ഭൂമിയിലേക്കാഴ്ന്ന വേരുകള്‍

രജീഷ് പി. രഘുനാഥ്‌ഇവിടെനിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ചിറകുള്ള നിശാശലഭത്തെ കണ്ടെത്തിയത്. 'അറ്റ്‌ലസ് സില്‍ക്ക് മോത്ത്' എന്ന ആ ശലഭം എത്തിയത് മണ്ണിനെ സ്‌നേഹിക്കുന്നവരെ കാണാനായിരിക്കാം. ഇന്നിവിടെ എപ്പോഴും കിളികളും ശലഭങ്ങളും കൂട്ടമായെത്തും. നട്ടുച്ചവെയിലിലും കുളിരുചൊരിയുന്ന അവിടെ നിന്നാല്‍ കലപിലകൂട്ടി കിളികള്‍ കഥകള്‍ പറയുന്നതു കേള്‍ക്കാം. അതു ഭൂമിയെ സ്‌നേഹിച്ച മനുഷ്യര്‍ അവര്‍ക്കിരിക്കാന്‍ ചില്ലകള്‍ സമ്മാനിച്ചതിന്റെ കഥകളാണ്. അരികിലുള്ള കെട്ടിടത്തിലുള്ള ക്ലാസ്മുറികളില്‍നിന്നുയരുന്ന ആരവങ്ങള്‍ക്കും മേലേ ആ കിളിനാദങ്ങളുയരും.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ മക്കള്‍ സ്‌നേഹം പുരട്ടി നട്ടുനനച്ചു വളര്‍ത്തിയ മരങ്ങള്‍ മാനംമുട്ടെ ഉയരാന്‍ തുടങ്ങി. ഭൂമിയിലേക്കാഴ്ന്നിറങ്ങുന്ന അവയുടെ വേരുകള്‍ അവിടെ മറഞ്ഞുകിടക്കുന്ന പാറക്കെട്ടുകളോട് കിളികള്‍ പറയുന്ന കഥകളുടെ ബാക്കി ഏറ്റുപറയും. നിലയ്ക്കാത്ത ചൂടില്‍ എപ്പോഴും പൊള്ളിക്കുന്ന സൂര്യനോടു മുഖം കറുപ്പിച്ച് ഉണങ്ങിവരണ്ട പാറക്കൂട്ടങ്ങളും അവയ്ക്കു കൂട്ടായി പുല്ലുപോലും മുളയ്ക്കാത്ത ചെങ്കല്ലുകളും മാത്രം- അതായിരുന്നു 1967ല്‍ സര്‍ സയ്യിദ് കോളേജ് തുടങ്ങുമ്പോഴുള്ള കാമ്പസ്. ശലഭങ്ങള്‍ പോയിട്ട് ഒരു കാക്കപോലും വന്നിരിക്കാന്‍ മടിക്കുന്ന എരിപൊരിവെയിലാണു ചുറ്റിനും.

