യൂസി... യൂ.സി

കെ.പി.പ്രവിതനാല്പതേക്കറില്‍ മഹാഗണി മരങ്ങള്‍ അതിരിടുന്ന കുന്നിന്‍പുറത്തെ കാമ്പസ്... മരങ്ങള്‍ക്കിടയില്‍, കിളികള്‍ക്ക് നടുവില്‍ യു.സി. ഇപ്പോഴും തലയുയര്‍ത്തി നില്കുന്നു; പഴയ പ്രതാപത്തോടെ, പ്രകൃതിയോടിണങ്ങിത്തന്നെ.

ആലുവ യു.സി. കോളേജിന്റെ മുഖമുദ്ര തന്നെ മരങ്ങളാണ്. വ്യക്തമായി പറഞ്ഞാല്‍ മഹാഗണി മരങ്ങള്‍. നൂറിലേറെ വയസ്സുള്ള മഹാഗണി മുത്തച്ഛന്മാര്‍ (മുത്തശ്ശി?) ഏറെയുണ്ട് യു.സി. കാമ്പസ്സില്‍. തണലുകള്‍ അന്യംനിന്നു പോകുന്ന, കലാലയമെന്നത് കെട്ടിടക്കൂട്ടമാകുന്ന കാലത്ത് യു.സി. ഇപ്പോഴും തണല്‍ നടുന്നു. ഓരോ തണലും കാത്തുവയ്ക്കുന്നു, ഭാവിയിലേക്കായി.

പരിസ്ഥിതി സൗഹൃദമായ കാമ്പസ്സിനായി യു.സി.ക്ക് മാത്രം സ്വന്തമായൊരു പദ്ധതിയുണ്ട്. 'ഹരിതവര്‍ഷം 2010' എന്ന ഹരിതവര്‍ഷത്തില്‍ 90 വൃക്ഷത്തൈകള്‍ നട്ടായിരുന്നു തുടക്കം. കോളേജിന്റെ നവതി ഓര്‍മയ്ക്കായിരുന്നു 90 മരങ്ങളും സമര്‍പ്പിച്ചത്.

ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെ പേരിലും ക്ലാസ്സുകളുടെ പേരിലുമെല്ലാം മരങ്ങള്‍ നട്ടു. മഹാഗണിയും ഈട്ടിയും തേക്കുമെല്ലാം വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ഇലവിരിച്ചു തുടങ്ങി. 2010 ന്റെ ഹരിതവര്‍ഷത്തില്‍ തണല്‍മരങ്ങള്‍ക്കായിരുന്നു പ്രാധാന്യം. എന്നാല്‍, ഈവര്‍ഷം നട്ടതെല്ലാം ഫലവൃക്ഷങ്ങളാണ്. ചാമ്പയും പേരയും റമ്പൂട്ടാനും സീതപ്പഴവുമെല്ലാം... പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കുമെന്ന സങ്കല്പത്തിലാണ് ഫലവൃക്ഷങ്ങള്‍ നട്ടത്. മരം നടല്‍ ചടങ്ങില്‍ കോളേജ് മുഴുവന്‍ പങ്കാളികളായെന്ന പ്രത്യേകതയുമുണ്ട്.

നട്ടാല്‍ പിന്നെ മറക്കുന്ന മരസ്‌നേഹമല്ല യു.സി.യുടേത്. നട്ട മരത്തെ മറക്കാതിരിക്കാനും യു.സി. വഴി കണ്ടെത്തിയിട്ടുണ്ട്. പുതിയതായി നട്ട മരങ്ങളുടെ ചുമതല ഓരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാണ്. മരങ്ങളുടെ പരിചരണം വിദ്യാര്‍ത്ഥികള്‍ ചെയ്യും. അവധിദിവസങ്ങളില്‍ പരിചരണത്തിന് ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ക്കു ചുറ്റും ഒത്തുകൂടാമെന്നൊരു കാല്‍പ്പനികതയുമുണ്ട് ഈ മര സംരക്ഷണത്തില്‍.

2012 -ലെ ഹരിതവര്‍ഷത്തില്‍ 150 മരങ്ങളാണ് നട്ടത്. ഇതോടൊപ്പം, കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കോളേജിലെ മരങ്ങളില്‍ കുരുമുളക് തൈകള്‍ പടര്‍ത്തി.

ഹരിതവര്‍ഷം വരുംവര്‍ഷങ്ങളിലും തുടരാനാണ് തീരുമാനമെന്ന് കോളേജിലെ പി.ടി.എ. സെക്രട്ടറിയും അധ്യാപകനുമായ ഡോ. പി.ഐ. പുന്നൂസ് പറഞ്ഞു. പി.ടി.എ. യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 'മാതൃഭൂമി സീഡി' ന്റെയും വനംവകുപ്പിന്റെയും സഹകരണവും പദ്ധതിക്കുണ്ടെന്നും പുന്നൂസ് പറഞ്ഞു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.