കൂട്ടുകൃഷിയില്‍ ആരു ജയിക്കും?

ടി.സി.പ്രേംകുമാര്‍മഴക്കാലത്തിന്റെ മധ്യത്തില്‍ നട്ട്, ശീതകാലത്ത് വിളവെടുക്കുന്ന പച്ചക്കറി കൃഷികള്‍ മാല്യങ്കര എസ്.എന്‍.എം. കോളേജ് കാമ്പസ്സില്‍ മത്സരാടിസ്ഥാനത്തില്‍ വളരുകയാണ്. ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെ മുറ്റത്തും ടെറസ്സുകളിലും കൃഷിയുണ്ട്. ദിവസത്തില്‍ ഒരോ ഡിപ്പാര്‍ട്ടുമെന്റിലും ഓരോ അവര്‍ 'കൃഷി പാഠം' ആണ്. കോളേജ് വിമന്‍സ് സെല്ലാണ് ഡിപ്പാര്‍ട്ടുമെന്റടിസ്ഥാനത്തില്‍ കൃഷിപാഠ മത്സരം സംഘടിപ്പിക്കുന്നത്. നട്ട് നനയ്ക്കാനും കിളയ്ക്കാനും പുരുഷ വിദ്യാര്‍ത്ഥികളും സഹായത്തിനുണ്ട്. വിളവെടുക്കുമ്പോഴാണ് വിജയികള്‍ ആരെന്നറിയുക.

ബോട്ടണി, കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ്, മലയാളം, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് (സെല്‍ഫ് ഫിനാന്‍സ്) വകുപ്പുകള്‍ വെവ്വേറെയാണ് കാമ്പസ് കൃഷി നടത്തുന്നത്. കാമ്പസ്സിനുള്ളില്‍ കൃഷി മത്സരത്തിന് പദ്ധതിയിട്ടപ്പോള്‍ തന്നെ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ലിന്‍സി സേവ്യര്‍ കോളേജിലെത്തി. കുട്ടികള്‍ക്കായി ആയിരം പച്ചക്കറി വിത്ത് കിറ്റുകള്‍ സൗജന്യം. വളപ്രയോഗത്തെക്കുറിച്ചും കീടബാധ ചെറുക്കാനും മറ്റു പരിപാലന രീതികളെക്കുറിച്ചും വിശദമായ ക്ലാസ് അവര്‍ നല്‍കി.

കുട്ടികളോടൊപ്പം അധ്യാപകരും കൃഷിക്കുണ്ട്. കെമിസ്ട്രിയിലെ പ്രൊഫ. പി.ബി. സുലേഖയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്ന വിമന്‍സ് സെല്ലിന്റെ കണ്‍വീനര്‍. സെക്കന്റ് ഡി.സി. (ഫിസിക്‌സ്) യിലെ രാദു, സ്റ്റുഡന്‍സ്‌സ് സെക്രട്ടറിയാണ്. ശീതള്‍, ലക്ഷ്മി ദിവാകര്‍, ഹിമ, അജിത്ത്, സന്ദീപ്, ഗ്ലന്‍സന്‍, സ്‌നേഹ ജോസഫ്, അരുണ്‍ വിഷ്ണു, അരുണ്‍ സി. രാജ, അശ്വിനി, ആശാദേവി, കൃഷ്ണകുമാര്‍, രഞ്ജിത്ത്, അനുപമ, ആതിര, ശരത്ചന്ദ്ര, ഷാരോണ്‍, ശ്രുതി, ശരത്, ഗൗതമി, ഐശ്വര്യ ദാസന്‍, വിഷ്ണു, ഗീതു, രമ്യ, സനല്‍കുമാര്‍ തുടങ്ങി കൃഷിക്ക് ഏറെ താത്പര്യമുള്ളവര്‍ പച്ചക്കറി കൃഷിയെ പരിപാലിക്കാനുണ്ട്. കൃഷിക്ക് മടിപിടിച്ചവരും ഇല്ലാതില്ല. വെണ്ട, പയര്‍, ചീര, പാവല്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.

കൃഷിരീതികള്‍ പരിശീലിക്കുന്നതിന് മാനേജ്‌മെന്റിന്റെ സകല പിന്തുണയും നല്‍കുന്നതായി കോളേജ് മാനേജര്‍ പി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ബോട്ടണി ഗാര്‍ഡന്‍ ഉണ്ടാക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.