29 വര്‍ഷങ്ങള്‍ക്കുശേഷം അവിടത്തെ അധ്യാപകരും കുട്ടികളും ആ പാറക്കൂട്ടങ്ങളെ പച്ചപ്പട്ടുടുപ്പിക്കാനുള്ള ഭഗീരഥപ്രയത്‌നം ഏറ്റെടുത്തു. ഇന്നവിടെ ഭൂമിക്കു കുടപിടിച്ചുനില്‍ക്കുന്ന മരങ്ങളില്‍ 50 മീറ്റര്‍ വരെ ഉയരമുള്ളവയുണ്ട്. തങ്ങള്‍ സൃഷ്ടിച്ച കാട്ടിലെ മരങ്ങള്‍ക്കു ചുറ്റുമിരുന്ന് ഒരുപാട് മുന്നമാരും ലൈലമാരും കഥകള്‍ പറഞ്ഞിട്ടുണ്ട്.ഇന്നത്തെ പ്രിന്‍സിപ്പല്‍ ഡോ. കെ.എം.ഖലില്‍ 1966ല്‍ നേച്ചര്‍ ക്ലബ്ബിന്റെ സെക്രട്ടറിയായപ്പോഴാണ് കാമ്പസിനെ ഹരിതവത്കരിക്കാനുള്ള എടുത്താല്‍ പൊങ്ങാത്ത ലക്ഷ്യത്തിനു തുടക്കം കുറിച്ചത്. നേച്ചര്‍ ക്ലബ്ബിനു പുറമെ എന്‍.എസ്.എസ്. വളന്റിയര്‍മാരും ഒപ്പം നിന്നു. അന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസറായിരുന്ന കെ.കെ.ചന്ദ്രന്റെ സഹായവും ലഭിച്ചിരുന്നു. മരങ്ങള്‍ വനം വകുപ്പ് സൗജന്യമായി നല്‍കി. അന്നുതുടങ്ങിയ പ്രവൃത്തിയുടെ ഫലമാണ് ഇന്നു കാണുന്നത്. കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും കളിസ്ഥലവുമൊഴികെയുള്ള മുഴുവന്‍ സ്ഥലവും മരങ്ങളും ഔഷധച്ചെടികളും അത്യപൂര്‍വങ്ങളായ സസ്യങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അഞ്ചേക്കറോളം വരുമിത്. അഗസ്ത്യമലയില്‍ മാത്രം കാണാന്‍ കഴിയുന്ന സസ്യങ്ങള്‍ മുതല്‍ വലിയ തേക്കുമരങ്ങള്‍ വരെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ ഏക ബോട്ടണി ഗവേഷണകേന്ദ്രം കൂടിയായ കോളേജിന്റെ കാമ്പസില്‍ സൃഷ്ടിച്ചെടുത്ത പച്ചപ്പ് ജൈവവൈവിധ്യത്തിന്റെ വന്‍ കലവറയാണ്. 'മഹാത്മജി ജൈവോദ്യാനം' എന്ന പേരിലും കാമ്പസ് ജൈവവൈവിധ്യ പരിപാലനപദ്ധതി എന്ന പേരിലും ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ നിര്‍മിച്ചെടുത്ത ജൈവവൈവിധ്യ പാര്‍ക്കാണ് ഏറെ ശ്രദ്ധേയം.കൂവളം, മട്ടി, ചന്ദനം, കണിക്കൊന്ന, നെല്ലി, പച്ചോകി, മാഞ്ചിയം, ഞാവല്‍, നീര്‍മരുത്, തേക്ക്, ആല്‍, വിവിധതരം മാവ്, മലയൂരം, പശ്ചിമഘട്ടത്തില്‍ മാത്രം കാണാന്‍ കഴിയുന്ന കുളമരുത്, വേങ്ങ, കറുവപ്പട്ട, കുമിഴ്, മന്ദാരം തുടങ്ങി 30 ഇനങ്ങളില്‍പ്പെട്ട നിരവധി മരങ്ങളാണ് ഇവിടെയുള്ളത്.

ഈ പാര്‍ക്കിനുള്ളില്‍ ഔഷധച്ചെടികളുടെ പ്രദര്‍ശനത്തോട്ടം ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. ഇതിനായി പാര്‍ക്കിലെ അടിക്കാടുകള്‍ വെട്ടിയൊരുക്കിക്കഴിഞ്ഞു. ഇതിനാവശ്യമായ ചെടികളൊരുക്കുന്നതിന് 'ഗ്രീന്‍ഹൗസും' തയ്യാറായിട്ടുണ്ട്. കേരള ഔഷധസസ്യബോര്‍ഡിന്റെ സഹായത്തോടെയാണ് പ്രദര്‍ശനത്തോട്ടം ഒരുക്കുന്നത്. അടിക്കാടുകള്‍ വെട്ടിയൊരുക്കിനിര്‍ത്തിയിരിക്കുന്നതിനു സമീപത്തായി പുല്ലും വള്ളികളുമൊന്നും കളയാതെ മനുഷ്യന്റെ കരസ്പര്‍ശമേല്‍ക്കാതെ കുറെയേറെ സ്ഥലമിട്ടിരിക്കുന്നു. അവിടെയാണ് 'ബട്ടര്‍ഫ്ലൈ പാര്‍ക്ക്' ഒരുക്കുന്നത്. അത്യപൂര്‍വങ്ങളായ പല ശലഭങ്ങളുടെയും ആവാസകേന്ദ്രമായി ഈ ചെറിയ കാട് മാറിക്കഴിഞ്ഞു.

