ഐ.ഐ.എം താരങ്ങള്‍

നീനു മോഹന്‍, ഫോട്ടോ: കെ.കെ. പ്രവീണ്‍

പഠനത്തില്‍ മികവ് നിലനിര്‍ത്തുന്നതിനൊപ്പം സാമൂഹികമായി എന്തുചെയ്യാം എന്നുകൂടിയാണ് ഐ.ഐ.എം. കാമ്പസ് ഓരോ വിദ്യാര്‍ഥിയോടും ചോദിക്കുന്നത്

മുഴുവന്‍ സമയവും കോട്ടും ടൈയും കെട്ടി പുസ്തകപ്പുഴുക്കളായി നടക്കുന്ന മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍ നിന്ന് വ്യത്യസ്തരാണ് തങ്ങളെന്ന് ഇതിനകം കോഴിക്കോട് ഐ.ഐ.എമ്മുകാര്‍ തെളിയിച്ചിട്ടുണ്ട്. പഠിച്ച് വലിയ കമ്പനികളില്‍ ജോലിനേടി കോര്‍പ്പറേറ്റുകളാകുന്നതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍ ജീവിതത്തിലുണ്ടെന്ന് ഉറപ്പിക്കാനാണ് മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്തെ അതികായരായ ഈ കാമ്പസിന്റെ ശ്രമം. പഠനത്തിലെ മികവ് നിലനിര്‍ത്തുന്നതിനൊപ്പം സാമൂഹികമായി നിങ്ങള്‍ക്കെന്ത് ചെയ്യാനാകുമെന്നാണ് ഇവിടെ ഓരോ വിദ്യാര്‍ഥിയോടും ചോദിക്കുന്നത്.സേവനപാരമ്പര്യത്തിന്റെ കരുത്തില്‍ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ്


ഐ.ഐ.എം. കോഴിക്കോട്ട് തുടങ്ങിയ കാലം മുതല്‍ത്തന്നെ കാമ്പസിലെ പഠനേതര പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത് സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ്. ജൂനിയര്‍ - സീനിയര്‍ ബാച്ചുകളില്‍ നിന്നായി തിരഞ്ഞെടുത്ത 12 കുട്ടികള്‍ അടങ്ങുന്ന കമ്മിറ്റിക്കാണ് ഗ്രൂപ്പിന്റെ നടത്തിപ്പ് ചുമതല. വിദ്യാഭ്യാസം, ആരോഗ്യം, എന്‍. ജി. ഒ. മാനേജ്‌മെന്റ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ അറുപതോളം എന്‍.ജി.ഒ. കള്‍ക്ക് അവയുടെ നടത്തിപ്പില്‍ മാനേജ്‌മെന്റ് തലത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് തങ്ങളുടെ പ്രധാന പ്രവര്‍ത്തനമെന്ന് ഗ്രൂപ്പിന്റെ ടീം ലീഡര്‍മാരില്‍ ഒരാളായ സി.എസ്. ജിതിന്‍ പറഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, ഡല്‍ഹി ആസ്ഥാനമായുള്ള ഗൂഞ്ജ് തുടങ്ങിയ പ്രമുഖ എന്‍. ജി.ഒ. കളും ഐ.ഐ.എമ്മിന്റെ സേവനം സ്വീകരിക്കുന്നുണ്ട്.

എന്‍.ജി.ഒ.കളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പഠിച്ച് അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് ചെയ്യുന്നത്. കൂടാതെ എന്‍.ജി.ഒ.കള്‍ക്കായി മാനേജ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകളും ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതോടൊപ്പം ജില്ലയിലെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

നിരവധി മേഖലകളില്‍ വൈദഗ്ധ്യം നേടിയതിനുശേഷം മാനേജ്‌മെന്റ് ബിരുദം എടുക്കാനെത്തിയവരാണ് ഐ.ഐ. എമ്മിലെ വിദ്യാര്‍ഥികള്‍. ഈ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സമാനമായി ക്രസ്റ്റിലെ വിദ്യാര്‍ഥികള്‍ക്കായി പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ക്ലാസ്സുകളും സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

കാമ്പസിലെ താഴെക്കിടയിലുള്ള ജീവനക്കാര്‍ക്കായി സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം മെഡിക്കല്‍ ക്യാമ്പുകളും നടത്താറുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുത്തന്നെയാണ് ഇതിനാവശ്യമായ പണം സ്വരൂപിച്ചെടുക്കുന്നതെന്ന് ഗ്രൂപ്പംഗങ്ങള്‍ പറഞ്ഞു.

