വരല്ലേ ഈ വഴിയേ

എന്‍.സൗമ്യ

മാനസിക പരിവര്‍ത്തനം കൂടാതെയുള്ള നിയമപരിവര്‍ത്തനം മൃതമായ അക്ഷരങ്ങള്‍ മാത്രമാണ്-ഗാന്ധിജി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6730 കോടിയുടെ മദ്യമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒഴുകിയത്. അതുവഴി ഖജനാവില്‍ നേരിട്ട് എത്തിയതാകട്ടെ 5413 കോടിയുടെ നികുതിയും. പകരം വെക്കാനില്ലാത്ത റവന്യൂ സ്രോതസ്സ്! തീര്‍ന്നില്ല, ലഹരിനുരയുന്ന മറ്റൊരു കണക്കിതാ.നമ്മുടെ സ്‌കൂളില്‍ പല കുട്ടികളും ലഹരിക്ക് അടിമകളാണ്. കൂടാതെ ആളോഹരി മദ്യഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കൊച്ചുകേരളത്തിനും. മദ്യം ഉപയോഗിക്കുന്ന വലിയ ശതമാനം പേരും 30 വയസിന് താഴെയുള്ളവര്‍. കുടുംബങ്ങളുടെ കണ്ണീരാണ് മദ്യത്തിനൊപ്പം ഒഴുകുന്നത്.മദ്യശാലകള്‍ തുടങ്ങാന്‍ ലൈസന്‍സ് കൊടുക്കുന്നത് എക്‌സൈസ് വകുപ്പാണ്. അവരുടെ തന്നെയാണ് ഈ കണക്കുകളും.

മലയാളിയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് തന്നെ ബോധവല്‍കരണവുമായി രംഗത്തിറങ്ങേണ്ടി വന്നു. 'വരല്ലേ ഈ വഴിയേ' എന്ന പേരിലുള്ള ആ നാടകം മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 ഓളം വേദികള്‍ പിന്നിടുകയാണ്. നേട്ടങ്ങള്‍ കൊയ്ത് നാടകം മുന്നേറുമ്പോള്‍ അതിനു പിന്നില്‍ നെടും തൂണായി നിന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍(കണ്ണൂര്‍) കെ.കരുണാകരന്‍ 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയാണ്.

ഇക്കാലം കൊണ്ട് എന്തുനേടി എന്നു ചോദിക്കുന്നവര്‍ക്കു മുന്നില്‍ ഇതാ ചില അനുഭവങ്ങള്‍.സ്ഥലം തളിപ്പറമ്പ് പ്രൊവിഡന്‍സ് കോളേജ്. 'വരല്ലേ ഈ വഴിയേ' നിറഞ്ഞ സദസിന് മുന്നില്‍ നടക്കുകയാണ്. നാടകം കണ്ടുകൊണ്ടിരുന്ന വേണു(പേര് യഥാര്‍ഥമല്ല) നാടകത്തിന് ശേഷം പതിയെ അണിയറയിലേക്ക് ചെന്നു. ''നിര്‍ത്തി, ഇനി ഞാന്‍ ഉപയോഗിക്കില്ല. ഞാന്‍ കാരണം എന്റെ കുടുംബം എന്ത് മാത്രം വേദനിക്കുന്നുണ്ടെന്ന് മനസിലാവാന്‍ എനിക്ക് ഈ നാടകം വേണ്ടി വന്നു.'' നിറകണ്ണുകളോടെ വേണു എക്‌സൈസ് ഉദ്യോഗസ്ഥരോട് മദ്യത്തെ എന്നത്തേക്കുമായി ഉപേക്ഷിക്കാനുള്ള തന്റെ തീരമാനം നിറകണ്ണുകളോട. ലക്ഷ്യം പൂവണിഞ്ഞ സന്തോഷം കൊണ്ടാകാം അതുകേട്ടപ്പോള്‍ എക്‌സൈസ് അധികൃതരുടെയും കണ്ണുകള്‍ നിറഞ്ഞു.