വെറും പാറക്കെട്ടുകള്‍ മാത്രമായിരുന്ന ഒരു പ്രദേശത്തെ ശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും സൈ്വരവിഹാരം നടത്താനുള്ള കാടിന്റെ പതിപ്പാക്കി മാറ്റാന്‍ ഒന്നരപ്പതിറ്റാണ്ടു നീണ്ട കഠിനാധ്വാനമാണു വേണ്ടിവന്നത്. ആ ഭഗീരഥപ്രയത്‌നത്തെക്കുറിച്ച് കോളേജിലെ ജീവനക്കാരന്‍, മരങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്നുവേണമെങ്കില്‍ വിളിക്കാവുന്ന മുനീര്‍ വിശദീകരിക്കുന്നു: പാറക്കെട്ടുകളെ മൂന്ന് തട്ടുകളാക്കി മാറ്റുകയാണാദ്യം ചെയ്തത്. പിന്നീടിവിടെ പ്രത്യേക അളവില്‍ ഫലഭൂയിഷ്ഠമായ മണ്ണിട്ടു. ആദ്യം കാറ്റാടിമരങ്ങള്‍ പോലുള്ള വേഗത്തില്‍ വേരുപിടിക്കുന്ന മരങ്ങളാണു നട്ടത്. തണലും പച്ചപ്പും വരാന്‍ വേണ്ടിയായിരുന്നു ഇത്. പൈപ്പുകളുപയോഗിച്ച് വെള്ളം നല്‍കി. ആദ്യമൊക്കെ വളരാന്‍ ഏറെ പാടുപെട്ടു. വളര്‍ന്നുപൊങ്ങിയ ഈ മരങ്ങള്‍ക്കിടയില്‍ ഔഷധഗുണവൂം മറ്റുമുള്ള തൈകള്‍ നട്ടു. ഇവ വേരുപിടിച്ചു വളരാന്‍ തുടങ്ങിയപ്പോഴാണ് ആദ്യം വെച്ച പാഴ്മരങ്ങള്‍ വെട്ടിമാറ്റിയത്. എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ ഈ വനവത്കരണത്തിനായി മാത്രം ശനിയാഴ്ചകള്‍ മാറ്റിവച്ചു കൂടെ നിന്നു.

മരുഭൂമി പോലെ കിടന്ന കാമ്പസില്‍ ഇന്നെവിടെ നോക്കിയാലും മരങ്ങളും ചെടികളും തഴച്ചുവളരുന്നതിന്റെ സംതൃപ്തിയിലാണ് മുനീര്‍. ഈ ജൈവവൈവിധ്യകേന്ദ്രം ഇക്കോ സ്റ്റഡി സെന്ററാക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അനുമതി ലഭിക്കുന്നതോടെ കണ്ടല്‍ക്കാടുകളും പശ്ചിമഘട്ടത്തിലെ അപൂര്‍വങ്ങളായ സസ്യങ്ങളും മരങ്ങളും ഇവിടെ നട്ടു സംരക്ഷിക്കാന്‍ കഴിയും.