ഓണം മുതല്‍ ഹാലോവീന്‍ വരെ ഞങ്ങളുടെ ആഘോഷങ്ങള്‍


ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഐ.ഐ.എമ്മില്‍ പഠിക്കുന്നുണ്ട്. സ്വാഭാവികമായും മലയാളിയുടെ ഓണത്തിനും വിഷുവിനുമൊപ്പം ദുര്‍ഗാപൂജയും നവരാത്രിയും പൊങ്കലുമെല്ലാം ഐ.ഐ.എമ്മിന്റെ ആഘോഷങ്ങളില്‍പെടും. വിദേശ സര്‍വകലാശാലകളു മായി വിദ്യാര്‍ഥികളുടെ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങള്‍ കൂടി തുടങ്ങിയതോടെ വിദേശ വിദ്യാര്‍ഥികളും കാമ്പസില്‍ സജീവം.

വിദേശവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹാലോവീനോടനുബന്ധിച്ച് വിദേശവിഭവങ്ങളുടെ ഭക്ഷ്യമേളയും നൃത്തകലാപരിപാടികളുമായി ആഘോഷത്തിന്റെ തയ്യാറെടുപ്പുകളിലാണ് കാമ്പസ്. ഇന്ത്യയിലെ കാമ്പസ് ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ വിദേശികള്‍ക്കും നൂറുനാവ്. ഇത്തരത്തില്‍ മുറി പങ്കിടുന്ന ഹോസ്റ്റലുകള്‍ പുതുമയാണെന്നു പറഞ്ഞ നോര്‍വേക്കാരി ഇഗുന്‍ ഹെല്ലേ ഇന്ത്യക്കാര്‍ക്ക് മനസ്സുനിറെയ സ്‌നേഹമാണെന്നു പറയുന്നു. ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ഈ കാമ്പസിലെ ജീവിതമായിരിക്കും സ്വരാജ്യത്തേക്കു തിരിച്ചുപോയാല്‍ തനിക്ക് മിസ്സ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

കാമ്പസില്‍ പാറിനടക്കുന്ന ചിത്രശലഭം


തിത്‌ലി എന്ന ഹിന്ദിവാക്കിന് ചിത്രശലഭം എന്നാണര്‍ഥം. വര്‍ണച്ചിറകുകള്‍ വിടര്‍ത്തി പാറിനടക്കാന്‍ സ്വന്തമായൊരു ചിത്രശലഭമുണ്ട് ഈ കാമ്പസിന്. ഐ.ഐ.എമ്മിലെ ഡല്‍ഹിക്കാരിയായ വിദ്യാര്‍ഥിനി ആസ്ത ഗുപ്ത പഠനത്തോടൊപ്പം പഠിച്ച മാനേജ്‌മെന്റ് പാഠങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചപ്പോള്‍ പിറന്നത് തിത്തിലി എന്ന ബ്രാന്റഡ് ഷോറൂം. കാമ്പസില്‍ പൂര്‍വവിദ്യാര്‍ഥി അമിത് ഗൗരവ് നടത്തുന്ന ഹൈ ഒക്ടേയ്ന്‍ ബുക്‌സ്- കോഫീ ഷോപ്പിനോടു ചേര്‍ന്നാണ് തിത്തിലിയും പ്രവര്‍ത്തിക്കുന്നത്.മുംബൈ ആസ്ഥാനമായുള്ള വുമണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിക്കുന്ന കോട്ടണ്‍തുണി ഉത്പന്നങ്ങളും ഡല്‍ഹിയിലെ ഹാത്ത് ചാപ്പ് ആനപ്പിണ്ടത്തില്‍ നിന്ന് നിര്‍മിക്കുന്ന ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ ക്യാരി ബാഗുകളും നോട്ട് പാഡുകളുമെല്ലാണ് തിത്തിലിയില്‍ വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. മുംബൈയിലെ ചേരികളില്‍ നിന്നുള്ള നിരക്ഷരരായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വുമണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി വഴി സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ പ്രാദേശിക വിപണിയില്‍ പ്രചരിപ്പിക്കാനാണ് തിത്തിലി തുടങ്ങിയത്. പിന്നീട് ഹാത്ത് ചാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞപ്പോള്‍ അവരുടെ ഉത്പന്നങ്ങളെയും വിപണിയിലെത്തിച്ചു.