എക്‌സൈസും മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് 2010-ല്‍ ലഹരിക്കെതിരെ ബോധവല്‍കരണം നടത്തിയിരുന്നു. നീലേശ്വരത്ത് നടന്ന പരിപാടിയുടെ അവസാനം ലഹരി ഉപയോഗിക്കില്ലെന്ന് സദസ്യരുള്‍പ്പെടെയുള്ളവര്‍ പ്രതിജ്ഞചൊല്ലി. ' ലഹരി ഉപയോഗിക്കില്ലെന്ന് സ്വയം വാക്ക് നല്‍കിയില്ലേ, അപ്പോള്‍ പിന്നെ ഇനി എന്തുചെയ്യാന്‍. പ്രതിജ്ഞ മറി കടക്കാന്‍ വയ്യ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ദുശ്ശീലം ഒഴിവാക്കുക തന്നെ', രാധാകൃഷ്ണന്റെ മനസ് മാറിയതിങ്ങനെ. മദ്യം നിരോധിച്ചാല്‍ കുടി ഒഴിവാക്കാം എന്ന് പറയുന്നവര്‍ക്കൊരു മറുപടിയാണ് രാധാകൃഷ്ണന്‍.

വരല്ലേ ഈ വഴിയേ നാടകം മനസുകളെ നല്ല വഴിയിലേക്ക് നയിച്ച് സഞ്ചാരം തുടരുകയാണ്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍(കണ്ണൂര്‍) കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘം വര്‍ദ്ധിത വീര്യത്തോടെയാണ് ഓരോ വേദികളെയും കീഴടക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിലൂടെ മനുഷ്യന് സംഭവിക്കുന്ന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയാണ് നാടകം. ലഹരിക്കടിമപ്പെടുന്ന മനുഷ്യന്‍ ജീവിതത്തിന്റെ നല്ലപങ്കും സ്വയം നശിപ്പിക്കുകയാണ് എന്ന സന്ദേശമാണ് നാടകം നല്‍കുന്നത്.എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് നാടകത്തില്‍ അണിനിരക്കുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്‌കൂള്‍, കോളേജ്, സന്നദ്ധ സംഘടന, പൊതുവേദികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നാടകാവതരണം. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.വി.ഇബ്രാഹിം കുട്ടി, വി.പി. സിജില്‍, ഗാര്‍ഡുമാരായ പി.സി. പ്രഭുനാഥ്, എന്‍.ടി. ധ്രുവന്‍, സി.വി. ദിലീപ്, കെ. ഉത്തമന്‍, ബി. നസീര്‍, പി.വി. സുലൈമാന്‍, പുരുഷോത്തമന്‍, ഷാജി, ജോയ് ജോര്‍ജ് എന്നിവരാണ് നാടകത്തിന് പിന്നില്‍. 2010-ല്‍ പ്രകാശന്‍ ചെങ്ങല്‍, പ്രകാശന്‍ വാടിക്കല്‍ എന്നിവര്‍ സംവിധാനം ചെയ്താണ് നാടകം അരങ്ങിലെത്തിയത്. പിന്നീട് അഭിനേതാക്കളുടെ യുക്തിക്കനുസരിച്ച് നാടകത്തിന് പല മാറ്റങ്ങളും വന്നു. നര്‍മത്തിന്റെ മേമ്പൊടിയുമായി അഭിനേതാക്കള്‍ വേദികള്‍ കൈയ്യിലെടുത്തു. ആദ്യ കാലത്ത് പിന്നണിയില്‍ പാട്ടുകാരുണ്ടായിരുന്നു. പിന്നീട് റെക്കോര്‍ഡ് ചെയ്തുവച്ച് ഉപയോഗിക്കാന്‍ തുടങ്ങി.

