ്യാനത്തിലെ സര്‍ഗാത്മകതയെ മാനിക്കാന്‍ മലയാളി ഇനിയും തയാറായിട്ടില്ല -ജിംഷാറിന് അരിശം തീരുന്നില്ല.

ഫഹദ് ഫാസില്‍ ഒരു കൈയില്‍ കോഫിയും മറുകൈയില്‍ ഐപോഡും പിടിച്ച് കുറച്ച് ഇംഗ്ലീഷ് തെമ്മാടിത്തങ്ങളും പറഞ്ഞാല്‍ അത് ന്യൂ ജനറേഷനായി എന്ന സങ്കല്പത്തോട് യോജിക്കാന്‍ ഷിജുവിന് കഴിയുന്നില്ല. ഭരതനും പദ്മരാജനും സൃഷ്ടിച്ചതിനപ്പുറം ഇവരൊക്കെ എന്താണ് സൃഷ്ടിച്ചിട്ടുള്ളത് -ഷിജു ചോദ്യശരങ്ങള്‍ തുടരെ തൊടുത്തുവിട്ടു.

ചര്‍ച്ച അതേതീവ്രതയില്‍ത്തന്നെ കോപ്പിയടി എന്ന വിഷയത്തിലേക്ക് കടന്നു. അവിടെ പ്രിയദര്‍ശന് എതിരായ വിമര്‍ശനങ്ങളായിരുന്നു ആദ്യം. കോപ്പിയടിച്ച സിനിമകള്‍ എന്തിനാണ് കാണാന്‍ പോകുന്നതെന്ന് ആരോ ചോദിച്ചു. സിനിമ കാണാന്‍ പോയതാണോ കുറ്റമെന്ന മറുചോദ്യത്തോടെയാണ് ഷിജു അതിനെ നേരിട്ടത്. പച്ചക്കുതിര, മാളൂട്ടി, താളവട്ടം എന്നിങ്ങനെ മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളൊക്കെയും കോപ്പിയടിയായിരുന്നെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ് അനിരു ചര്‍ച്ചയ്ക്ക് കുറച്ചുകൂടി തീപിടിപ്പിച്ചു.

കോപ്പിയടി എന്നതിന് ശരിയുടെ മറ്റൊരു വശമുണ്ടെന്നാണ് നവാസിന്റെ നിലപാട്. തന്നെക്കാള്‍ നന്നായി ആ പ്രമേയത്തെ ജനങ്ങളിലെത്തിക്കുന്നവനെ സൃഷ്ടാവ് അംഗീകരിക്കുകയാണ് വേണ്ടത്. നവാസ് കോപ്പിയടിയുടെ പോസിറ്റീവ് ഇമേജ് ചൂണ്ടിക്കാട്ടി. കോപ്പിയടി പരാജയമാണന്നതിന് ഉദാഹരണങ്ങള്‍ ഒരുപാടുണ്ടെന്ന് ആഷിക് ചൂണ്ടിക്കാട്ടി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് മലയാളത്തില്‍ വന്‍ പരാജയമായിരുന്നുവെന്നത് മറക്കരുത്.

കോപ്പിയടിക്ക് പശ്ചാത്തലം ഒരു പ്രധാനഘടകമാണെന്നാണ് തേജസ്വിനിയുടെ നിലപാട്. ഇംഗ്ലീഷിന്റെയും മറ്റു ഭാഷകളുടെയും സാംസ്‌കാരിക ഭൂമികയില്‍നിന്നുള്ള ആഖ്യാനവും ആ പ്രമേയത്തിന് മലയാളിയുടെ നാട്ടിന്‍പുറത്തെ പശ്ചാത്തലമാക്കുന്നതും വ്യത്യസ്തമാണ്. സിനിമയ്ക്ക് ഒരു ഫോര്‍മുല വേണമെന്ന ചിന്ത ന്യൂ ജനറേഷന്‍ സിനിമ കാണുമ്പോള്‍പ്പോലും ആരും വിട്ടുകളയുന്നില്ലെന്ന സൈനുല്‍ആബീന്റെ അഭിപ്രായം പലരും ശരിയെന്ന് സമ്മതിച്ചു.

മൃദുലവികാരങ്ങളെ ഉണര്‍ത്തുകയും ഇക്കിളിപ്പെടുത്തുകയും ചെയ്യുന്ന സിനിമകള്‍ക്കപ്പുറം ഡോക്യുമെന്ററികളെ കാണാന്‍ മലയാളി പഠിക്കണമെന്ന ആവശ്യം ജിംഷാര്‍ ഉന്നയിച്ചു. മൗത്ത് പബ്ലിസിറ്റിയെക്കുറിച്ചായി സച്ചുവിന്റെ അടുത്ത ചോദ്യം. മാധ്യങ്ങള്‍ നിഷേധാത്മക നിലപാട് എടുക്കുമ്പോള്‍പ്പോലും മിക്ക സിനിമകളെയും വിജയിപ്പിച്ചത് മൗത്ത് പബ്ലിസിറ്റിയാണെന്ന കാര്യത്തില്‍ ആഷിക്കിന് സംശയമില്ല.

22 ഫീമെയില്‍ കോട്ടയം ഇറങ്ങുന്ന കാലത്ത് ഇവിടെ നഴ്‌സുമാരുടെ സമരങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും, ആ പ്രമേയത്തെ തിരസ്‌കരിച്ച് വളച്ചാല്‍ വളയുന്നവളാണ് നഴ്‌സ് എന്നു തെളിയിക്കാന്‍ 22 എഫ്.കെ. എടുത്തു. 22 ഫീമെയില്‍ കോട്ടയത്തിന്റെ സ്ത്രീവിരുദ്ധതയിലേക്ക് ചര്‍ച്ച മാറിത്തുടങ്ങിയപ്പോള്‍ ജിംഷാറിന്റെ വാക്കുകളാണ് ആദ്യമെത്തിയത്.