കാമ്പസില്‍ സ്വന്തമായി ഒരു ഷോറൂം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡയറക്ടര്‍ ദേബശിഷ് ചാറ്റര്‍ജിയാണ് നിലവിലുള്ള കോഫീഷോപ്പിനോടുചേര്‍ന്നുതന്നെ തിത്‌ലിയും തുടങ്ങാന്‍ നിര്‍ദേശിച്ചത്. ലാഭക്കണക്കുകള്‍ക്കപ്പുറം സമൂഹത്തിന് പ്രയോജനമാവുന്നതെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തിത്‌ലിയിലൂടെ നിറവേറ്റപ്പെട്ടതെന്ന് ആസ്ത പറഞ്ഞു. 50,000 രൂപ മുതല്‍മുടക്കില്‍ ഏപ്രില്‍ ആദ്യവാരം തുടങ്ങിയ തിത്‌ലിക്ക് കാമ്പസില്‍ വന്‍വരവേല്പാണ് ലഭിച്ചത്. തിത്‌ലി ബ്രാന്റഡ് കോട്ടണ്‍ബാഗുകളും കോട്ടണ്‍കുര്‍ത്തകള്‍ക്കും ലാംപ് ഷേഡുകളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പ്രസിദ്ധമാണ്. പഠനപ്രവര്‍ത്തനങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഐ.ഐ.എമ്മുകളിലേക്കും തിത്തിലിയുടെ സേവനം വ്യാപിപ്പിക്കണമെന്നാണ് ആസ്തയുടെ ആഗ്രഹം.

പഠനത്തിന്റെ രണ്ടാമൂഴവുമായി അമ്പതുകാരന്‍


വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യുവത്വംവിട്ട നായകന്‍ കോളേജില്‍ പഠിക്കാനെത്തുന്നത് മമ്മൂട്ടിയുടെ ജോണിവാക്കര്‍ മുതല്‍ ഷാരൂഖ്ഖാന്റെ 'മേ ഹൂനാ..' വരെ ഒരുപാട് സിനിമകളില്‍ നാം കണ്ടിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം കോളേജുകളിലേക്ക് തിരിച്ചെത്തുന്ന സിനിമാനായകന് പഠനത്തേക്കാള്‍ പ്രധാനമായി കാമ്പസില്‍ മറ്റെന്തെങ്കിലും ലക്ഷ്യവും കാണും. കോഴിക്കോട് ഐ.ഐ.എമ്മിനുമുണ്ട് സിനിമയിലേതുപോലെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം പഠനത്തിനായി കാമ്പസില്‍ മടങ്ങിയെത്തിയൊരു വിദ്യാര്‍ഥി. പക്ഷേ, ഈ വിദ്യാര്‍ഥിക്ക്് പഠനമെന്ന് ഒറ്റ ലക്ഷ്യമേയുള്ളൂ.മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദപഠനം നടത്തുന്ന ഐ.പി. സുധീര്‍ കുമാറിനു സിനിമയിലെ നായകനെപ്പോലെ മുപ്പതുകളിലല്ല പ്രായം. അമ്പത്തിമൂന്നുകാരനായ സുധീര്‍ സിന്‍ഡിക്കേറ്റ് ബാങ്കിലെ മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷമാണ് പഠനത്തിന്റെ രണ്ടാമൂഴത്തിനെത്തുന്നത്. ഇരുപതുവയസ്സുകാരി മകള്‍ പ്രവേശനപരീക്ഷയായ കാറ്റ് പരീക്ഷ എഴുതുമ്പോള്‍ മകളുടെ പരീക്ഷാപേടിക്ക് തുണകൊടുക്കാനാണ് സുധീറും ക്യാറ്റ് എഴുതുന്നത്. ഫലം വന്നപ്പോള്‍ സുധീറിന് മകളേക്കാള്‍ മികച്ച റാങ്ക്. ഇതിനിടെ കോഴിക്കോട് ഐ.ഐ.എമ്മില്‍ നിന്ന് സീറ്റ് നല്‍കാമെന്നൊരു വാഗ്ദാനം കൂടി ലഭിച്ചപ്പോള്‍പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. സിന്‍ഡിക്കേറ്റ് ബാങ്കിലെ ചീഫ് മാനേജര്‍ പദവിയും രാജിവെച്ച് നേരേ ഐ.ഐ.എമ്മില്‍ മക്കളുടെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനത്തിനെത്തി. മക്കള്‍ രണ്ടുപേര്‍ക്കുമൊപ്പം താന്‍ കൂടി പഠിക്കാന്‍ തുടങ്ങിയതോടെ വീട്ടിലെ വരുമാനം നിലച്ചെന്ന് സുധീര്‍ കുമാര്‍ ചിരിയോടെ പറയുന്നു.