250 ഔഷധസസ്യങ്ങളാണ് പ്രദര്‍ശനത്തോട്ടത്തില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങളെ നട്ടുവളര്‍ത്താന്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നും പദ്ധതി തീരുമാനിച്ചിട്ടുണ്ട്. കോളേജിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലുള്ള ഭാഗത്താണു പാര്‍ക്ക്. കോളേജിന്റെ വലതുഭാഗത്ത് കളിസ്ഥത്തോടുചേര്‍ന്ന് പച്ചപ്പിന്റെ കുളിര്‍മ നല്‍കി വിശാലമായിക്കിടക്കുന്ന കാടും ഇക്കാലത്തോളം തന്നെ നീണ്ട പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ഇതുവഴി നടന്നാല്‍ കാണാം പാറകള്‍ക്കുമേലേ പുല്ലുവളര്‍ന്നു നില്‍ക്കുന്നത്. ഇതില്‍ മാടായിപ്പാറയിലെ ഇരപിടിക്കുന്ന സസ്യം വരെയുണ്ട്. കാലാകാലങ്ങളില്‍ കോളേജിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ പുല്ലുകളും സസ്യങ്ങളും മരങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഏറെ അകലം വിട്ട് ഇവ നട്ടിരിക്കുന്നത്.

കോളേജിന്റെ മുന്നില്‍ ഇടതുഭാഗത്തായി ഒരുക്കിയിരിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അപൂര്‍വമായ സസ്യങ്ങളുടെ കലവറയാണ്. ഒയിസ്‌കയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നാഗപ്പൂമരം, ഓരില, മധുരംകൊല്ലി, നാഗലിംഗം, രുദ്രാക്ഷം, ആനത്തുളസി, രക്തചന്ദനം, ശതാവരി, ചിറ്റരത്ത, ആടലോടകം, ചങ്ങലംപരണ്ട, ചെങ്ങനീര്‍ക്കിഴങ്ങ്, കസ്തൂരി, മഞ്ഞക്കൂവ, പവിഴമല്ലി, കല്ലുവാഴ, അഗസ്ത്യമലയില്‍ മാത്രം കാണുന്ന ആരോഗ്യപ്പച്ച, ഏറ്റനായകം, കുടകപ്പാല, തിപ്പല്ലി (ആണ്‍ വര്‍ഗവവും പെണ്‍വര്‍ഗവും), കച്ചോലം, അണലിവേഗം തുടങ്ങി അപൂര്‍വങ്ങളായ ചെടികള്‍ ഇവിടെ വളരുന്നു.

കോളേജിന്റെ ജൈവവൈവിധ്യത്തിന് നട്ടെല്ലായി നില്‍ക്കുന്ന നേച്ചര്‍ ക്ലബും എന്‍.എസ്.എസ്. വളന്റിയര്‍മാരും കോളേജിനു പുറത്തേക്കും ഹരിതവത്കരണം വ്യാപിപ്പിക്കുകയാണ്. അടുത്തുള്ള വീടുകളില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യാനും അടുക്കളത്തോട്ടത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരണം നടത്താനും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനും വളന്റിയര്‍മാര്‍ അശ്രാന്തപരിശ്രമം നടത്തുന്നുണ്ടെന്ന് കോളേജിലെ എന്‍.എസ്.എസ്സിന്റെ ചുമതല വഹിക്കുന്ന അധ്യാപകന്‍ സി.കെ.ഹംസ പറയുന്നു.

1996ലാരംഭിച്ച ജൈവവൈവിധ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേരള ജൈവവൈവിധ്യ ബോര്‍ഡ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സംസ്ഥാന വനം വകുപ്പ്, ഒയിസ്‌ക ഇന്റര്‍നാഷണല്‍ തുടങ്ങിയവ സാമ്പത്തികമടക്കമുള്ള സഹായം നല്‍കിയിട്ടുണ്ട്. മുന്‍ മാനേജരായിരുന്ന അഡ്വ. വി.പി.അഹമ്മദുകുഞ്ഞിയടക്കം കോളേജ് മാനേജ്‌മെന്റിന്റെ പൂര്‍ണസഹായം ഈ പ്രവര്‍ത്തനത്തിന് കരുത്താകുന്നതായി പ്രിന്‍സിപ്പല്‍ ഖലില്‍ ചൊവ്വയും അധ്യാപകന്‍ അബ്ദുള്‍ സലാമും പറയുന്നു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.