ഏറ്റവും പഞ്ചോടെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പറയുന്ന 22 ഫീമെയില്‍ കോട്ടയം പെണ്‍കരുത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥയല്ലെന്നും അതൊരു സ്ത്രീവിരുദ്ധ സിനിമതന്നെയാണെന്നും തേജസ്വിനി തറപ്പിച്ച് പറഞ്ഞു. ജീവിതത്തില്‍ എല്ലാം നടക്കും അത് സിനിമയില്‍ പറയുന്നുതും കാണിക്കുന്നതുമാണോ കുഴപ്പമെന്ന് ഷിജു ചോദിക്കുന്നു. എന്തൊക്കെയായാലും സ്ത്രീകള്‍ക്ക് ഒരു ഊര്‍ജം നല്‍കുന്ന സിനിമ തന്നെയായിരുന്നു 22 എഫ്.കെ എന്നും ഷിജു നിലപാടില്‍ ഉറച്ചുനിന്നു. പെണ്‍കുട്ടികള്‍ ഇങ്ങനെ ചീറ്റുചെയ്യപ്പെടുമെന്ന് തിരിച്ചറിയാന്‍ ആ ചിത്രം സഹായിച്ചിട്ടുണ്ടെന്നാണ് നവാസിന്റെയും നിലപാട്.

പക്ഷേ, ആന്റി ക്രൈസ്റ്റ് കണ്ടവന് 22 ഫീമെിയില്‍ കോട്ടയത്തിലെ ലിംഗഛേദം ഒരു വലിയ സംഭവമൊന്നുമല്ലെന്നാണ് ജിംഷാറിന്റെ പക്ഷം. സ്ത്രീവിരുദ്ധതയും കടന്ന് റീമേക്കിലേക്ക് എത്തിയപ്പോള്‍ ചര്‍ച്ചയ്ക്ക് ആവേശം കൂടിവന്നു. എന്തിനാണ് റീമേക്ക് അതിന് എന്ത് സാമൂഹിക പ്രസക്തിയാണുള്ളത്- അനിരു ചോദിച്ചു. പഴയ രതിനിര്‍വേദവും വൈശാലിയുമൊക്കെ വീട്ടിലിരുന്ന് കാണാന്‍ കഴിയുമായിരുന്നു. പുതിയ രതിനിര്‍വേദം വീട്ടുകാര്‍ക്കൊപ്പമിരുന്ന് കാണാന്‍ പറ്റാത്തതാണെന്ന് ജിംഷാര്‍ പറയുന്നു. മലയാളത്തിന്റെ മണ്ണില്‍നിന്നുവേണം മലയാളസിനിമ എടുക്കാന്‍. ഇന്ന് ഇറങ്ങുന്ന സിനിമ ഏതു ഭാഷയിലും ഏതു രാജ്യത്തും സാധ്യമാകുന്നതാണ്.

മണ്ണിന്റെ മണമുള്ള സിനിമ എവിടെനിന്ന് എടുക്കുമെന്ന മറുചോദ്യത്തോടെയാണ് അനിരു അതിനെ നേരിട്ടത്. വയലില്ല, മണ്ണില്ല, കുറിതൊട്ട് തുളസിക്കതിര്‍ ചൂടിയ പെണ്ണില്ല. പിന്നെ എങ്ങനെ? അച്ഛനും അമ്മയ്ക്കും മക്കളെക്കൂട്ടി തീയേറ്ററില്‍പ്പോയി കാണാന്‍ പറ്റാത്തതാണ് പുതിയ സിനിമകളെന്നാണ് അഞ്ജുശ്രീയുടെ അഭിപ്രായം.

ഹീറോയിന്‍ എന്ന സിനിമ കാണാന്‍ പോയാല്‍ തീയേറ്ററില്‍നിന്ന് ദുരിതാനുഭവം ഉണ്ടാകും. എന്നാല്‍, സ്‌നേഹവീട് കാണാന്‍ പോയാല്‍ അത് ഉണ്ടാകുന്നില്ല. സച്ചുവിന്റെ അഭിപ്രായത്തോട് അനുബന്ധമായി പലരും തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. കുടുംബചിത്രം എന്ന ലേബലൊട്ടിക്കാത്ത സിനിമകള്‍ക്കൊല്ലാം ശല്യക്കാരുണ്ടാകുമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം. തോണ്ടാന്‍ പോകുന്നവന്‍ ഏതു സിനിമയാണേലും തോണ്ടും എന്നാണ് ഷിജുവിന് പറയാനുള്ളത്.

സ്‌നേഹബന്ധങ്ങള്‍ ശക്തമായ സിനിമ കാണാനാണ് സല്‍മത്തിന് ഇഷ്ടം. കഥയുണ്ടെങ്കില്‍ സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ജീജയ്ക്ക് ഉറപ്പുണ്ട്. രഞ്ജിത്തിനെപ്പോലെ വഴിതെറ്റിച്ചവര്‍ സിനിമയെ നേരേയാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഇപ്പോഴത്തേതെന്നാണ് ചര്‍ച്ചയുടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ഉയര്‍ന്ന അഭിപ്രായം.

ഏറ്റവും ഒടുവില്‍ ജിംഷാറിന് അഭ്യര്‍ഥിക്കാനുള്ളത് ഇതാണ്. എല്ലാ മാലിന്യങ്ങളും ഇറക്കിവയ്ക്കാനുള്ള സ്ഥലമാക്കി ന്യൂ ജനറേഷന്‍ സിനിമയെ മാറ്റരുത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.