പണ്ടത്തെ പഠനരീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള പഠനസംവിധാനങ്ങള്‍ക്കാണ് തന്റെ വോട്ടെന്ന് സുധീര്‍. പഠനരീതികള്‍ പാടെമാറിപ്പോയി. പുതുതലമുറയുമായി മത്സരിക്കാന്‍ കഠിനപ്രയത്‌നംതന്നെ വേണം. ഷുഗറും പ്രഷറും തുടങ്ങി ഒട്ടൊക്കെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും അതെല്ലാം വകവെക്കാതെ കാമ്പസിലെ പഠനേതര പ്രവര്‍ത്തനങ്ങളിലും സുധീര്‍ സജീവമാണ്. പക്ഷേ, ഒരേയൊരു കണ്ടീഷന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് ആറുമണിവരെ മാത്രമേ മറ്റുപരിപാടികളില്‍ പങ്കെടുക്കുകയുള്ളൂ. സമപ്രായക്കാരായ അധ്യാപകരുടെ ക്ലാസ്സില്‍ വിദ്യാര്‍ഥിയായി ഇരിക്കുമ്പോള്‍ എങ്ങനെയെന്നു ചോദിച്ചപ്പോള്‍, സമപ്രായക്കാരോ എന്റെ പകുതി പ്രായമേയുള്ളൂ ഇവിടത്തെ അധ്യാപകര്‍ക്കും അവര്‍ വിദ്യാര്‍ഥി എന്നതിനപ്പുറം മുതിര്‍ന്ന സഹോദരനോട് എന്നരീതിയിലാണ് ഇടപെടുന്നതെന്ന് പറഞ്ഞു സുധീര്‍. ചെന്നൈ സ്വദേശിയാണ് സുധീര്‍.

നല്ല മാര്‍ക്കോടെ ഐ.ഐ.എം. പഠനം പൂര്‍ത്തിയാക്കുക എന്ന ഒരേയൊരു ലക്ഷ്യമേ തനിക്കിപ്പോഴുള്ളൂ. പഠനത്തിനുശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സുധീര്‍ പറയുന്നു. സംസാരത്തിനിടെ കാമ്പസിലെ മറ്റു വിദ്യാര്‍ഥികള്‍ നടത്തുന്ന നൃത്തപരിശീലനത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കാനും സുധീര്‍ ഒരുങ്ങി. ഒടുക്കം കാമ്പസിലെ മുതിര്‍ന്ന വിദ്യാര്‍ഥിയുടെ ഓരോരോ ഉത്തരവാദിത്വങ്ങളേ.. എന്ന് ആത്മഗതവും.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.