മാറാനുള്ള ഒരു മനസ് സൃഷ്ടിക്കുകയാണ് നാടകം. ചിറകടിച്ചുയരുന്ന നുരയാണ് ലഹരി. കൂടപ്പിറപ്പിനേയും മക്കളേയും സുഹൃത്തുക്കളേയും അന്യരാക്കുന്ന ലഹരിയെക്കുറിച്ചാണ് നാടകം നമ്മോട് സംവദിക്കുന്നത്. മലയാളികളുടെ സന്തോഷം ആഘോഷങ്ങള്‍ക്ക് വഴി മാറിയപ്പോയെന്നും ചെകുത്താന്റെ പ്രതിരൂപമായ മദ്യം സന്തോഷത്തിലും സങ്കടത്തിലും നുരയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും നാടകം ഓര്‍മപ്പെടുത്തുന്നു. 'മനസ് മാറ്റാന്‍ തയ്യാറാകാതെ മദ്യം നിരോധിച്ചത് കൊണ്ട് കാര്യമില്ല. നാടകം കണ്ട പലരും ലഹരിയില്‍ നിന്ന് മോചനം നേടിയതായി നമ്മളോട് പറഞ്ഞിട്ടുണ്ട്. ബോധവല്‍കരണക്ലാസിലൂടെ കുറച്ച് പേരെങ്കിലും നല്ല വഴിയേ നടന്നാല്‍ മദ്യലഹരിവിമുക്ത കേരളം എന്ന നമ്മുടെ ലക്ഷ്യം നടപ്പാക്കാന്‍ കഴിയും- ഉറച്ച വിശ്വാസത്തോടെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ പറയുന്നു.

കവയനാട്, കാസര്‍കോട് എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്. 2010-ല്‍ സംസ്ഥാന ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും വനിതാകമ്മീഷന്റെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോടും നാടകത്തിന് വേദിയൊരുങ്ങിയിട്ടുണ്ട്.

ഡെപ്യൂട്ടി കമ്മീഷണറുടെ ബോധവല്‍കരണ ക്ലാസുകളും ഉണ്ടാവാറുണ്ട്. 200-ല്‍ അധികം വേദികളില്‍ അദ്ദേഹം ക്ലാസെടുത്തിട്ടുണ്ട്. ബോധവത്കരണത്തിന് പരിശീലനം നേടിയ 10 പേരും ക്ലാസെടുക്കുന്നുണ്ട്.

കെ.കരുണാകരന് 2006-ല്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ കിട്ടിയിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളിലൂടെയുള്ള ബോധവത്കരണ പ്രവര്‍ത്തനവുമുണ്ട്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ സഹകരണത്തോടെ കണ്ണൂര്‍ എക്‌സൈസ് ഡിവിഷനില്‍ ലഹരിബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സി.ഡി പ്രദര്‍ശന യൂണിറ്റ് സംഘടിപ്പിച്ചു. മദ്യത്തിന്റെ, ലഹരിയുടെ വഴിയേ വരല്ലേ എന്ന് നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് എക്‌സൈസ് വകുപ്പിന് ജനകീയമുഖം നല്‍കിയ കെ. കരുണാകരന്‍ ഒക്ടോബര്‍ 31-ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്.

മദ്യം ഉപയോഗത്തിന്റെ വളര്‍ച്ച 120 ഇരട്ടി


കാസര്‍കോട്: 30 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മദ്യം ഉപഭോഗം കൂടിയത്് 120-ലധികം ഇരട്ടി. 1984-ല്‍ 55.46 കോടിയുടെ മദ്യം വിറ്റപ്പോള്‍ 2011 ല്‍ 6730-30 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിലൂടെയുള്ള വരുമാനം ഇതോടൊപ്പം കൂടുന്നു. 84-ല്‍ 25.63 കോടി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയപ്പോള്‍ 2011-ല്‍ 5239.32 കോടിയായി.

മദ്യത്തിന്റെ വില കൂടിയത് കൊണ്ട് മാത്രമല്ല കോടികളുടെ കണക്ക് ഇരട്ടിക്കുന്നത്. 14 വര്‍ഷം കൊണ്ട് ഉപഭോഗം ആയിരം കോടിയില്‍ എത്തിയപ്പോള്‍ ഒന്‍പത് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ 3000 കോടിയിലെത്തി. പിന്നീട് മൂന്ന് വര്‍ഷം കൊണ്ടാണ് 6730 കോടിയിലേക്ക് കുതിച്ചത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.